നവജ്യോത് സിംഗ് സിദ്ധു ആം ആദ്മിയിലേക്ക്? കെജരിവാളിന്റെ വമ്പൻ പ്രഖ്യാപനം നാളെയെന്ന് എംഎൽഎ
ചണ്ഡീഗഡ്; പഞ്ചാബ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള നവജ്യോത് സിംഗ് സിദ്ധുവിന്റെ രാജിയിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. സിദ്ധുവിന്റെ രാജിയ്ക്ക് പിന്നാലെ രണ്ട് മന്ത്രിമാർ ഉൾപ്പെടെ നാല് നേതാക്കളാണ് സിദ്ധുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജിവെച്ചത്. താൻ കോൺഗ്രസിൽ തന്നെ തുടരുമെന്ന് സിദ്ധു ആവർത്തിക്കുന്നുണ്ട്. എന്നാൽ സിദ്ധുവിനെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ ആം ആദ്മിയും ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പിസിസി അധ്യക്ഷനായി 72 ദിവസം പിന്നിട്ടപ്പോഴായിരുന്നു കോൺഗ്രസിനെ ഞെട്ടിച്ച് സിദ്ധുവിന്റെ രാജി. പഞ്ചാബിന്റെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യാന് സാധിക്കില്ലെന്നും വ്യക്തിത്വം പണയപ്പെടുത്തി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമായിരുന്നു സോണിയയ്ക്ക് അയച്ച രാജിക്കത്തിൽ സിദ്ധു വ്യക്തമാക്കിയത്.സിദ്ധുവിനൊപ്പം അഞ്ച് നേതാക്കളും തൊട്ട് പിന്നാലെ തന്നെ രാജി വെച്ചിരുന്നു.മന്ത്രിമാരായ റാസിയ സുൽത്താന , പർഗത് സിംഗ് എന്നിവരെ കൂടാതെ പാർട്ടി ഘടകം ജനറൽ സെക്രട്ടറി യോഗീന്ദർ ദിൻഗ്ര,പാർട്ടി ഖജാർജി ഗുൽസാർ ഇന്ദർ ചഹൽ, ജനറൽ സെക്രട്ടറി ഗൗതം സേത്ത് എന്നിവരാണ് രാജിവെച്ച മറ്റുള്ളവർ.
സ്റ്റൈലിഷായി അക്ഷയ പ്രേമനാഥ്... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പുറത്ത്

അതേസമയം സിദ്ധുവിന്റെ രാജി കോൺഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. സമവായ ചർച്ചകൾക്ക് തയ്യാറാണെന്ന നിലപാടാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങൾ അറിയിച്ചിരിക്കുന്നത്. രാജി പിൻവലിക്കാനുള്ള സമ്മർദ്ദങ്ങൾ തുടരുന്നുണ്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. മുഖ്യമന്ത്രി അമരീന്ദറിന്റെ രാജിയോടെ പഞ്ചാബ് കോൺഗ്രസിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തിലായിരുന്നു സിദ്ധു.എന്നാൽ ഹൈക്കമാന്റ് അദ്ദേഹത്തിന് വേണ്ടത്ര പരിഗണന നൽകിയിരുന്നില്ല. ഇതിൽ കടുത്ത അതൃപ്തിയിലായിരുന്നു സിദ്ധു എന്നാണ് സൂചന.

അടുത്ത മുഖ്യമന്ത്രിയായി സിദ്ധുവിന് പകരം ദളിത് നേതാവ് ചരൺ ജിത്ത് ചന്നിയെ നിയമിച്ചതും സിദ്ധുവിനെ ചൊടിപ്പിച്ചിരുന്നത്രേ. മാത്രമല്ല മന്ത്രിസഭ പുനഃസംഘടനയിൽ സിദ്ധുവിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ഹൈക്കമാൻറ് നേതൃത്വം തയ്യാറായിരുന്നില്ല. സിദ്ധുവിനെ പൂർണമായും മാറ്റി നിർത്തിക്കൊണ്ടാണ് എ ഐ സി സി മന്ത്രിസഭ പുനഃസംഘടന പൂർത്തിയാക്കിയത്. ഇതിലും സിദ്ധുവിന് കടുത്ത അമർഷം ഉണ്ടായിരുന്നു.

അതേസമയം കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ മുതലെടുക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി.സിദ്ധുവിനെ ആം ആദ്മിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തേ തന്നെ സിദ്ധുവനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ആം ആദ്മി ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തിയതായുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

കോൺഗ്രസ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരമാവധി മുതലെടുത്താൽ സിദ്ധുവിനൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരായ എംഎൽഎമാരെ കൂടി മറുകണ്ടം ചാടിക്കാമെന്നാണ് ആം ആദ്മി കണക്ക് കൂട്ടൽ.പഞ്ചാബ് പിടിക്കാൻ ശക്തമായ ശ്രമങ്ങൾ ഇക്കുറി ആം ആദ്മി നടത്തുന്നുണ്ട്. 2017 ൽ പഞ്ചാബിലെ ആദ്യ പോരാട്ടത്തിൽ 19 സീറ്റുകൾ ലഭിച്ച പാർട്ടിക്ക് ഇത്തവണ 60 ൽ അധികം സീറ്റുകളാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാൻ മികച്ച നേതാവില്ലെന്ന ആശങ്കയുണ്ട്.

സിദ്ധുവിനെ ആം ആദ്മിയിലെത്തിച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ആം ആദ്മി തലവനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ ഇന്ന് പഞ്ചാബിൽ എത്തുന്നുണ്ട്. അദ്ദേഹം നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കെജ്രിവാള്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും വന്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും പാര്‍ട്ടി എംഎൽഎയും വക്താവുമായ രാഘവ് ചദ്ദ ട്വീറ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications