കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുക; ഇല്ലെങ്കില്‍ ഹിന്ദു ജനസംഖ്യ കുറയും; വിവാദ പ്രസംഗവുമായി യതി നരസിംഹാനന്ദ
ദില്ലി: ഹരിദ്വാര്‍ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന വിവാദ ദര്‍ശകന്‍ യതി നരസിംഹാനന്ദ് വീണ്ടും വിവാദങ്ങളിലേക്ക്. വരും ദശകങ്ങളില്‍ രാജ്യത്ത് ഹിന്ദു ജനസംഖ്യയില്‍ കുറവ് വരുന്നത് തടയാന്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മ്ം നല്‍കണമെന്ന് അദ്ദേഹം ഹിന്ദു മത വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. 2029ല്‍ ഒരു അഹിന്ദു പ്രധാനമന്ത്രിയാകുമെന്ന് ഗണിതശാസ്ത്ര കണക്കുകള്‍ പറയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസിയാബാദിലെ ദസ്ന ക്ഷേത്രത്തിലെ പ്രധാന പുരോഹിതനാണ് ഇദ്ദേഹം.
ഒരിക്കല്‍ അഹിന്ദു പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യം ഹിന്ദുക്കള്‍ ഇല്ലാത്ത രാഷ്ട്രമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വത്തെ ഉണര്‍ത്തുന്നതിനായി മഥുര-ഗോവര്‍ദ്ധന്‍ മേഖലയില്‍ ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെ ധര്‍മ്മ സന്‍സദ് സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയയം, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17 മുതല്‍ 19 വരെ ഹരിദ്വാറില്‍ മുസ്ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുമ്പോഴാണ് അദ്ദേഹം വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
കൂടാതെ കഴിഞ്ഞ ഞായറാഴ്ച ഡല്‍ഹിയിലെ ബുരാരി ഗ്രൗണ്ടില്‍ നടന്ന 'ഹിന്ദു മഹാപഞ്ചായത്തില്‍' പങ്കെടുത്ത അദ്ദേഹം, ഒരു മുസ്ലീം ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 20 വര്‍ഷത്തിനുള്ളില്‍ '50 ശതമാനം ഹിന്ദുക്കളും മതം മാറും' എന്ന് പരാമര്‍ശിക്കുകയും നിലനില്‍പ്പിന് വേണ്ടി പോരാടാന്‍ ഹിന്ദുക്കളോട് ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഈ പരിപാടി നടത്താന്‍ അന്ന് ദില്ലി പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
അതേസമയം, ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ നടന്ന വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഈ കേസില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം വസീം റിസ്വിയെന്ന ജിതേന്ദ്ര ത്യാഗിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജിതേന്ദ്രയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണയില്‍ വെച്ചാണ് നരസിംഹാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് എഫ്ഐ ആറില്‍ അഞ്ചാമത്തെ പ്രതിയാണ് യതി നരസിംഹാനന്ദ്. ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനും മത കേന്ദ്രങ്ങള്‍ ആക്രമിക്കാനുമായിരുന്നു സന്‍സദില്‍ ആഹ്വാനം നടന്നത്.
റസ്വിക്കും നരസിംഹാനന്ദയ്ക്കും പുറമെ ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ എന്നിങ്ങനെ 10 ലധികം പേര്‍ക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.












Click it and Unblock the Notifications