അന്ന് കർഷക സമരത്തിന് പിന്തുണ; ഇന്ന് ഗ്രേറ്റ് ഖാലി ബിജെപിയില്‍, മോദി മികച്ച പ്രധാനമന്ത്രിയെന്ന് താരം
ദില്ലി: ദ ഗ്രേറ്റ് ഖാലി എന്നറിയപ്പെടുന്ന ഗുസ്തി താരം ദലിപ് സിംഗ് റാണ ബി ജെ പിയില്‍ ചേര്‍ന്നു. ദില്ലി പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ രാജ്യസഭാ എംപി അരുണ്‍ സിങ്, സഹമന്ത്രി ജിതേന്ദ്ര സിങ്, ലോക്സഭാ എം പി സുനിത ദുഗ്ഗല്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഖാലി ബി ജെ പിയുടെ ഭാഗമായത്. ബി ജെ പിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് കാലി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യത്തിനായുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ശരിയായ പ്രധാനമന്ത്രിയാക്കുന്നതെന്ന് എനിക്ക് തോന്നുന്നത്. അതുകൊണ്ട്, രാജ്യത്തിന്റെ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ ചിന്തിച്ചു. ബിജെപിയുടെ ദേശീയ നയത്തില്‍ ആകൃഷ്ടനായാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ബാറ്റിസ്റ്റ, ഷോണ്‍ മൈക്കിള്‍സ്, ജോണ്‍ സീന, കെയ്ന്‍ തുടങ്ങിയ പ്രൊഫഷണല്‍ ഗുസ്തിക്കാരുമായി പോരാടിയ ഡബ്ല്യു ഡബ്ല്യു ഇ യൂണിവേഴ്‌സില്‍ റാണ എന്നാണ് അറിയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ ദിവസമാണ് അദ്ദേഹത്തിന്റെ ബിജെപിയിലേക്കുള്ള പ്രവേശനം. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുക്കുകയാണ്.
1995,1996 വര്‍ഷങ്ങളില്‍ മിസ്റ്റര്‍ ഇന്ത്യ പട്ടവും നേടിയിട്ടുണ്ട്. ഡബ്ല്യു ഡബ്ല്യു ഇ വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്മെന്റുമായി ( ഡബ്ല്യു ഡബ്ല്യു ഇ ) കരാറിലേര്‍പ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ സ്മാക്ക്ഡൗണ്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രൊഫഷണല്‍ റെസ്ലിംഗ് മേഖലയിലേക്കു വരും മുന്‍പ് പഞ്ചാബില്‍ ഒരു പോലീസ് ഓഫീസറായിരുന്നു.
Recommended Video
അതേസമയം, 2020ല്‍ ദില്ലി അതിര്‍ത്തിയില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കാലി പിന്തുണ അറിയിച്ചിരുന്നു. എല്ലാ ഇന്ത്യക്കാരോടും ഖാലി കര്‍ഷകരെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2000ല്‍ ആണ് ഖാലി പ്രൊഫഷണല്‍ ഗുസ്തിയില്‍ അരങ്ങേറ്റം കുറിച്ചത്.












Click it and Unblock the Notifications