ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസിൽ; ഹരിയാനയിൽ സ്ഥാനാർത്ഥികളാകും?
ഡല്‍ഹി: ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് ഉച്ചയോടെ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇരുവരും കോൺഗ്രസിൽ ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി ഇരുവരേയും പാർട്ടിയിലേക്ക് സ്വീകരിച്ചു. .
ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജിവെച്ചശേഷമാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിനേഷ് രാജിവെച്ചപ്പോൾ തന്നെ കോൺഗ്രസിലേക്ക് എന്ന അഭ്യഹം ശക്തമായിരുന്നു. സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ പോരാടാന്‍ സന്നദ്ധമായ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പാർട്ടി പ്രവേശനത്തിന് പിന്നാലെ വിനേഷ് ഫോഗട്ട് പറഞ്ഞു.

'ഞങ്ങളെ റോഡിലേക്ക് വലിച്ചിഴക്കുമ്പോൾ ബി ജെ പി ഒഴികെയുള്ള എല്ലാ പാർട്ടികളും ഞങ്ങളെ പിന്തുണച്ചു. തെരുവ് മുതൽ പാർലമെന്റ് വരെ പോരാടാൻ തയ്യാറുള്ള, സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിയിൽ ചേർന്നതിൽ എനിക്ക് അഭിമാനം ഉണ്ട്. പോരാട്ടം ഇനിയും തുടരും അത് അവസാനിച്ചിട്ടില്ല, ഇപ്പോൾ വിഷയം കോടതിയിലാണ്. ആ പോരാട്ടവും ഞങ്ങൾ വിജയിക്കുക തന്നെ ചെയ്യും. ഇന്ന് ഞങ്ങൾക്ക് ലഭിച്ച പുതിയ വേദിയിലൂടെ രാജ്യത്തിന് വേണ്ടി ഞങ്ങൾ പ്രവർത്തിക്കും.
ഞങ്ങൾ ഹൃദയം കൊണ്ട് കൊണ്ടാണ് കളിച്ചിരുന്നത്. അതേരീതിയിൽ ജനങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രവർത്തിക്കും. എന്റെ സഹോദരിമാരോട് പറയാനുള്ളത് ഞങ്ങൾ അവർക്കൊപ്പം തന്നെ ഉണ്ടെന്നാണ്. നിങ്ങൾക്ക് വേണ്ടി ആരും ഇല്ലെങ്കിലും ഞാൻ അവരോടൊപ്പമുണ്ടാകും. ഞങ്ങൾ മനസിലാക്കിയതാണ്. തീർച്ചയായും ഞങ്ങൾ നിങ്ങൾക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു', വിനേഷ് ഫോഗട്ട് പറഞ്ഞു.
അതേസമയം തങ്ങളുടെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്ന ബിജെപി ഐടി സെൽ ആരോപണത്തിനെതിരെ ബജ്റംഗ് പൂനിയ രംഗത്തെത്തി. 'ഞങ്ങളുടെ ലക്ഷ്യം രാഷ്ട്രീയമായിരുന്നുവെന്നാണ് ബി ജെ പി പറയുന്നത്. അന്ന് പോരാട്ടത്തിൽ ഞങ്ങൾക്കൊപ്പം നിൽക്കാൻ എല്ലാ ബി ജെ പി വനിതാ എംപിമാരോടും അഭ്യർത്ഥിച്ചെങ്കിലും ആരും ഒപ്പം നിന്നില്ല. സ്ത്രീകൾക്ക് വേണ്ടി നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കൊപ്പനാണ് ബിജെപിയെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിയുന്നു. കോൺഗ്രസ് പാർട്ടിയെയും രാജ്യത്തെയും ശക്തിപ്പെടുത്താൻ ഞങ്ങൾ കഠിനമായി തന്നെ പ്രയത്നിക്കും', ബജ്റംഗ് പൂനിയ പറഞ്ഞു.
അതേസമയം ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരുവരും സ്ഥാനാർത്ഥികളായേക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications