എന്തിനാണ് ഐസിസിനൊപ്പം അവര്‍ നില്‍ക്കുന്നത്; കേരള സ്റ്റോറി നിരോധിച്ചതിനെതിരെ അനുരാഗ് താക്കൂര്‍
ദില്ലി: കേരള സ്‌റ്റോറി ബംഗാളില്‍ നിരോധിച്ചതില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. മമത ബാനര്‍ജി ചെയ്തത് തെറ്റായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. മമത ഒരിക്കലും ചിത്രത്തെ നിരോധിക്കാന്‍ പാടില്ലായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരോട് ചോദിക്കാനുള്ളത് എന്തിനാണ് അവര്‍ ഐസിസ് പോലുള്ള സംഘടനകള്‍ക്കൊപ്പം നില്‍ക്കുന്നതെന്നാണ്.
അവര്‍ ഈ ചിത്രം നിരോധിക്കുകയാണെങ്കില്‍, തീര്‍ച്ചയായും അവര്‍ ഐസിസ് പോലുള്ള സംഘടനകള്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം ചിത്രം റിലീസായത് മുതല്‍ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നുവെന്നാണ് ആരോപണം.

ബംഗാള്‍ നേരത്തെ ചിത്രത്തിലെ അപകടം ചൂണ്ടിക്കാണിച്ചാണ് നിരോധിച്ചത്. അതുപോലെ ബംഗാളിനെ കുറിച്ചുള്ള ഒരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നതായി മമത ആരോപിച്ചു. കേരള സ്റ്റോറി എന്ന ചിത്രം അതിന്റെ ടീസര്‍ പുറത്തുവന്നത് മുതല്‍ വ്യാപക വിമര്‍ശനം നേരിട്ടിരുന്നു.
ചിത്രത്തില്‍ 32000 സ്ത്രീകളെ കേരളത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മതം മാറ്റി, ഇവരെ ഐസിസിലേക്ക് കൊണ്ടുപോയെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. ഇതിന് തെളിവുണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം മൂന്ന് പേര്‍ മാത്രമാണ് ഉള്ളതെന്നായിരുന്നു റിപ്പോര്‍ട്ട്. ചിത്രത്തിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനില്‍ അടക്കം അണിയറപ്രവര്‍ത്തകര്‍ മാറ്റം വരുത്തിയിരുന്നു.
ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ കശ്മീര്‍ ഫയല്‍സ് പോലെയുള്ള ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ബിജെപിയാണ് അതിന് ഫണ്ട് ചെയ്യുന്നതെന്നും മമത ബാനര്‍ജി ആരോപിച്ചിരുന്നു. കേരള സ്റ്റോറി നിരോധിച്ചാണ് ഇക്കാര്യങ്ങള്‍ മമത വ്യക്തമാക്കിയത്. സംസ്ഥാനത്തെ തിയേറ്ററുകളില്‍ നിന്നെല്ലാം ചിത്രം നീക്കം ചെയ്യാന്‍ മമത ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.
ബംഗാളില്‍ സമാധാനം പുലര്‍ത്താന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മമത വ്യക്തമാക്കി. വിദ്വേഷ കുറ്റകൃത്യങ്ങളോ, അക്രമങ്ങളോ ബംഗാളില്‍ സംഭവിക്കാന്‍ താല്‍പര്യമില്ലെന്നും മമത പറഞ്ഞിരുന്നു. നേരത്തെ തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിയിരുന്നു.
ചിത്രം കാണാന്‍ തമിഴ്‌നാട്ടില്‍ ആര്‍ക്കും താല്‍പര്യമില്ലായിരുന്നു. അത് മാത്രമല്ല, ക്രമസമാധാന പ്രശ്‌നവും മള്‍ട്ടിപ്ലെക്‌സുകള്‍ ഉന്നയിച്ചിരുന്നു. കേരളത്തില്‍ വലിയ പ്രതിഷേധം നേരത്തെചിത്രത്തിനെതിരെ നടന്നിരുന്നു. സിപിഎമ്മും, കോണ്‍ഗ്രസുമെല്ലാം രംഗത്തെത്തിയിരുന്നു. 32000 എന്ന വ്യാജ കണക്കുകളാണെന്നും വിമര്‍ശനമുണ്ടായിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രത്തെ കര്‍ണാടകയിലെ പ്രചാരണത്തിനിടെ പുകഴ്ത്തിയിരുന്നു. തീവ്രവാദ ഗൂഢാലോചനകളെ തുറന്നുകാണിക്കുന്ന ചിത്രമെന്നാണ് മോദി കേരള സ്‌റ്റോറിയെ വിശേഷിപ്പിച്ചത്. മധ്യപ്രദേശ് ഇതിനോടകം ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. യുപിയിലും ഇത് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കി.












Click it and Unblock the Notifications