ബെംഗളുരുവിലെ രണ്ടാമത്തെ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? കര്‍ണാടക സര്‍ക്കാരിനെതിരേ കേന്ദ്രം
ബെംഗളുരു: നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ബെംഗളുരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി. നഗരത്തിന്റെ വികസനത്തിലും യാത്രാ സൗകര്യങ്ങളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പദ്ധതിക്കു കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
എന്നാലിപ്പോള്‍ നഗരവാസികളെ നിരാശപ്പെടുത്തുന്ന, വിമാനത്താവള പദ്ധതിയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കുന്ന ഒരു വെളിപ്പെടുത്തലാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍ പാര്‍ലമെന്റില്‍ നടത്തിയത്. രണ്ടാമത്തെ വിമാനത്താവളം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന് കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം ബെംഗളൂരുവില്‍ രണ്ടാമത്തെ വിമാനത്താവളം വികസിപ്പിക്കുന്നതിനായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മൂന്ന് സ്ഥലങ്ങളുടെ സാധ്യതാ പഠനം നടത്തിയിരുന്നു.
ബെംഗളൂരു സൗത്ത് താലൂക്കിലെ ചുഡഹള്ളി, സോമനഹള്ളി, മഗഡി-നെലമംഗല എന്നിവിടങ്ങളിലായി മൂന്ന് സ്ഥലങ്ങളാണ് പുതിയ വിമാനത്താവളത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ എഎഐ വിദഗ്ധ സംഘം നടത്തിയ സാധ്യതാ പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ ഇതിനു ശേഷം ഔദ്യോഗികമായ ഒരു പ്രതികരണവും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സഹമന്ത്രി മുരളീധര്‍ മൊഹോള്‍ ലോക്‌സഭയെ അറിയിച്ചു. ബെംഗളൂരു സെന്‍ട്രലില്‍ നിന്നുള്ള ബിജെപി എംപി പിസി മോഹന്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രം ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
നിലവിലെ കരാര്‍ അനുസരിച്ച് ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ 2033 വരെ മറ്റൊരു വിമാനത്താവളം സ്ഥാപിക്കാന്‍ പാടില്ല. ഈ വിലക്ക് നീങ്ങാന്‍ ഇനിയും എട്ടു വര്‍ഷം കൂടിയുണ്ട്. പുതിയത് സ്ഥാപിക്കാന്‍ വിമാനത്താവള നടത്തിപ്പുകാരായ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (ബിഐഎഎല്‍) പ്രത്യേക അനുമതി ആവശ്യമാണ്. നിരവധി നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, നഗരത്തിലെ വ്യവസായ വളര്‍ച്ചയും വ്യോമഗതാഗതത്തിലെ തിരക്കും കണക്കിലെടുത്ത് 2033 ഓടെ പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഒരു വിമാനത്താവളം പൂര്‍ത്തിയാക്കാന്‍ അഞ്ചാറ് വര്‍ഷം എടുക്കുമെന്നതിനാല്‍ ഇപ്പോള്‍ തന്നെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്ന് കര്‍ണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എംബി പാട്ടീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും ഉള്ളതു പോലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള നഗരമായി ബെംഗളൂരുവിനെ മാറ്റാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ഘടകങ്ങള്‍ ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന് കൃത്യമായ മറുപടി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്ന സൂചനയാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി നല്‍കുന്നത്. അതേസമയം, തമിഴ്‌നാട്ടിലെ ഹൊസൂരില്‍ സ്വന്തമായി ഒരു വിമാനത്താവളം നിര്‍മ്മിക്കാനുള്ള നീക്കങ്ങള്‍ ദ്രുതഗതിയിലാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തുന്നത്. ഇലക്ട്രോണിക് സിറ്റി, ബന്നാര്‍ഘട്ട ഭാഗത്തുള്ളവര്‍ക്ക് ഉള്‍പ്പെടെ നഗരത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കിലോമീറ്ററുകള്‍ യാത്ര ചെയ്യാതെ തന്നെ രണ്ടാമത്തെ വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കും.












Click it and Unblock the Notifications