13 പേരുടെ ജീവനെടുത്ത അപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാള്‍, ആരാണ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്
ദില്ലി: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ വെല്ലിംഗ്ടണ്ണിലേക്ക് പോവുകയായിരുന്നു സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാധുലിക റാവത്തും അടങ്ങിയ 14 അംഗ സംഘം. ലാന്‍ഡിംഗിന് പത്ത് കിലോമീറ്റര്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.
അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടതായാണ് ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. പിന്നാലെ മരണ സംഖ്യ ഉയര്‍ന്നു. ഏറ്റവും ഒടുവില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പതിമൂന്ന് പേരും മരണപ്പെട്ടു. രാജ്യത്തെ നടുക്കത്തിലാഴ്ത്തിയ ഈ അപകടത്തില്‍ നിന്ന് പക്ഷേ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയുണ്ടായി.

വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് ഈ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിംഗ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിംഗ് സ്റ്റാഫ് ആണ് വരുണ്‍ സിംഗ്.
ഊട്ടിയില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടതിന്റെ ചിത്രങ്ങള്‍

വരുണ്‍ സിംഗിന്റെ ചികിത്സയ്ക്ക് വേണ്ടി കോയമ്പത്തൂരില്‍ നിന്നും വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം വെല്ലിംഗ്ടണ്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്. വരുണ്‍ സിംഗിന്റെ ജീവന് വേണ്ടി രാജ്യം ഒന്നാകെ പ്രാര്‍ത്ഥനയിലാണ്. രാജ്യം ശൗര്യ ചക്ര നല്‍കി ആദരിച്ച ധീര സൈനികനാണ് വരുണ്‍ സിംഗ്. 2020ലാണ് വരുണ്‍ സിംഗിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്.

ഒരു അടിയന്തര സാഹചര്യത്തില്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ആയിരുന്നു അദ്ദേഹത്തിന് ശൗര്യ ചക്ര ബഹുമതി ലഭിച്ചത്. വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിട്ടും അദ്ദേഹം സ്വന്തം ജീവന് പോലും വില കല്‍പ്പിക്കാതെ വിമാനം സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. ഈ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ വരുണ്‍ സിംഗ് ശൗര്യ ചക്ര ഏറ്റുവാങ്ങി.

കോയമ്പത്തൂരിലെ ആശുപത്രിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വരുണ്‍ സിംഗിന്റെ ചികിത്സയ്ക്ക് വേണ്ടിയുളള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സൈനിക ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മാറ്റേണ്ട സാഹചര്യം വരാനുളള സാധ്യത മുന്നില്‍ കണ്ടാണ് ഇത്. ദില്ലിയില്‍ നിന്നും ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 9 പേരാണ് തമിഴ്‌നാട്ടിലേക്ക് എത്തിയത്.
Recommended Video

ഇവര്‍ക്കൊപ്പം 5 പേരുടെ സംഘം സൂലൂരില്‍ നിന്ന് യാത്രയില്‍ ചേര്‍ന്നു. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജിലേക്കായിരുന്നു യാത്ര. ഉച്ചയ്ക്ക് 12.20തോട് കൂടി, യാത്ര അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കേ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. പ്രദേശവാസികള്‍ ആണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. യന്ത്രത്തകരാറാണോ മോശം കാലാവസ്ഥ ആണോ അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications