ഫലം വന്നാൽ 5 മിനിറ്റ് കൊണ്ട് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും..ഗോവയിൽ 2017 ആവർത്തിക്കില്ലെന്ന് കോൺഗ്രസ്
ദില്ലി; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം കോൺഗ്രസിന്റെ കൈകളിലേക്ക് എന്ന് ഉറപ്പിച്ചിരുന്നിടത്തായിരുന്നു അപ്രതീക്ഷിത നീക്കത്തിലൂടെ ബി ജെ പി അധികാരം പിടിച്ചത്. എന്നാൽ ഇക്കുറി തെറ്റ് ആവർത്തിക്കാതിരിക്കില്ലെന്ന് പറയുകയാണ് കോൺഗ്രസ് നേതൃത്വം. ഫലം വന്ന് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റ് നേടി കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബി ജെ പിക്ക് ലഭിച്ചത് 15 സീറ്റുകളായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളായ മഹാരാഷ്ട്ര ഗോമന്ത് പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി, സ്വതന്ത്രർ എന്നിവരുമായി കൈകോർത്ത് ബിജെപി ഭരണം പിടിച്ചു. എന്നാൽ ഇക്കുറി അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് പ്രതികരണം.

ഫലം വന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ എം എൽ എമാരുമായി ആലോചിച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോഡങ്കർ പറഞ്ഞു. ബി ജെ പിക്ക് കുറഞ്ഞത് 10 സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുകയെന്നാണ് തങ്ങളുടെ വിലയിരുത്തൽ. കോൺഗ്രസ് -ജി എഫ് പി സഖ്യം തന്നെ ഗോവയിൽ സർക്കാർ രൂപീകരിക്കും, ചോഡങ്കർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു ഇത്തവണയും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അതേസമയം ഇക്കുറി വോട്ടിംഗ് ശതമാനം ഉയർന്നതോടെ പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസ്. ഉയർന്ന വോട്ടിങ് ശതമാനം ഭരണവിരുദ്ധതയുടെ സന്ദേശമാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. കോൺഗ്രസ് കൂറ്റൻ ഭൂരിപക്ഷത്തിൽ തന്നെ അധികാരം പിടിക്കുമെന്നും നേതാക്കൾ അവകാശപ്പെടുന്നു. 78.94 ശതമാനമായിരുന്നു സംസ്ഥാനത്തെ ഇത്തവണത്തെ പോളിംഗ്. ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് സാൻക്വലിം മണ്ഡലത്തിലാണ് (89.61%), ഏറ്റവും കുറവ് ബെനൗലിമിൽ (70.2%).

എന്നാൽ ഭരണം നേടുമെന്ന കോൺഗ്രസ് അവകാശവാദത്തെ പരിഹസിച്ച് ബി ജെ പി നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് പകൽ സ്വപ്നം കാണുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. അധികാരത്തോടുള്ള അത്യാഗ്രഹം കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിലൂടെ പ്രകടമാണ്. കോൺഗ്രസ് ഇനിയെങ്കിലും ദിവാ സ്വപ്നം കാണുന്നത് അവസാനിപ്പിക്കണം. ഉയർന്ന പോളിംഗ് വ്യക്തമാക്കുന്നത് ബി ജെ പിക്ക് അനുകൂലമായി ജനം വോട്ട് ചെയ്തുവെന്നാണ്. ഞങ്ങളുടെ ജയവും കോൺഗ്രസിന്റെ പരാജയവും മാർച്ച് 10ന് വ്യക്തമാകും, ബി ജെ പി സംസ്ഥാന അധ്യക്ഷൻ സദാനന്ദ് ഷെറ്റ് തനാവാദേ പറഞ്ഞു.

കോൺഗ്രസിന് വിജയം സ്വപ്‌നം കാണാൻ അവകാശമുണ്ട്, എന്നാൽ ബിജെപിയുടെ സീറ്റുകൾ വെറും ഒറ്റയക്കത്തിൽ ഒതുങ്ങുമെന്ന വിഡ്ഢിത്തം അവർ പറയരുത്. തുടർച്ചയായ മൂന്നാം തവണയും ഗോവയിൽ ബി ജെ പി അധികാരം പിടിക്കും. ഞങ്ങൾക്ക് ജനങ്ങളിൽ പൂർണവിശ്വാസം ഉണ്ട്. ബിജെപിക്ക് മാത്രം നടപ്പിലാക്കാൻ കഴിയുന്ന വികസനത്തിനാണ് ഞങ്ങളുടെ വോട്ടർമാർ വോട്ട് ചെയ്തതെന്ന് ഞങ്ങൾക്കറിയാം. കഴിഞ്ഞ 10 വർഷമായി ഞങ്ങൾ ഇത് യാഥാർത്ഥ്യമാക്കി," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണ തനിച്ചായിരുന്നു ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നേരത്തേ ബി ജെ പിയുടെ സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത്. അഭിപ്രായ സർവ്വേകളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്.












Click it and Unblock the Notifications