യോഗിയോ, അഖിലേഷോ അതോ മായവതിയോ യുപിയിലെ അടുത്ത മുഖ്യമന്ത്രി? സർവ്വേ ഫലം ഇങ്ങനെ
ദില്ലി; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും അഞ്ച് മാസങ്ങളാണ് അവശേഷിക്കുന്നത്. 2017 ൽ സംസ്ഥാനത്ത് ആഞ്ഞടിച്ച ബി ജെ പി തരംഗം ഇക്കുറിയും ആവർത്തിക്കുമെന്നാണ് പാർട്ടിയുടെ അവകാശവാദം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 403 അംഗ നിയമസഭ സീറ്റുകളിൽ 312 സീറ്റുകളിലായിരുന്നു ബി ജെ പി ജയിച്ചത്. മികച്ച ഭൂരിപക്ഷത്തിൽ ഭരണതുടർച്ചയെന്ന് അവകാശപ്പെടുമ്പോഴും കൊവിഡ് പ്രതിസന്ധിയും കർഷക സമരങ്ങളും ബി ജെ പി ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഭരണവിരുദ്ധ വികാരം മുതലെടുത്ത് അധികാരം കൈക്കലാക്കാനാണ് എസ്പിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം.
അതിനിടെ സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകും എന്നത് സംബന്ധിച്ച സർവ്വേ ഫലം പുറത്തുവന്നിട്ടുണ്ട്. എ ബി പി - സി വോട്ടർ സർവ്വേയാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സർക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലും കർഷക സമരങ്ങൾക്കെതിരായ ലഖിംപൂർ ഉൾപ്പെടെയുള്ള വിഷയങ്ങളും യോഗി ആദിത്യനാഥിന് വെല്ലുവിളിയാണ്. അതേസമയം യോഗി ആദിത്യനാഥിന്റെ ജനപ്രീതിയ്ക്ക് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. അടുത്ത മുഖ്യമന്ത്രിയായി യോഗി തന്നെ വരണമെന്ന് 42.8 ശതമാനം പേരാണ് സർവ്വേയിൽ അറിപ്രായപ്പെട്ടത്.

പ്രിയങ്ക ഗാന്ധി നാലാമത്
അതേസമയം സമാജ്വാദി പാർട്ടി നേതാവ് യോഗി ആദിത്യനാഥിനെ 32.2 ശതമാനം പേരും മായാവതിയെ 15. 4 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ സംസ്ഥാനത്ത് തിരിച്ച് വരവിന് ശക്തമായ ശ്രമങ്ങൾ നടത്തുന്ന പ്രിയങ്കയുടേയും കോണ‍്ഗ്രസിന്റേയും നീക്കങ്ങൾ ഇത്തവണയും ഫലം കാണില്ലെന്ന സൂചനയാണ് സർവ്വേ ഫലം നൽകുന്നത്. അടുത്ത മുഖ്യമന്ത്രിയായി പ്രിയങ്ക ഗാന്ധിയെ 3.6 ശതമാനം പേർ മാത്രമാണ് സർവ്വേയിൽ പിന്തുണച്ചത്. ആർ എൽ ഡി നേതാവ് ജയന്ത് ചൗധരിക്ക് 1.6 പേരുടെ പിന്തുണയാണ് ലഭിച്ചത്.

യോഗിയുടെ പ്രകടനം മികച്ചതാണെന്ന് 41.5 ശതമാനം പേർ സർവ്വേയിൽ അഭിപ്രായപ്പെട്ടപ്പോൾ 37. 4 ശതമാനം പേർ വളരെ മോശമാണെന്ന അഭിപ്രായവും പങ്കുവെച്ചു. 21.1 പേർ ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. അതേസമയം ബി ജെ പിയെ ആശങ്ക പെടുത്തി ഭരണമാറ്റം വേണമെന്ന അഭിപ്രായം പങ്കിട്ടത് 48.3 ശതമാനം പേരാണ്. എന്നാൽ സർക്കാരിനെതിരെ എതിർപ്പുകൾ ഉണ്ടെങ്കിലും ഭരണ തുടർച്ച വേണമെന്ന് സർവ്വേയിൽ പങ്കെടുത്ത 27.5 ശതമാനം പേരും അഭിപ്രായപ്പെട്ടു.
Recommended Video

അതേസമയം സംസ്ഥാന ഭരണം ഇത്തവണയും ബി ജെ പിക്ക് തന്നെ ലഭിക്കുമെന്നാണ് സർവ്വേയിൽ 45.3 ശതമാനം പേർ വ്യക്തമാക്കിയത്. സമാജ്വാദി പാർട്ടി വിജയിക്കുമെന്ന് 29. 8 ശതമാനം പേരും ബി എസ് പി നേടുമെന്ന് 8.1 ശതമാനം പേരും കോൺഗ്രസ് ഭരണം പിടിക്കുമെന്ന് 8 ശതമാനം പേരും അഭിപ്രായപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം എന്താകുമെന്ന ചോദ്യത്തിന് കർഷക സമരം തന്നെയാകും എന്നാണ് 26.9 ശതമാനം പേരും അഭിപ്രായപ്പെട്ടത്. വർഗീയ വേർതിരിവ് എന്ന് 16.1 ശതമാനം പേരും കൊവിഡ് എന്ന് 15. 2 ശതമാനം പേരും അഭിപ്രായം പങ്കുവെച്ചു.












Click it and Unblock the Notifications