ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ വീഴുമോ?; ഏഷ്യാനെറ്റ്-ജൻകീ ബാത്ത് സർവ്വേ ഫലം ഇങ്ങനെ
ലഖ്നൗ; ലോക്സഭ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ് ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ യുപിയിൽ ഭരണം പിടിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ചും പ്രതിപക്ഷത്തെ സംബന്ധിച്ചും നിർണായകമാണ്. ഇത്തവണയും സംസ്ഥാനത്ത് അത്ഭുതങ്ങൾ ഒന്നും സംഭവിക്കില്ലെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും പാർട്ടിയെ സംബന്ധിച്ച് കാര്യങ്ങൾ അത്ര പന്തിയല്ല. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ വീഴ്ചയ്ക്കെതിരെ യോഗി സർക്കാരിനെതിരെ വിമർശനം ശക്തമാണ്.
അതേസമയം ഭരണവിരുദ്ധ വികാരം മുതലെടുത്ത് അധികാരം കൈക്കലാക്കാനാണ് എസ്പിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം. 2022 ൽ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വിജയിക്കുമോ?ഏഴ് മാസത്തിനിപ്പുറം നടക്കാനിരിക്കുന്നത് പൊടിപാറുന്ന പോരാട്ടമായിരിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - ജൻകീബാത്ത് സർവേ വ്യക്തമാക്കുന്നത്.

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിലൂടെയായിരുന്നു ഹിന്ദി ഹൃദയ ഭൂമിയിലെ ബിജെപി തേരോട്ടത്തിന് തുടക്കം കുറിച്ചത്. അന്ന് സംസ്ഥാനത്തെ 80 ലോക്സഭ സീറ്റുകളിൽ 71 ഉം ബിജെപി തൂത്തുവാരി.2017 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയം ആവർത്തിച്ചു. എസ്പി-ബിഎസ്പി പാർട്ടികളുടെ സ്വാധീനം തകർത്തെറിഞ്ഞ് 403 അംഗ നിയമസഭയിൽ 312 സീറ്റുകൾ നേടിയായിരുന്നു ബിജെപി അധികാരം പിടിച്ചത്. കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച എസ്പിക്ക് 47 സീറ്റുകളായിരുന്നു ലഭിച്ചത് കോൺഗ്രസിന് 7ഉം . ബിഎസ്പി 19 സീറ്റുകളിൽ ഒതുങ്ങി.

എന്നാൽ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാനത്ത് സ്ഥിതി ഏറെ മാറിയിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണത്തിനെതിരെ കടുത്ത വിമർശനങ്ങൾ പാർട്ടിയിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിലെ വീഴ്ചയും വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.ഇതോടെ ഇത്തവണ ബിജെപിയ്ക്ക് സംസ്ഥാനത്ത് അടിപതറുമോയെന്നുള്ള ചർച്ചകൾ ശക്തമാണ്. എന്നാൽ സംസ്ഥാനത്ത് ബിജെപി തന്നെ ഭരിക്കുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് സർവ്വേ ഫലം നൽകുന്നത്. അതേസമയം അനായാസ വിജയം ഇക്കുറി ബിജെപിക്ക് ഉണ്ടാകില്ലെന്ന സൂചനയും സർവ്വേ നൽകുന്നു.

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഇപ്പോൾ ആർക്കാണ് വോട്ട് ചെയ്യുകയെന്ന ചോദ്യത്തിന് 48 ശതമാനം പേരും ബിജെപിക്ക് തന്നെയാണെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം അഖിലേഷിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് 36 ശതമാനം പേരും അഭിപ്രായപ്പെട്ടു. 16 ശതമാനം പേർ ഇതരപാർട്ടികൾ വരണമെന്ന അഭിപ്രായമാണ് പങ്കുവെച്ചത്.

അതേസമയം യോഗി ആദിത്യനാഥിന് ഇത്തവണ വെല്ലുവിളി കടുക്കും എന്ന സൂചനയാണ് സർവ്വേ നൽകുന്നത്. യോഗി മുഖ്യമന്ത്രിയായി തുടരണമോയെന്ന ചോദ്യത്തിന് 48 ശതമാനം പേരും അനുകൂല നിലപാടാണ് പ്രകടിപ്പിച്ചത്.എന്നാൽ 40 ശതമാനം പേർ അഖിലേഷ് മുഖ്യമന്ത്രിയാകണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചു. 12 ശതമാനം പേരാണ് മറ്റ് നേതാക്കൾ എന്ന അഭിപ്രായം പങ്കുവെച്ചത്. അഴിമതി ഭരണവും ക്രമസമാധന പാലനുവുമാണ് അഖിലേഷിന് തിരിച്ചടി നൽകുന്ന വിഷയങ്ങൾ.

