അന്ന് മകനെ 1400 കി.മി സ്‌കൂട്ടറോടിച്ച് വീട്ടിലെത്തിച്ചു; ഇന്ന് യുക്രെയിനില്‍ നിന്നുള്ള വരവിനായി കാത്തിരിപ്പ്
ചെന്നൈ: 2020ല്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമയത്ത് മകനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ സ്‌കൂട്ടറില്‍ 1,400 കിലോമീറ്ററോളം സഞ്ചരിച്ച ഒരു അമ്മയുടെ കഥ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ആ അമ്മയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോള്‍ ആ അമ്മ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോടൊപ്പം യുദ്ധബാധിതമായ യുക്രെയ്‌നില്‍ ഒറ്റപ്പെട്ടുപോയ 19 വയസ്സുള്ള തന്റെ മകനെ ഒര്‍ത്തുള്ള ആശങ്കയിലാണ്.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപിക റസിയ ബീഗം കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ സുമിയില്‍ എം ബി ബി എസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മകന്‍ നിസാമുദ്ദീന്‍ അമന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ്. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സുമി സ്ഥിതി ചെയ്യുന്നത്, അവിടെ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും സുമി സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പെട്ടവരാണ്.

യുക്രെയ്നിലെ സംഘര്‍ഷാവസ്ഥയ്ക്കിടയില്‍ തന്റെ മകന്റെയും മറ്റ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് റസിയ ബീഗം പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, സംസ്ഥാന ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി എന്നിവരോട് അഭ്യര്‍ത്ഥിച്ചു. മകന്‍ നിസാമുദ്ദീന്‍ അമന്‍ ബങ്കറുകളില്‍ താമസിക്കുകയാണ് ഇപ്പോള്‍. ഫോണില്‍ ആശയവിനിമയം നടത്തുന്നുണ്ടെന്ന് റസിയ ബീഗം പി ടി ഐയോട് പറഞ്ഞു.

അവന്‍ സുഖമായിരുന്നു, പേടിക്കാനൊന്നുമില്ലെന്നാണ് പറഞ്ഞതെന്ന് റസിയ ബീഗം പറയുന്നു. അമന്‍ താമസിക്കുന്ന സ്ഥലവുമായുള്ള ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതായി പറയപ്പെടുന്നു. രണ്ട് വര്‍ഷം മുമ്പ്, കൊവിഡ്-19 ന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ കുടുങ്ങിയ മകനെ തിരികെ കൊണ്ടുവരാന്‍ റസിയ ബീഗം 1400ഓളം കിലോ മീറ്റരോളം സ്‌കൂട്ടര്‍ ഓടിച്ച് യാത്ര ചെയ്തിരുന്നു. പ്രാദേശിക പോലീസിന്റെ അനുമതിയോടെ, അവര്‍ ഒറ്റയ്ക്ക് നെല്ലൂരിലേക്ക് പോയി, ഇളയ മകനോടൊപ്പം മടങ്ങുകയായിരുന്നു.

മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സംഭവമായിരുന്നു അത്. 2020 ഏപ്രില്‍ 6 ന് രാവിലെ ആരംഭിച്ച യാത്ര, അടുത്ത ദിവസം ഉച്ചതിരിഞ്ഞ് നെല്ലൂരിലെത്തി. തുടര്‍ന്ന് മകനെയും കൂട്ടി മടക്ക യാത്ര തിരിച്ചു. ഏപ്രില്‍ എട്ടോടെയാണ് അവര്‍ രണ്ട് പേരും നാട്ടിലേക്ക് തിരിച്ചെത്തിയത്. വഴിയിലുടനീളം ഭക്ഷണം കഴിക്കാന്‍ അവര്‍ റൊട്ടി പായ്ക്ക് ചെയ്തിരുന്നു, ഇന്ധന സ്റ്റേഷനുകളില്‍ നിര്‍ത്തിയാണ് വിശ്രമിച്ചത്. 16 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടപ്പെട്ട റസിയ, രണ്ട് ആണ്‍ മക്കള്‍ക്കൊപ്പമായിരുന്നു താമസം.












Click it and Unblock the Notifications