Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്ണ് ഭരിച്ചാൽ ആർക്കാണ് പ്രശ്നം? ഭരണരംഗത്തെ വനിതകൾ..കണക്കുകൾ പറയുന്നത്

എല്ലാവർക്കും തുല്യ നീതിയും പ്രാതിനിധ്യവും ഉറപ്പാക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയായിരുന്നു നമ്മുടെ ഭരണഘടനാ ശില്പികൾ കണ്ട സ്വപ്നം. സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലകളിൽ പോരാടിയ സരോജിനി നായിഡു, അരുണ ആസഫ് അലി, കമലാദേവി ചട്ടോപാധ്യായ തുടങ്ങിയ വനിത നേതാക്കൾ ഈ സ്വപ്നത്തിന്റെ തുടിപ്പായി. ഭരണരംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം ഈ വനികൾ ഉജ്ജ്വലമാർന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ രാജ്യം സ്വാതന്ത്ര്യം നേടി 79 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിൽ എവിടെയാണ് വനിതകളുടെ സ്ഥാനം? ഭരണരംഗത്തേക്ക് ഉയരുന്നതിൽ നിന്നും എന്തുകൊണ്ടാണ് നമ്മുടെ വനിതാ നേതാക്കൾ പിന്നാക്കം പോയത്?

ഇന്ത്യൻ രാഷ്ട്രീയത്തിലെ വനിതാ പ്രാതിനിധ്യം

1952-ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 499 അംഗങ്ങളിൽ വെറും 22 പേർ മാത്രമായിരുന്നു വനിതകൾ അതായത് വെറും 4.4 ശതമാനം മാത്രം. സംസ്ഥാന നിയമസഭകളിൽ വനിതകൾ അതിലും കുറവായിരുന്നു. 1960-1970 കാലഘട്ടത്തിൽ കൂടുതൽ വനിതകൾ മുൻനിരയിലെത്തി. 1966 ലാണ് രാജ്യത്തിന് ആദ്യമായി വനിത പ്രധാനമന്ത്രിയെ ലഭിക്കുന്നത്, ഇന്ദിരാഗാന്ധി. സമാനതകളില്ലാത്ത നിശ്ചയദാർഢ്യത്തോടെയുള്ള ഇന്ദിരാഗാന്ധിയുടെ ഇടപെടലുകൾ അനേകം സ്ത്രീകൾക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പ്രചോദനമായി. സംസ്ഥാനങ്ങളിലും സ്ത്രീകൾ പ്രമുഖ സ്ഥാനങ്ങളിലെത്തി.

w-1755

വനിതാ മുഖ്യമന്ത്രിമാർ

മുഖ്യമന്ത്രിയായിരുന്ന ജയലളിത തമിഴ്‌നാടിനെ നവീകരിച്ചത് ധീരമായ ക്ഷേമപദ്ധതികളിലൂടെയും രാഷ്ട്രീയ തന്ത്രങ്ങളിലൂടെയുമാണ്. മമത ബാനർജി താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങളിലൂടെയാണ് പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായത്. ദളിത്, വനിതാ ശാക്തീകരണത്തിന്റെ പ്രതീകമായി മാറിയ മായാവതി ഉത്തർപ്രദേശ് ഭരിച്ചു. ഷീലാ ദീക്ഷിത് 15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ നഗരത്തെ നവീകരിച്ചു. വസുന്ധരാ രാജെ രാജസ്ഥാന്റെ ഭരണം നയിച്ചത് പാരമ്പര്യത്തെയും പുരോഗതിയെയും സമന്വയിപ്പിച്ചുകൊണ്ടായിരുന്നു. ഈ വനിതാ നേതാക്കൾ ഇന്ത്യയിലെ രാഷ്ട്രീയ അധികാരത്തെ മാറ്റിമറിച്ചുകൊണ്ട് നേതൃത്വത്തിന് ലിംഗഭേദമില്ലെന്ന് തെളിയിച്ചു.

സംഖ്യകൾ - പുരോഗതിയുണ്ടായിട്ടും പോരാ

ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം ക്രമാനുഗതമായി വർദ്ധിച്ചുവെങ്കിലും, അതിന്റെ വേഗത കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1952-ൽ 4.4% (22 വനിതകൾ), 1984-ൽ 8% (43 വനിതകൾ), 2014-ൽ 11.2% (62 വനിതകൾ), 2019-ൽ 14.4% (78 വനിതകൾ), 2024-13 % (74) എന്നിങ്ങനെയാണ് ഈ കണക്കുകൾ. സംസ്ഥാന നിയമസഭകളിൽ ശരാശരി 9-10% വനിതകളാണുള്ളത്. രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ ചില സംസ്ഥാനങ്ങൾ പുരോഗതി കാണിക്കുമ്പോൾ, മറ്റുചില സംസ്ഥാനങ്ങൾ പിന്നിലാണ്. ആഗോളതലത്തിൽ, പാർലമെന്ററി പ്രാതിനിധ്യത്തിൽ ഇന്ത്യ 143-ാം സ്ഥാനത്താണ്, ഇത് വേഗത്തിലുള്ള മാറ്റത്തിന്റെ ആവശ്യകതയെ കൂടുതൽ എടുത്തു കാണിക്കുന്നതാണ്.

