മൂന്നും പിടിച്ചിട്ടും രാജ്യസഭയില്‍ നേട്ടം കൊയ്യാനാകാതെ ബിജെപി; കോണ്‍ഗ്രസിന് സീറ്റ് വര്‍ധിക്കും!!
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊയ്ത നേട്ടം പാര്‍ലമെന്റില്‍ ബിജെപിക്ക് ഗുണം ചെയ്യണമെങ്കില്‍ കാത്തിരിക്കണം. രാജ്യസഭയില്‍ ഭൂരിപക്ഷം നേടുക എന്ന കടമ്പ കടക്കാന്‍ ഇപ്പോഴത്തെ വിജയം ബിജെപിയെ സഹായിക്കില്ല. പതിവ് സീറ്റ് നിലനിര്‍ത്താന്‍ മാത്രമേ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധിക്കൂ. അതേസമയം, കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ അവസരം ഒരുങ്ങിയിട്ടുണ്ട്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ ഭരണമാണ് ബിജെപി പിടിച്ചത്. ഇതില്‍ രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു. അടുത്ത വര്‍ഷം ഏപ്രിലിലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ്. ബിജെപിക്ക് ഏഴും കോണ്‍ഗ്രസിന് രണ്ടും സീറ്റുകള്‍ നിലനിര്‍ത്താം എന്ന നിലയിലാണ് ഇവിടെയുള്ള കക്ഷിനില.

മധ്യപ്രദേശില്‍ ഒരു സീറ്റും രാജസ്ഥാനിലെ ഒരു സീറ്റുമാണ് കോണ്‍ഗ്രസിന് നിലനിര്‍ത്താന്‍ സാധിക്കുക. അതേസമയം, കോണ്‍ഗ്രസ് നേട്ടം കൊയ്യുക തെലങ്കാനയില്‍ നിന്നാണ്. ബിആര്‍എസില്‍ നിന്ന് സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. രണ്ട് രാജ്യസഭാ സീറ്റുകളാണ് തെലങ്കാനയില്‍ നിന്ന് കോണ്‍ഗ്രസിന് ലഭിക്കുക.
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവരുടെ കാലാവധി അടുത്ത ഏപ്രിലില്‍ അവസാനിക്കുകയാണ്. മധ്യപ്രദേശില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ കാലാവധിയും അടുത്ത ഏപ്രിലില്‍ തീരും. സഭയിലെ കക്ഷിനില കണക്കാക്കിയാല്‍ കോണ്‍ഗ്രസിന് രണ്ടും ബിജെപിക്ക് ഏഴും സീറ്റുകള്‍ ലഭിക്കും.
തെലങ്കാനയില്‍ മികച്ച വിജയം നേടാന്‍ സാധിച്ചതാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ നേട്ടമാകുക. 2018ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചിരുന്നത്. ഇതില്‍ 12 പേര്‍ പിന്നീട് ബിആര്‍എസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത്തവണ 65 സീറ്റില്‍ ജയിച്ചതോടെ ഏപ്രിലില്‍ രണ്ട് അംഗങ്ങളെ രാജ്യസഭയിലേക്ക് അയക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.
അതേസമയം, 2026, 2028 എന്നീ വര്‍ഷങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ബിജെപിക്ക് മേല്‍ക്കൈ ലഭിക്കും. ഈ വേളയില്‍ കൂടുതല്‍ അംഗങ്ങളെ ബിജെപിക്ക് രാജ്യസഭയിലേക്ക് അയക്കാം. സമാനമായ നേട്ടം തെലങ്കാനയില്‍ കോണ്‍ഗ്രസിനും ലഭിക്കും. രാജ്യസഭയിലെ ബിആര്‍എസ് അംഗങ്ങളുടെ എണ്ണം കുറയുമെന്ന് മാത്രം.
നരേന്ദ്ര മോദി സര്‍ക്കാരിന് ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ട്. രാജ്യസഭയില്‍ കൂടി ഭൂരിപക്ഷം ലഭിച്ചാല്‍ ബിജെപിക്ക് വലിയ നേട്ടമാകും. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ഒഡീഷയിലെ ബിജെഡി എന്നിവരുടെ പിന്തുണയിലാണ് നിലവില്‍ സുപ്രധാന ബില്ലുകള്‍ രാജ്യസഭ കടക്കുന്നത്. ഇവരെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ ബിജെപി അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് ചുരുക്കം.












Click it and Unblock the Notifications