8 പാര്‍ട്ടികള്‍ ചേര്‍ന്ന് നേടിയത് 9 സീറ്റ്; എന്‍ഡിഎയിലെ 38 പാര്‍ട്ടികളുടെ സീറ്റ് നില ഇങ്ങനെ
ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ബദലായി ബിജെപി വിളിച്ച് ചേര്‍ത്ത 37 പാര്‍ട്ടികളുടെ എന്‍ഡിഎ യോഗം ദുര്‍ബലം. ഇതില്‍ എന്‍സിപി, ശിവസേന, എല്‍ജെപി എന്നീ പാര്‍ട്ടികളിലെ വിമത വിഭാഗങ്ങളുമുണ്ട്. ബിജെപി ഒഴിച്ചുള്ള മറ്റ് പാര്‍ട്ടികളുടെ ട്രാക്ക് റെക്കോര്‍ഡ് അത്ര മികച്ചതല്ല. പത്ത് പാര്‍ട്ടികള്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ബാക്കിയുള്ള 23 പാര്‍ട്ടികളിലാണ് മത്സരിച്ചിട്ടുള്ളത്.
അതില്‍ എട്ട് പാര്‍ട്ടികള്‍ക്ക് മാത്രമാണ് ലോക്‌സഭയില്‍ ഒരു സീറ്റ് എങ്കിലും നേടാനായത്. മൊത്തം ഒന്‍പത് സീറ്റുകളാണ് ഈ പാര്‍ട്ടികള്‍ നേടിയത്. 2 കോടി വോട്ടുകളും നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഡാറ്റയിലാണ് ഇക്കാര്യങ്ങളുള്ളത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്. അതേസമയം ബിജെപി നേതൃത്വം ഈ ചെറുപാര്‍ട്ടികളെ സഖ്യത്തിലേക്ക് കൊണ്ടുവന്നത് വളരെ പ്രധാനപ്പെട്ട കാര്യമായിട്ടാണ് കാണുന്നത്. പ്രതിപക്ഷ നിരയില്‍ 26 പാര്‍ട്ടികളാണ് ഉള്ളത്.

ചെറു പാര്‍ട്ടികള്‍ പല മേഖലകളിലായി പരന്ന് കിടക്കുന്നതാണ്. ഇവരിലൂടെ പുതിയ വോട്ടുബാങ്കിനെ ബിജെപിയിലേക്ക് കൊണ്ടുവരാനും സാധിക്കും. എന്നാല്‍ ഇവരുടെ തെരഞ്ഞെടുപ്പ് ട്രാക്ക് റെക്കോര്‍ഡ് ജനങ്ങളില്‍ ഇവരെ വലിയ താല്‍പര്യമില്ലെന്നാണ് കാണിക്കുന്നത്. 300 സീറ്റില്‍ അധികം ബിജെപിയാണ് നേടിയത്. എന്‍സിപി, എല്‍ജെപി, ശിവസേന വിമത വിഭാഗങ്ങള്‍ക്കും സീറ്റുകളുണ്ട്. മറ്റുള്ളവര്‍ക്കൊന്നും സീറ്റില്ലാത്തത് കൊണ്ട് യാതൊരു സ്വാധീനവും തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
ശിവസേന 2019ല്‍ ബിജെപിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. 18 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചത്. 23.5 ശതമാനം വോട്ടും ലഭിച്ചിരുന്നു. എല്ലാം മഹാരാഷ്ട്രയില്‍ നിന്നാണ്. എല്‍ജെപിയും നേരത്തെ എന്‍ഡിഎയില്‍ നിന്നാണ് മത്സരിച്ചത്. ബീഹാറില്‍ നിന്ന് അവര്‍ നേടിയത് ആറ് സീറ്റുകളാണ്. എട്ട് ശതമാനം വോട്ടുകളും സ്വന്തമാക്കി. എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നാണ് മഹാരാഷ്ട്രയില്‍ മത്സരിച്ചത്.അഞ്ച് സീറ്റ് നേടി. മൊത്തം 1.39 ശതമാനം വോട്ടാണ് നേടിയത്.
ബാക്കിയുള്ളത് 33 പാര്‍ട്ടികളാണ്. ഇതില്‍ പത്ത് പേര്‍ 2019ല്‍ മത്സരിച്ചിട്ടേയില്ല. അകാലിദള്‍ സംയുക്ത്, എംജിപി, ജന്‍ സുരാജ്യ ശക്തി പാര്‍ട്ടി, കുക്കി പീപ്പിള്‍സ് അലയന്‍സ്, ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, നിഷാദ് പാര്‍ട്ടി, ഹരിയാന ലോഖിത് പാര്‍ട്ടി, കേരള കാമരാജ് കോണ്‍ഗ്രസ്, പുതിയ തമിഴ്ഗം, ഗൂര്‍ഖ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, എന്നിവയാണ് ആ പത്ത് പാര്‍ട്ടികള്‍.
23 പാര്‍ട്ടികളില്‍ 12 എണ്ണം സംസ്ഥാന തല പാര്‍ട്ടികളാണ്. ബാക്കി പതിനൊന്ന് എണ്ണം അംഗീകാരമില്ലാത്ത പാര്‍ട്ടികളാണ്. ഇവരെല്ലാം മത്സരിച്ചിരുന്നു. ഇതില്‍ എട്ട് പേര്‍ ഓരോ സീറ്റെങ്കിലും നേടി. അപ്‌നാദല്‍, എജെഎസ്‌യു, അണ്ണാഡിഎംകെ, മിസോ നാഷണല്‍ ഫ്രണ്ട്, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, എന്‍ഡിപിപി, സിക്കിം ക്രാന്തികാരി മോര്‍ച്ച എന്നിവയാണ് സീറ്റ് നേടിയ എട്ട് പാര്‍ട്ടികള്‍. അപ്‌നാള്‍ എന്‍ഡിഎയുടെ ഭാഗമായിട്ടാണ് മത്സരിച്ചത്. യുപിയില്‍ നിന്ന് അവര്‍ രണ്ട് സീറ്റ് നേടി. എന്‍ഡിഎയുടെ ഭാഗമായ 15 പാര്‍ട്ടികള്‍ ഒരു സീറ്റ് പോലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയിട്ടില്ല. 2019ല്‍ 92 ലക്ഷം വോട്ടുകളാണ് ഇവര്‍ പോള്‍ ചെയ്തത്.












Click it and Unblock the Notifications