2025-ൽ ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാർ

മമതാ ബാനർജിയും (പശ്ചിമ ബംഗാൾ മുഖ്യമന്ത്രി) രേഖ ഗുപ്തതയുമാണ് (ഡൽഹി മുഖ്യമന്ത്രി) രാജ്യത്ത് നിലവിലുള്ള രണ്ട് വനിതാ മുഖ്യമന്ത്രിമാർ. 2025-ലെ കണക്കനുസരിച്ച് സംസ്ഥാന നിയമസഭകളിലെ വനിതാ എം.എൽ.എമാരുടെ കൃത്യമായ ദേശീയ കണക്കുകൾ ലഭ്യമല്ല. എങ്കിലും, സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ (MoSPI) റിപ്പോർട്ട് പ്രകാരം, 2023-ൽ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പോലും വനിതാ എം.എൽ.എമാരുടെ എണ്ണം 25 ശതമാനത്തിൽ താഴെയായിരുന്നു. ഛത്തീസ്ഗഢിൽ ഇത് 21 ശതമാനമായിരുന്നു, അതാണ് ഏറ്റവും ഉയർന്ന പ്രാതിനിധ്യം.

ഡൽഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉദാഹരണം

2025-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 96 വനിതകൾ മത്സരിച്ചതിൽ നിന്ന് 5 പേർ മാത്രമാണ് വിജയിച്ചത്. ഇത് 70 അംഗ നിയമസഭയുടെ 7% മാത്രമാണ് ഇത്. കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും കുറഞ്ഞ പ്രാതിനിധ്യം കൂടിയായിരുന്നു ഇത്.

കേന്ദ്ര മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം

കേന്ദ്ര മന്ത്രിസഭയിൽ ആകെ 72 മന്ത്രിമാരുണ്ട്. ഇതിൽ 31 കാബിനറ്റ് മന്ത്രിമാരും, 5 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും, 36 സഹമന്ത്രിമാരും ഉൾപ്പെടുന്നു. ഈ മന്ത്രിസഭയിൽ 7 വനിതാ മന്ത്രിമാർ മാത്രമാണുള്ളത്, ഇത് ഏകദേശം 9.7% ആണ്. 2011-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വനിതാ പ്രാതിനിധ്യമാണിത്.

ഈ 7 പേരിൽ, നിർമ്മല സീതാരാമൻ (ധനകാര്യം), അന്നപൂർണ ദേവി (വനിതാ ശിശു വികസനം) എന്നിവർ മാത്രമാണ് കാബിനറ്റ് മന്ത്രിമാർ. ഇന്ത്യയിലെ രാഷ്ട്രീയ രംഗത്ത് വനിതകളുടെ പ്രാതിനിധ്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

വനിതാ സംവരണ ബിൽ-ചരിത്രപരമായ നാഴികക്കല്ല്

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ല് 2023 ലാണ് പാസാക്കിയത്. നടപ്പാക്കൽ സെൻസസ് വിവരങ്ങളെ ആശ്രയിച്ചിരിക്കുകയാണെങ്കിലും രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവെയ്പ്പായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തിയത്.

രാഷ്ട്രീയ പാർട്ടികളിലെ ലിംഗപരമായ പക്ഷപാതം തന്നെയാണ് സ്ത്രീകളുടെ സ്ഥാനാർത്ഥിത്വത്തെ പരിമിതപ്പെടുത്തുന്നത്. സ്ത്രീകളുടെ നേതൃത്വപരമായ കഴിവുകളെ സമൂഹത്തിന്റെ പരമ്പരാഗത ചിന്തകൾ ചോദ്യം ചെയ്യുന്നു. ഈ വെല്ലുവിളികളെ അതിജീവിക്കാൻ ശക്തമായ നയങ്ങളും സുരക്ഷാ നടപടികളും ലിംഗസമത്വത്തോടുള്ള സാംസ്കാരിക മാറ്റവും ആവശ്യമാണ്.

ഇന്ത്യയുടെ ജനാധിപത്യം യഥാർത്ഥ പൂർണതയിലെത്തണമെങ്കിൽ, സ്ത്രീകളുടെ പ്രാതിനിധ്യം ഉയർത്തേണ്ടത് അനിവാര്യമാണ്. നയങ്ങൾ രൂപപ്പെടുത്താനും, സമൂഹത്തെ മാറ്റത്തിനും, ഓരോ പൗരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും. ഈ സ്വാതന്ത്ര്യദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു. സമത്വം അടിത്തറയാക്കി, എല്ലാവർക്കും തുല്യ അവസരങ്ങൾ നൽകി മുന്നേറുന്ന ഇന്ത്യ മാത്രമേ നമ്മെ കൂടുതൽ ശക്തവും സമൃദ്ധവുമായ ഭാവിയിലേക്ക് നയിക്കൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+