ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ സംഭവിക്കാന്‍ പോകുന്നത്: മുന്നറിയിപ്പുമായി ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിൽ കോണ്‍ഗ്രസ് സർക്കാർ നടപ്പാക്കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയായി മാറിയത് ബി ജെ പിയെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്ന് സംസാഥന ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാർ. 2024 കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് നടപ്പിലാക്കുന്ന ജനസേവന പദ്ധതികള്‍ നിർത്തലാക്കാന്‍ നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ തിരഞ്ഞെടുപ്പ് ഉറപ്പുകൾ രാജ്യത്തിനാകെ മാതൃകയായി. കേന്ദ്രത്തിൽ ബി ജെ പി വീണ്ടും അധികാരത്തിൽ വന്നാൽ, ഞങ്ങളുടെ ഉറപ്പുകൾ നിരോധിക്കാൻ നിയമം കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെ ശിവകുമാർ പറഞ്ഞു.

സംസ്ഥാന ഖജനാവ് നഷ്ടത്തിലാകുമെന്ന അവകാശപ്പെട്ട് ബി ജെ പി പദ്ധതികളെ എതിർത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതികൾ ബി ജെ പിയടക്കം വാഗ്ദാനം ചെയ്യുകയാണെന്നും ശിവകുമാർ പറഞ്ഞു. "ഇപ്പോൾ, ബി ജെ പി പോലും മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ടർമാർക്ക് സമാനമായ ഉറപ്പുകൾ വാഗ്ദാനം ചെയ്യാൻ തിരക്കുകൂട്ടുകയാണെന്ന് എല്ലാവരേയും ഞാന്‍ ഓർമ്മപ്പെടുത്തുന്നു. നേരത്തെ പറഞ്ഞത് അല്ല, അവർ ഇന്ന് പ്രാവർത്തികമാക്കുന്നത്," അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ കണക്കെടുക്കുന്നതിനായി കോൺഗ്രസ് പാർട്ടി സ്ഥാപക ദിനമായ നവംബർ 28 മുതൽ ജനസമ്പർക്ക പരിപാടികൾ നടത്താൻ മുൻ എംപിമാരുടെയും മറ്റ് കോൺഗ്രസ് പ്രവർത്തകരുടെയും ഒരു കമ്മിറ്റി രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചതായും ശിവകുമാർ വ്യക്തമാക്കി.
ഞങ്ങളുടെ പാർട്ടി പ്രവർത്തകർ സംസ്ഥാനത്തുടനീളം വീടുവീടാന്തരം കയറിയിറങ്ങി ഗുണഭോക്താക്കളെ കണ്ട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കുമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. "ഉപദേശങ്ങളും നിർദ്ദേശങ്ങളും പരാതികളും എന്തെങ്കിലും ഉണ്ടെങ്കിൽ, ഗ്യാരണ്ടികൾ കൂടുതൽ ഫലപ്രദമായി ആളുകളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ സ്വാധിക്കും." അദ്ദേഹം പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് നോട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് കർണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 28 സീറ്റുകളിൽ 20ലും വിജയിക്കുയെന്നതാണ് പാർട്ടിയുടെ ലക്ഷ്യം. 2024 ലെ തിരഞ്ഞെടുപ്പിൽ, കുറഞ്ഞത് 12-15 പുതുമുഖങ്ങളെയെങ്കിലും കോൺഗ്രസ് രംഗത്തിറക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications