ഗുസ്തി താരങ്ങളുടെ ഹർജി തീർപ്പാക്കി; പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി
ദില്ലി; ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയുമായി ബന്ധപ്പെ ഹർജി തീർപ്പാക്കി സുപ്രീം കോടതി.കേസെടുത്ത സാഹചര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഗുസ്തി താരങ്ങളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമരം നടത്തുന്ന താരങ്ങൾക്ക് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.'ഈ ഘട്ടത്തിൽ ഞങ്ങൾ നടപടികൾ അവസാനിപ്പിക്കുകയാണ്. ഹർജിക്കാർക്ക് ആവശ്യമെങ്കിൽ, മജിസ്‌ട്രേറ്റിനെയോ അധികാരപരിധിയിലുള്ള ഹൈക്കോടതിയെയോ സമീപിക്കാം', സുപ്രീം കോടതി പറഞ്ഞു.

ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് ഗുസ്തി താരങ്ങളായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്. കൈവശമുള്ള രേഖകൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു താരങ്ങൾ കോടതിയെ സമീപിച്ചത്.ബ്രിജ്ഭൂഷനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് താരങ്ങൾ കോടതിയെ അറിയിച്ചു.
രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിൽ എതിർപ്പില്ലെന്നും ഇവർ കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന് കൈവശമുള്ള രേഖകൾ സമർപ്പിക്കാൻ കോടതി താരങ്ങളോട് കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.
ബുധനാഴ്ച രാത്രി ഗുസ്തി താരങ്ങളും പോലീസും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സമരപന്തലിലേക്ക് കട്ടിലുകൾ എത്തിച്ചത് പോലീസ് തടഞ്ഞതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. പോലീസുകാർ വനിതാ താരങ്ങളെ മർദ്ദിച്ചതായും അധിക്ഷേപിച്ചതായും സമരക്കാർ ആരോപിച്ചിരുന്നു. തുടർന്ന് സാഹചര്യം സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. പോലീസും അർധസൈന്യവുമടക്കം ജന്ദർ മന്ദറിൽ നിലയുറപ്പിച്ചിരുന്നു.
സംഘർഷത്തിൻറെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി തയ്യാറായത്. കേസ് പരിഗണിക്കവെ എന്തുകൊണ്ടാണ് മുഴുവൻ ഇരകളുടേയും മൊഴി പോലീസ് രേഖപ്പെടുത്താത്തതെന്ന് കോടതി ചോദിച്ചു.എപ്പോഴാണ് മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തുകയെന്നും കോടതി ചോദിച്ചു.
പരാതി നൽകിയിട്ടും മണിക്കൂറുകൾ കഴിഞ്ഞാണ് റെസീപ്റ്റ് പോലും നൽകാൻ പോലീസുകാർ തയ്യാറായതെന്ന് സമരക്കാരുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. എന്നാൽ ഏഴ് പേരുടെ പരാതികൾ രേഖപ്പെടുത്താൻ സമയം എടുക്കും എന്നായിരുന്നു സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. അതേസമയം എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പരാതി തീർപ്പാക്കുന്നതായി കോടതി അറിയിച്ചു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ ദില്ലി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണിനെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.
കൂടുതൽ വിവരങ്ങൾ ഉടൻ












Click it and Unblock the Notifications