മുറ്റത്ത് മൂത്രമൊഴിച്ച പട്ടിയെ പാഠം പഠിപ്പിക്കാന്‍ അതിന്റെ 8 മക്കളെ മധ്യവയസ്‌ക കൊന്നു!!!
ബെംഗളൂരു: ഒരു പട്ടിയെ പാഠം പഠിപ്പിക്കാന്‍ വേണ്ടി അതിന്റെ എട്ട് മക്കളെ കൊല്ലുക. അതും ആ പട്ടിയുടെ കണ്‍മുന്നിലിട്ട്. ബെംഗളൂരുവിലെ ജാലഹള്ളി വെസ്റ്റിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. പൊന്നമ്മ എന്ന സ്ത്രീയാണ് 15 ദിവസം മാത്രം പ്രായമായ എട്ട് പട്ടിക്കുട്ടികളെ ക്രൂരമായി കൊന്നൊടുക്കിയത്. മാര്‍ച്ച് 15 ന് നടന്ന സംഭവം പുറംലോകം അറിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞാണ്. തന്റെ കുഞ്ഞുങ്ങളെ കുഴിച്ചിട്ട നിലം അമ്മു എന്ന തെരുവുനായ മാന്തി നോക്കുന്നത് കണ്ടാണത്രെ അയല്‍ക്കാര്‍ ശ്രദ്ധിച്ചത്.
ജാലഹള്ളി കൃഷ്ണ നഗറിലെ എക്‌സ് സര്‍വ്വീസ്മാന്റെ ഭാര്യയാണ് പൊന്നമ്മ. ഇവര്‍ മലയാളിയാണ് എന്നും സംശയമുണ്ട്. ലോകത്തിലെ ഏറ്റവും ക്രൂരയായ സ്ത്രീ എന്നാണ് ഈ സംഭവം അറിഞ്ഞവര്‍ പലരും ഇവരെ വിശേഷിപ്പിക്കുന്നത്. സംഭവം അറിഞ്ഞ് ഞങ്ങള്‍ ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊന്നമ്മ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം, പട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ അതിന്റെ മക്കളെ കൊന്നത് എന്ന് ഇവര്‍ അയല്‍ക്കാരോട് പറഞ്ഞത്രെ.

പട്ടി തന്റെ കോംപൗണ്ടില്‍ കയറി മൂത്രമൊഴിച്ചതാണ് ഇവരെ ദേഷ്യം പിടിപ്പിച്ചത് എന്നറിയുന്നു. എന്തിനാണ് ഈ ക്രൂരകൃത്യം ചെയ്തത് എന്ന് ചോദിച്ചപ്പോഴാണ് ഇവര്‍ അയല്‍ക്കാരോട് 'പട്ടിയെ പാഠം പഠിപ്പിക്കാന്‍ വേണ്ടി' എന്ന് മറുപടി പറഞ്ഞത്. 15 ദിവസം മാത്രം പ്രായമായ പട്ടിക്കുട്ടികളെ ഇവര്‍ നിലത്തെറിഞ്ഞ് കൊല്ലുകയായിരുന്നത്രെ. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളെ കൊലപ്പെടുത്തിയ സ്ഥലത്ത് കൂടി അമ്മു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണത്രെ.
അയല്‍ക്കാരും എന്‍ ജി ഒ പ്രവര്‍ത്തകരും ചേര്‍ന്ന് പൊന്നമ്മയ്‌ക്കെതിരെ പീനിയ പോലീസില്‍ പരാതി നല്‍കി. പീനിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. ഐ പി സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പൊന്നമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊന്നമ്മയുടെ വീടിന് സമീപത്ത് നിന്നുള്ള സി സി ടി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് തങ്ങള്‍ പരിശോധിച്ചുവരികയാണ് എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications