ഇന്ത്യ അധികാരത്തിൽ വന്നാൽ CAA അറബിക്കടലിലെന്ന് കെ സുധാകരൻ, സുപ്രീം കോടതിയിലേക്കെന്ന് ലീഗ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായി പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുസ്ലീം ലീഗും കോണ്‍ഗ്രസും രംഗത്ത്. സിഎഎ നടപ്പാക്കിയതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പുളള ഈ കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നും അത് നിലനില്‍ക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
''മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിക്കാന്‍ അനുവദിക്കില്ല. ജാതിമത അടിസ്ഥാനത്തിൽ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണ്. ഇത് ലോകത്ത് എവിടെയും ഇല്ല. ഇത് ഭരണഘടനാവിരുദ്ധമാണ്. ഈ നിയമത്തിനെതിരെ ഞങ്ങളുടെ കേസ് കോടതിയിലുണ്ട്. അതുമായി മുന്നോട്ട് പോകും. തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് തോന്നുന്നത് കൊണ്ട് പതിനെട്ട് അടവും നോക്കുകയാണ്''. ഈ നിയമം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ഇത് നടപ്പിലാകാന്‍ പോകുന്നില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ മുന്നണി രാജ്യത്ത് ഭരണത്തില്‍ വരുന്നതോടെ ഈ നിയമം അറബിക്കടലില്‍ വലിച്ചെറിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. മനുഷ്യരെ വേര്‍തിരിക്കുന്ന ഈ നിയമം നടപ്പിലാക്കാന്‍ ശരീരത്തില്‍ രക്തമുളളിടത്തോളം അനുവദിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ''തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് വിഭജനത്തിൻ്റെ രാഷ്ട്രീയമാണ് ബി.ജെ.പി പുറത്തെടുക്കുന്നത്. പൗരത്വ നിയമഭേദഗതി നടപ്പാക്കാൻ കോൺഗ്രസും UDF ഉം അനുവദിക്കില്ല'' വിഡി സതീശൻ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications