ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യം തകരുമോ? കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കില്ല, ബിഹാര്‍ പൊല്ലാപ്പ്
റാഞ്ചി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യ സഖ്യത്തിലുണ്ടായ തര്‍ക്കം അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലേക്കും വ്യാപിക്കുന്നു. കോണ്‍ഗ്രസ്, ആര്‍ജെഡി എന്നീ പാര്‍ട്ടികളുമായുള്ള സഖ്യം പുനപ്പരിശോധിക്കാന്‍ ഒരുങ്ങുകയാണത്രെ ജെഎംഎം. വിട്ടുവീഴ്ച മനോഭാവം വെടിയാനാണ് ജെഎംഎം തീരുമാനം.
ജാര്‍ഖണ്ഡില്‍ ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി സഖ്യമാണ് ഭരിക്കുന്നത്. ജെഎംഎം ആണ് പ്രധാന കക്ഷി. എന്നാല്‍ ബിഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ജെഎംഎം എന്നിവരാണ് മഹാസഖ്യത്തിലുള്ളത്. ആര്‍ജെഡിയാണ് പ്രധാന കക്ഷി. ബിഹാറില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യപ്പെട്ട ജെഎംഎമ്മിന് ആര്‍ജെഡി സീറ്റ് നിഷേധിച്ചു എന്നാണ് ജെഎംഎം നേതാക്കളുടെ ആരോപണം.

ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യം തകരില്ലെന്നും കോണ്‍ഗ്രസിനും ആര്‍ജെഡിക്കും വ്യക്തമായ സന്ദേശം നല്‍കുകയാണ് ജെഎംഎം ലക്ഷ്യമിടുന്നത് എന്നുമാണ് ഇന്ത്യ സഖ്യത്തിലെ ചില നേതാക്കള്‍ മാധ്യമങ്ങളോട് രഹസ്യമായി പറയുന്നത്. രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ ജെഎംഎം വിസമ്മതിക്കാനാണ് സാധ്യത. അതിനുള്ള വഴി ഒരുക്കുകയാണ് ജെഎംഎം ചെയ്യുന്നത് എന്ന വിലയിരുത്തലുമുണ്ട്.
ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും വഞ്ചിച്ചു എന്നാണ് ജെഎംഎം ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യയും മന്ത്രി സുവിദ്യ കുമാറും പറയുന്നത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജാര്‍ഖണ്ഡിലെ സഖ്യം സംബന്ധിച്ച് പുനര്‍ വിചിന്തനം നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ച ആറ് സീറ്റില്‍ മല്‍സരിക്കുമെന്ന് ജെഎംഎം ബിഹാറില്‍ പ്രഖ്യാപിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് മല്‍സരിക്കുന്നില്ല എന്ന് നേതൃത്വം അറിയിച്ചത്.
12 സീറ്റുകള്‍ വേണം എന്ന് ജെഎംഎം ആര്‍ജെഡിയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ജാര്‍ഖണ്ഡിനോട് ചേര്‍ന്ന ബിഹാറിലെ മണ്ഡലങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ചര്‍ച്ച ചെയ്യാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയ ആര്‍ജെഡി അവസാന നിമിഷം രണ്ട് സീറ്റുകള്‍ മാത്രം നല്‍കാമെന്ന് പറഞ്ഞു. ഇതോടെയാണ് മല്‍സരിക്കേണ്ടെന്ന് ജെഎംഎം തീരുമാനിച്ചത്.
ബിഹാറില്‍ ജെഎംഎമ്മിന് സ്വാധീനമില്ല. സംഘടനാ സംവിധാനം പോലുമില്ല. തിരഞ്ഞെടുപ്പിനുള്ള ഒരുക്കം പാര്‍ട്ടി നടത്തിയിട്ടില്ല. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ബലത്തില്‍ ജയിക്കാമെന്നാണ് വിചാരിച്ചത്. അവര്‍ക്ക് തിരഞ്ഞെടുപ്പ് ചിഹ്നം പോലും ഇല്ല എന്നും ഇന്ത്യ സഖ്യത്തിലെ ചില നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ജാര്‍ഖണ്ഡില്‍ സഖ്യം തകരില്ലെന്നും ചര്‍ച്ചകള്‍ നടക്കുമെന്നും അവര്‍ പറയുന്നു.
കഴിഞ്ഞ ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആര്‍ജെഡി 12 സീറ്റ് ആവശ്യപ്പെട്ടിരുന്നു. ജെഎംഎം വഴങ്ങാത്തതിനെ തുടര്‍ന്ന് ആര്‍ജെഡി സഖ്യം വിടാന്‍ തീരുമാനിച്ചെങ്കിലും കോണ്‍ഗ്രസ് ഇടപെട്ട് രംഗം ശാന്തമാക്കി. തുടര്‍ന്ന് അഞ്ച് സീറ്റില്‍ ആര്‍ജെഡി മല്‍സരിച്ചു. 2019ല്‍ ഒരു എംഎല്‍എ മാത്രമാണ് ആര്‍ജെഡിക്ക് ഉണ്ടായിരുന്നത്. അദ്ദേഹത്തിന് മന്ത്രിപദവി നല്‍കാന്‍ ജെഎംഎം തയ്യാറായിരുന്നു.












Click it and Unblock the Notifications