'കമ്പനിയേയും ചെയർമാനേയും അപകീർത്തിപ്പെടുത്താൻ ചിലർ ഓവർടൈം പണിയെടുക്കുന്നു'; മഹുവയ്ക്കെതിരെ അദാനി ഗ്രൂപ്പ്
ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയ്ത്രക്കെതിരെ അദാനി ഗ്രൂപ്പ്. കമ്പനിയേയും ചെയർമാൻ ഗൗതം അദാനിയേയും വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ചില വ്യക്തികൾ ഓവർടൈം പണിയെടുക്കുന്നു എന്നാണ് കമ്പനി വക്താവ് വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചത്. അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ ചോദ്യം ചോദിക്കുന്നതിന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
ചില ഗ്രൂപ്പുകളും വ്യക്തികളും ഞങ്ങളുടെ പേരും വിപണി മൂല്യവും തകർക്കാൻ ഓവർടൈം പ്രവർത്തിക്കുന്നുണ്ടെന്ന 2023 ഒക്‌ടോബർ 9-ലെ ഞങ്ങളുടെ പ്രസ്താവനയെ സാധൂകരിക്കുന്നതാണ് ഈ ആരോപണം. ഈ പ്രത്യേക സാഹചര്യത്തിൽ, അദാനി ഗ്രൂപ്പിന്റെയും ഞങ്ങളുടെ ചെയർമാനായ ഗൗതം അദാനിയുടെയും സത്പേരും താൽപ്പര്യങ്ങളും തകർക്കാനുള്ള ഈ നീക്കം 2018 മുതൽ നിലവിലുണ്ടെന്നാണ് അഭിഭാഷകന്റെ പരാതി വെളിപ്പെടുത്തുന്നത്', വക്താവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം താഴേയ്ക്കുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒ സി സി ആര്‍ പി അടക്കം ചില അന്തര്‍ദേശീയ മാധ്യമങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തേയപം അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു.
പാർലമെൻറിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർഷൻ ഹിരാനന്ദാനിയിൽ നിന്നും മെഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം ഉയർന്നത്. മൊഹുവയ്ക്കെതിരെ സുപ്രീം കോടതി അഭിഭാഷകനായ ജയ് അനന്ത് ദെഹ്ദ്രോയി സിബിഐയെ സമീപിച്ചിരുന്നു. ഗൗതം അദാനിയെയും അദ്ദേഹത്തിന്റെ കമ്പനികളേയും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ച് അപകീർത്തിപ്പെടുത്താൻ മൊയ്‌ത്രയും ഹിരാനന്ദാനിയും ആസൂത്രണം നടത്തിയിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ബി ജെ പി എംപി നിഷികാന്ത് ദുബെയും മഹുവെയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എംപിക്കെതിരെ ദുബൈ സ്പീക്കർ ഓംബിർളയ്ക്ക് പരാതിയും നൽകിയിരുന്നു.
മെഹുവ ഉന്നയിച്ച 61 ചോദ്യങ്ങളിൽ 50 ഉം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും ഇതിനായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ദുബെയുടെ ആരോപണം.മാത്രമല്ല ലോക്സഭ വെബ്സൈറ്റിന്റെ ലോഗിൻ ഐഡിയും പാസ്വേഡും അടക്കം ഹിരാനന്ദാനിയ്ക്ക് മഹുവ നൽകിയെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ദുബൈ ഐടി മന്ത്രി അശ്വനി വൈഷ്ണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ദുബൈ പരാതിയിൽ പറയുന്നുണ്ട്.
അതേസമയം ആരോപണം ഞെട്ടിപ്പിക്കുന്നതും ലജ്ജാകരവുമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിലൂടെ പ്രതികരിച്ചു.












Click it and Unblock the Notifications