എന്തുകൊണ്ടാണ് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു? വരും ദിവസങ്ങളിൽ വില ഇനിയും ഉയർന്നേക്കാമെന്ന് വിദഗ്ദർ
ഡൽഹി; നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ആദ്യമായി കഴിഞ്ഞ ദിവസം പെട്രോൾ ഡീസൽ വില ഉയർത്തി. അസംസ്‌കൃത എണ്ണയുടെ വില കുത്തനെ വർധിച്ചതാണ് ഇതിന് കാരണം.എന്നാണ് വിദ ഗ്ദരുടെ അഭിപ്രായം. എണ്ണ വിപണന കമ്പനികൾ വ്യവസായിക ആവശ്യങ്ങൾക്കുള്ള ഡീസലിന്റെ വില ഞായറാഴ്ച ലിറ്ററിന് 25 രൂപ വർധിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇനിയും വില വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 96.21 രൂപയും ഡീസൽ ലിറ്ററിന് 87.47 രൂപയുമാണ്.
137 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് ഇന്ധന വില വർധനവ് ഉണ്ടായത്. അസംസ്‌കൃത എണ്ണയുടെ വില കുത്തനെ വർധിച്ചതാണ് ഇതിന് കാരണം. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില 45 ശതമാനം വർധിച്ച് ബാരലിന് 118.5 ഡോളറിലെത്തി. എണ്ണ വിപണന കമ്പനികൾ അവസാനമായി ഇന്ധനവില പുതുക്കിയപ്പോൾ 81.6 ഡോളർ ആയിരുന്നു ബാരലിന്റെ വില. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

ദിനംപ്രതി ഇന്ധന വില മാറ്റം വരുന്ന സ്ഥിതി ആയിരുന്നു രാജ്യത്ത് നിലനിന്നിരുന്നത്. എന്നാൽ നവംബർ 4 മുതൽ പെട്രോളിന്റെ എക്‌സൈസ് തീരുവയിൽ ലിറ്ററിന് 5 രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയും കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ മുതൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ രണ്ട് ഇന്ധനങ്ങളുടെയും വില സ്ഥിരമായി നിലനിർത്തി. ഈ മാസമാദ്യം ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ വില പരിഷ്‌കരണത്തിലെ മരവിപ്പ് തുടരുകയായിരുന്നു.
സാധാരണ നിലയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ ഓരോ ബാരലിന് 1 ഡോളർ കൂടുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും വില ഏകദേശം 0.52 രൂപ വർധിപ്പിക്കേണ്ടതുണ്ടെന്ന് എന്നാണ് വിദഗ്ധർ പറയുന്നത്. മുൻ വില പരിഷ്‌കരണത്തിന് ശേഷം ക്രൂഡിന്റെ വില ബാരലിന് ഏകദേശം 37 ഡോളറോളം വർദ്ധിച്ചതിനാൽ, വിപണന മാർജിൻ പുനഃസ്ഥാപിക്കുന്നതിന് പെട്രോളിനും ഡീസലിനും ലിറ്ററിന് 19 രൂപ വരെ വർധനവ് വന്നേക്കാം എന്നാണ് ഇവർ സൂചിപ്പിക്കുന്നത്. ഉയർന്ന അസംസ്‌കൃത എണ്ണവില ഉപഭോക്താക്കളിൽ ചെലുത്തുന്ന ആഘാതം കുറയ്ക്കുന്നതിന്, പെട്രോൾ, ഡീസൽ എന്നിവയുടെ എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചേക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു. പെട്രോളിന്റെ സെൻട്രൽ എക്‌സൈസ് തീരുവ ഇപ്പോൾ കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ളതിനേക്കാൾ 8 രൂപ കൂടുതലാണ്. ഡീസലിന്റെത് 6 രൂപയും.
രാജ്യത്തുടനീളമുള്ള എണ്ണ വിപണന കമ്പനികളുടെ റീട്ടെയിൽ പോയിന്റുകളിൽ വ്യവസായിക ആവശ്യത്തിനുള്ള ഡീസലിന്റെ വില നിലവിലെ ചില്ലറ വിൽപനക്കുള്ള ഡീസലിനേക്കാൾ ലിറ്ററിന് 25 രൂപ കൂടുതലാണ്. 94.14 രൂപക്ക് സാധാരണ ഉപഭോക്താക്കൾക്ക് ഡീസൽ ലഭിക്കുമ്പോൾ ഇവർക്ക് 122 രൂപ നൽകേണ്ടി വരും. ഇന്ത്യൻ റെയിൽവേ, ഫാക്ടറികൾ, മാളുകൾ, ഗതാഗത കമ്പനികൾ എന്നിവയുൾപ്പെടെ ഡീസൽ മൊത്തമായി വാങ്ങുന്നവരെ ഈ വിലവർധനവ് നന്നായി ബാധിക്കും. വൈദ്യുതി വിതരണത്തിനുള്ള ബാക്കപ്പായി ഡീസൽ ജെൻസെറ്റുകൾ ഉപയോഗിക്കുന്ന ഹൗസിംഗ് സൊസൈറ്റികൾക്കും പവർ ബാക്കപ്പ് കൂടുതൽ ചെലവേറിയതായിരിക്കും.












Click it and Unblock the Notifications