ഗോത്ര മേഖലയിൽ ലഭിച്ചത് 18 സീറ്റുകൾ, നിലനിർത്തുമോ ബിജെപി; ആദിവാസി വോട്ടുകൾ നിർണായകം
2018 ൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ഐ പി എഫ് ടിയുമായുള്ള സഖ്യമായിരുന്നു ബി ജെ പിയെ തുണച്ചത്. മേഖലയിൽ അന്ന് ബി ജെ പി 10 സീറ്റുകൾ നേടി

ദില്ലി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ ത്രിപുരയിൽ ഇന്നാണ് വോട്ടെടുപ്പ്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള തിരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നെ ബിജെപിയേയും പ്രതിപക്ഷത്തേയും സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.
2018 ൽ അട്ടിമറി വിജയമായിരുന്നു ത്രിപുരയെന്ന ഇടത് കോട്ടയിൽ ബിജെപി നേടിയത്. 60 അംഗ നിയമസഭയിൽ 44 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള ഐ പി എഫ് ടിയുമായുള്ള സഖ്യമായിരുന്നു അന്ന് ബി ജെ പിയെ തുണച്ചത്. മേഖലയിൽ അന്ന് ബി ജെ പി 10 സീറ്റുകൾ നേടി. ഐ പി എഫ് ടിക്ക് 8 സീറ്റും ലഭിച്ചു. ഇത്തവണയും ആദിവാസി വോട്ടുകൾ എങ്ങോട്ട് എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ത്രിപുരയിൽ തിരഞ്ഞെടുപ്പ് ഫലം.

മൂന്നിലൊന്നും ഗോത്ര വിഭാഗമാണ്
ത്രിപുര ജനസംഖ്യയുടെ മൂന്നിലൊന്നും ഗോത്ര വിഭാഗമാണ്. 60 നിയമസഭാ സീറ്റുകളിൽ 20 സീറ്റുകളും പട്ടികവർഗ വിഭാഗങ്ങൾക്ക് (എസ്ടി) സംവരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ സീറ്റുകളിലെ വിജയം ഭരണം ഉറപ്പിക്കുന്നതിൽ നിർണായകമാകും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ഇത് തിരിച്ചറിഞ്ഞ് കൊണ്ടായിരുന്നു ഗോത്ര വിഭാഗത്തിന്റെ പിന്തുണയുള്ള ഐ പി എഫ് ടിയുമായി ബി ജെ പി സഖ്യത്തിലെത്തിയത്. എന്നാൽ പ്രദ്യോത് ബിക്രം മാണിക്യ ദേബ് ബര്‍മയുടെ നേതൃത്വത്തിൽ തിപ്ര മോത്തയുടെ ഉദയം ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഐ പി എഫ് ടിയുടെ സ്വാധീനം നഷ്ടമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തലുകൾ.

പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം
തദ്ദേശീയ സമുദായങ്ങള്‍ക്കായി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉയർത്തിയ ഐ ഫി എഫ് ടി അധികാരം നേടിയപ്പോൾ ജനങ്ങൾക്ക് നൽകിയ ഈ വാഗ്ദാനം മറന്നുവെന്നാണ് ആക്ഷേപം. ആദിവാസി വിഭാഗങ്ങൾക്കായി ഗ്രേറ്റർ ടിപ്ര ലാന്റ് എന്ന പേരിൽ പ്രത്യേക സംസ്ഥാനം വേണമെന്നതാണ് പ്രദ്യോതും സംഘടനയും ഉന്നയിക്കുന്ന ആവശ്യം.ഇക്കാര്യത്തിൽ ഉറപ്പ് നൽകുന്നവർക്കൊപ്പം കൈകോർക്കാൻ തയ്യാറാണെന്ന് പ്രദ്യോത് വ്യക്തമാക്കുന്നു.

സ്വയം ഭരണ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ
ഗോത്ര വർഗ മേഖലയിലെ സ്വയം ഭരണ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം കൈവരിച്ച് കൊണ്ടാണ് തിപ്ര ഗോത്ര സമുദായത്തിന്റെ പിന്തുണ തങ്ങൾക്കാണെന്ന് അരക്കിട്ട് ഉറപ്പിച്ചത്. തിപ്രയുടെ സ്വാധീനം ബി ജെ പിയെ ഭയപ്പെടുത്തുന്നുണ്ടെന്നതിൽ തർക്കമില്ല. തിരഞ്ഞെടുപ്പിന് മുൻപ് തിപ്രയുമായി സഖ്യ ചർച്ചയ്ക്ക് ബി ജെ പി തീവ്ര ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തിപ്ര ലാന്റ് എന്ന ആവശ്യം അംഗീകരിക്കാൻ ബി ജെ പി തയ്യാറായില്ല. ഇതോടെ സഖ്യമില്ലെന്ന് പ്രദ്യോത് വ്യക്തമാക്കി. പ്രത്യേക സംസ്ഥാനമെന്ന തിപ്രയുടെ ആവശ്യം അംഗീകരിച്ചാൽ അത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും സമാനമായ ആവശ്യം ഉയരുമെന്നാണ് ബി ജെ പിയുെട ആശങ്ക.

60 ൽ 42 സീറ്റുകളിലാണ് തിപ്ര മത്സരിക്കുന്നത്
നിലവിൽ 60 ൽ 42 സീറ്റുകളിലാണ് തിപ്ര മത്സരിക്കുന്നത്. ഇതിൽ 26 സീറ്റുകളിൽ വിജയിച്ച് നിർണായക ശക്തിയാകാനാകുമെന്നാണ് സംഘടനയുടെ കണക്ക് കൂട്ടൽ. രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തിരഞ്ഞെടുപ്പിന് ശേഷവും സഖ്യത്തിന് തയ്യാറാണെന്ന സൂചന തിപ്ര നൽകുന്നുണ്ടെങ്കിലും പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തിൽ നിന്നും ഒരടി പിന്നോട്ട് പോകില്ലെന്നാണ് പ്രദ്യോത് ആവർത്തിക്കുന്നത്.

സമവായം ഉണ്ടാക്കാൻ സാധിക്കാതിരുന്നതോടെ
നേരത്തേ തിപ്രയുമായി ഇടത്-കോൺഗ്രസ് കൂട്ടുകെട്ടും സഖ്യത്തിന് ശ്രമം നടത്തിയെങ്കിലും ബി ജെ പിക്ക് മുന്നിൽ വെച്ച ആവശ്യം തന്നെയായിരുന്നു പ്രദ്യോത് സഖ്യത്തിന് മുന്നിലും ഉയർത്തിയത്. സമവായം ഉണ്ടാക്കാൻ സാധിക്കാതിരുന്നതോടെ ചർച്ചകൾ അവസാനിച്ചു. അതേസമയം തിപ്ര മോതയുമായി സഖ്യമൊന്നുമില്ലെങ്കിലും പ്രാദേശിക തലത്തില്‍ ചില ധാരണകളുണ്ടാക്കാമെന്നാണ് ഇടത് കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പിന് ശേഷവും തിപ്രയുമായി സഖ്യത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ദിവസവും സി പി എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇനി തിപ്രയുടെ നിലപാട് എന്തായിരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications