ഹിമാചൽ തിരഞ്ഞെടുപ്പ്; മാണ്ഡിയിലെ ബിജെപി കോട്ട പിടിക്കാൻ കോൺഗ്രസ്; സിപിഎമ്മിന്റെ പിന്തുണ?
ദില്ലി: ഹിമാചൽ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ പതിവ് പൊളിച്ച് ഭരണതുടർച്ചയ്ക്ക് ബി ജെ പി തന്ത്രങ്ങൾ പയറ്റുമ്പോൾ ബി ജെ പി കോട്ടകൾ തകർത്ത് ഭരണം തിരിച്ച് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസും ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജില്ലയായ മാണ്ഡിയിൽ ഉൾപ്പെടെ പ്രചരണം കൊഴുപ്പിക്കുകയാണ് കോൺഗ്രസ്.
കഴിഞ്ഞ തവണ ബി ജെ പിയുടെ വിജയത്തിൽ നിർണായകമായിരുന്നു മാണ്ഡിയിലെ പത്ത് മണ്ഡലങ്ങൾ. അന്ന് 9 സീറ്റിലും വിജയിക്കാൻ ബി ജെ പിക്ക് സാധിച്ചിരുന്നു, കോൺഗ്രസ് സംപൂജ്യരായി. എന്നാൽ ഇക്കുറി പല മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നുണ്ട്. ഇതിൽ പ്രധാനമാണ് ധരംപൂറും സർക്കാഘട്ടും. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് ഈ ബി ജെ പി കോട്ടകൾ വലിയ വെല്ലുവിളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജൽ ശക്തി വകുപ്പ് മന്ത്രിയായ മഹേന്ദ്ര സിംഗ് താക്കൂറിന്റെ മണ്ഡലമാണ് ധരംപൂർ. 7 തവണ എംഎൽഎയായ സിംഗ് മണ്ഡലത്തിൽ വലിയ സ്വീകാര്യതയുള്ള നേതാവാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 11,964 വോട്ടുകൾക്കാണ് മഹേന്ദ്ര സിംഗ് ഇവിടെ ജയിച്ചത്. എന്നാൽ ഇക്കുറി ബി ജെ പി മത്സരിപ്പിുക്കുന്നത് അദ്ദേഹത്തിന്റെ മകൻ രജത് താക്കൂറിനെയാണ്. അച്ഛൻ നടത്തിയ വികസന പ്രവർത്തനങ്ങളും മണ്ഡലത്തിലെ സ്വീകാര്യതയും തനിക്ക് അനുകൂലമാകുമെന്ന് രജത് കരുതുന്നു.

എന്നാൽ വികസന വിഷയങ്ങൾ ചർച്ചയാകുന്ന മണ്ഡലത്തിൽ റോഡ് നിർമ്മാണ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സർക്കാരിനെതിരെ ജനം രംഗത്തുണ്ട്. മാത്രമല്ല മികച്ച ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികൾ ബി ജെ പിയുടെ പ്രതീക്ഷ അസ്ഥാനത്താകുമോയെന്നാണ് ചോദ്യം, പ്രത്യേകിച്ച് മഹേന്ദ്ര സിംഗിന് പകരം മകൻ എത്തുമ്പോൾ. അതേസമയം മറുവശത്താകട്ടെ സി പി എമ്മിനെ കൂട്ടുപിടിച്ച് ബി ജെ പിയെ തറപറ്റിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് നടത്തുന്നുണ്ട്. എത്രത്തോളം വിജയം കാണുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

മറ്റൊരു മണ്ഡലമായ സർക്കാഘട്ടിലും ബി ജെ പിയും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. കോൺഗ്രസിന്റെ കോട്ടയായിരുന്നു ഇവിടെ 2007 മുതൽ ബി ജെ പിയാണ് വിജയിക്കുന്നത്. 2007 ൽ കേണൽ ഇന്ദർ സിംഗിലൂടെയാണ് ബി ജെ പി മണ്ഡലം പിടിച്ചത്. അന്ന് മുതൽ ബി ജെ പി കോട്ടയാണ് ഇവിടെ. എന്നാൽ ഇക്കുറി സിറ്റിംഗ് എം എൽ എയായ സിംഗിനെ മാറ്റി ദിലീപ് താക്കൂറിനെയാണ് ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. നേതൃത്വത്തിന്റെ തീരുമാനം ഇന്ദർ സിംഗിന്റെ അനുയായികളെ ചൊടിപ്പിച്ചിട്ടുണ്ട്. വിമത സ്വരം ഇന്ദർ ഉയർത്തിയില്ലെങ്കിലും അണികൾ കാലിവാരിയാൽ ബി ജെ പിയുടെ നില ഇവിടെ പരുങ്ങലിലാകും.
അതേസമയം കോൺഗ്രസും ഇവിടെ ആശങ്കയിലാണ്.ഇക്കുറി മുതിർന്ന നേതാവായ പവൻ താക്കൂറിന് കോൺഗ്രസ് ഇവിടെ സീറ്റ് അനുവദിച്ചത്.

അതേസമയം വലിയ പ്രതീക്ഷയോടെയാണ് ബി ജെ പിയും കോൺഗ്രസും ഏറ്റുമുട്ടുന്നത്. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയെത്തിയാണ് ബി ജെ പിക്ക് വേണ്ടി പ്രചരണം നയിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസിന്റെ പ്രചരണം. 2017 ലെ തിരഞ്ഞെടുപ്പിൽ 44 സീറ്റ് നേടിയായിരുന്നു ബി ജെ പി വിജയിച്ചത്. കോൺഗ്രസിന് ലഭിച്ചത് 21 സീറ്റുകളായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications