കേരളം മുതൽ ബംഗാൾ വരെ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങൾ ഇവയൊക്കെ
ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതായി കേന്ദ്ര സർക്കാർ ഇന്ന് പ്രഖ്യാപിച്ചതോടെ ഈ നിയമം പാസാക്കില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാനങ്ങളുടെ നിലപാടുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൗരത്വ ഭേദഗതി നിയമം അഥവാ സിഎഎയ്ക്ക് എതിരെ നിയമസഭകളിൽ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ.
കേരളം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഇത് സംബന്ധിച്ച പ്രമേയങ്ങൾ പാസാക്കിയവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. കേന്ദ്ര നടപടിക്കെതിരെ ആദ്യം രംഗത്ത് വന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം. അയൽ സംസ്ഥാനമായ തമിഴ്‌നാടും ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു.

അന്ന് ബിജെപി ഇതര സർക്കാരുകൾ നിലവിലുണ്ടായിരുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളും സിഎഎക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പ്രമേയം പാസാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിൽ പഞ്ചാബിൽ ഇപ്പോൾ ആം ആദ്‌മി പാർട്ടിയും, രാജസ്ഥാനിൽ ബിജെപിയും അധികാരത്തിൽ എത്തി. അതിനാൽ ഇവിടുത്തെ രാഷ്ട്രീയ നിലപാടുകളിലെ മാറ്റം എന്താവുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
എന്നാൽ ഈ പ്രമേയങ്ങൾക്ക് പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് എതിരെ രംഗത്ത് വന്നെങ്കിലും സുപ്രീം കോടതിയുടെ നിലപാട് നിർണായകമായി. പൗരത്വ ഭേദഗതി നിയമം അല്ലെങ്കിൽ കാർഷിക നിയമങ്ങൾ പോലുള്ള കേന്ദ്ര നിയമങ്ങൾക്കെതിരെ പ്രമേയങ്ങൾ പാസാക്കിയ കേരളം, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാന നിയമസഭകളുടെ നടപടിയിൽ തെറ്റില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
എന്താണ് സിഎഎ ?
പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാർ നിയമഭേദഗതി നടത്തിയത്. 2014 ഡിസംബര്‍ 31ന് മുന്‍പ് എത്തിയവര്‍ക്കാണ് പൗരത്വം നല്‍കുക. ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കും. മതപരമായ പീഡനങ്ങളാല്‍ അഭയാര്‍ഥികളാകുന്ന വ്യക്തികൾക്ക് ആയിരിക്കും ഇത്തരത്തിൽ പൗരത്വം നല്‍കുക.
2016ലാണ് കേന്ദ്രം ആദ്യ ബില്‍ കൊണ്ട് വന്നത്. അന്ന് അത് ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടന്നില്ല. തുടർന്ന് വിഷയം പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിടുകയായിരുന്നു. ഒടുവിൽ 2019 ഡിസംബര്‍ 10ന് ലോക്‌സഭാ ഈ ബിൽ പാസാക്കി. 2019 ഡിസംബര്‍ 11ന് രാജ്യസഭയും പാസാക്കി. 2019 ഡിസംബര്‍ 12ന് രാഷ്ട്രപതി ബില്ലിന് അംഗീകാരവും നല്‍കി.












Click it and Unblock the Notifications