അഴിമതി രഹിത ഭരണത്തിൽ യോഗിയുടെ ഭരണത്തിന് ജനങ്ങൾ മികച്ച മാർക്കാണ് സർവ്വേയിൽ നൽകിയത്. യോഗിയുടെ ഭരണകാലത്ത് അഴിമതി കൂടുതലാണെന്ന് 28 ശതമാനം പേർ മാത്രമാണ് പ്രതികരിച്ചത്. എന്നാൽ അഖിലേഷ് സർക്കാരാണെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടു. മായാവതി സർക്കാർ അഴിമതി നിറഞ്ഞതാണെന്നന്ന് 24 ശതമാനം പേരാണ് പ്രതികരിച്ചത്. ക്രമസമാധാന പാലത്തിൽ 60 ശതമാനം പേരും യോഗിക്ക് മികച്ച മാർക്ക് നൽകിയപ്പോൾ അഖിലേഷിന് 27 ശതമാനം പേരും മായാവതിക്ക് 13 ശതമാനം പേരും മാത്രമാണ് പിന്തുണ നൽകിയത്.

കൊവിഡ് പ്രതിരോധത്തിൽ സർക്കാരിനെതിരെ വിമർശനം ഉയർന്നിരുന്നുവെങ്കിലും മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന അഭിപ്രായം പങ്കുവെച്ചത് 13 ശതമാനം പേർ മാത്രമാണ്. 23 ശതമാനം പേർ വളരെ നല്ലതാണെന്നും 22 ശതമാനം പേർ നല്ലതെന്നും ശരാശരിയെന്ന് 32 ശതമാനം പേരും അഭിപ്രായപ്പെട്ടു. യോഗിസർക്കാർ പരാജയപ്പെട്ട വിഷയങ്ങളിൽ ഏറ്റവും കൂടുതൽ പേർ വിമർശനം ഉയർത്തിയത് വിലക്കയറ്റമാമ്. 45 ശതമാനം പേരാണ് വിഷയം ഉന്നയിച്ചത്. അതേസമയം അഴിമതിയെന്ന് 25 ശതമാനം പേരും റോഡുകൾ എന്ന് 20 ശതമാനം പേരും വൈദ്യുതിയെന്ന് 10 ശതമാനം പേരും അഭിപ്രായപ്പെട്ടു. വിലക്കയറ്റം തന്നെയാണ് ജനങ്ങളെ ബാധിക്കുന്ന വിഷയം എന്നാണ് സർവ്വേയിൽ ഉയർന്ന അഭിപ്രായം. 61 ശതമാനം പേരാണ് ഇത്തരത്തിൽ പ്രതികരിച്ചത്.

അതിനിടെ അയോധ്യ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ നിർണായക വിഷയമായേക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. 33 ശതമാനം പേരാണ് അയോധ്യ വളരെ പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായം പങ്കുവെച്ചത്.ഇത്തവണ തിരഞ്ഞെടുപ്പിൽ അയോധ്യ മുഖ്യവിഷയമാക്കി ഉയർത്തിയാകും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ.രാമജന്മഭൂമി ഉള്‍പ്പെടുന്ന അയോധ്യയിൽ നിന്ന് തന്നെ ഇക്കുറി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള ചർച്ചകളും പാർട്ടിയിൽ പുരോഗമിക്കുന്നുണ്ട്.
Recommended Video

അതേസമയം ഉത്തർപ്രദേശിൽ മോദി ഫാക്ടറിന് ഇക്കുറി ഇടിവ് സംഭവിക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. മോദി തിരഞ്ഞെടുപ്പിൽ വലിയ സ്വാധീന ഘടകമാകില്ലെന്ന് 33 ശതമാനം പേരും അഭിപ്രായപ്പെട്ടു. മോദിയുടെ സ്വാധീനം തീരെ കുറവാകുമെന്ന് 18 ശതമാനം പേരും മിതമായ നിലയിൽ സ്വാധീനം ചെലുത്തുമെന്ന് 24 ശതമാനം പേരും മോദി വളരെ സ്വാധീനം ചെലുത്തുമെന്ന് 25 ശതമാനം പേരും സർവ്വേയിൽ അഭിപ്രായം പങ്കുവെച്ചു.ഉത്തർപ്രദേശിനെ ആറ് മേഖലകളായി തിരിച്ചാണ് സർവേ നടത്തിയിരിക്കുന്നത്. കാണ്പൂർ ബുദ്ധേൽഖണ്ഡ്,അവാധ്, പശ്ചിമ യുപി, ബ്രിജ്, കാശ്, ഗോരക്ഷ് എന്നിങ്ങനെയായിരുന്നു മേഖലകളാക്കി തിരിച്ചത്.












Click it and Unblock the Notifications