ജഗനെ പൂട്ടാന്‍ ഇനി കോണ്‍ഗ്രസിന്റെ ആയുധം സഹോദരി: പാർട്ടി അംഗത്വം സ്വീകരിച്ച് വൈഎസ് ശർമ്മിള
ഡല്‍ഹി: 13 വർഷത്തിന് ശേഷം കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി വൈഎസ് ശർമ്മിള. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഏറ്റവും ശക്തമായ നീക്കമായിട്ടാണ് വൈഎസ് ശർമ്മിളയെ പാർട്ടിയിലേക്ക് എത്തിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ വൈ എസ് രാജശേഖർ റെഡ്ഡിയുടെ പൈതൃകവും രാഷ്ട്രീയ പാരമ്പര്യവും അവകാശപ്പെടാനും കോണ്‍ഗ്രസിന് സാധിക്കും.
വൈ എസ് രാജശേഖർ റെഡ്ഡിയുടെ മരണത്തിന് പിന്നാലെ കോണ്‍ഗ്രസുമായി അദ്ദേഹത്തിന്റെ കുടുംബം തെറ്റിപ്പിരിയുകയായിരുന്നു. ഇതിന് ശേഷമാണ് മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി വൈഎസ്ആർ കോണ്‍ഗ്രസ് രൂപീകരിക്കുന്നതും ആന്ധ്രയില്‍ അധികാരം പിടിക്കുന്നതും. ആദ്യഘട്ടത്തില്‍ സഹോദരി ശർമ്മിളയും ജഗന്റെ പാളയത്തിലായിരുന്നു. എന്നാല്‍ പിന്നീട് തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ചു.

വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പില്‍ ശർമ്മിളയെ മുന്നില്‍ നിർത്തിയായിരിക്കും കോണ്‍ഗ്രസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ നേരിടുക. ആന്ധ്രാപ്രദേശ് കോണ്‍ഗ്രസിന്റെ തലപ്പത്തേക്കും വൈഎസ് ശർമ്മിള എത്തിയേക്കും. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളായി വിഭജിച്ചതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ കേവലം 2 ശതമാനത്തിൽ താഴെ വോട്ടുകളുള്ള പാർട്ടിയായി ചുരുങ്ങിപ്പോയ കോൺഗ്രസിന് ജീവൻ പകരുക എന്നതാണ് ഷർമിളയുടെ മുന്നിലുള്ള ഏറ്റവും പ്രധാന ദൗത്യം.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ അംഗത്വം സ്വീകരിച്ചതിന് ശേഷം മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ശർമ്മിള വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു. ജഗൻ ഭരണ വിരുദ്ധത നേരിടുന്നുണ്ടെന്നും ഇപ്പോൾ ജഗന്റെ വൈഎസ്ആർ കോൺഗ്രസുമായി ചേർന്ന് നിൽക്കുന്ന മുൻ കോൺഗ്രസുകാരെ ആകർഷിക്കുന്നതിനൊപ്പം പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തേജകമായി ശർമ്മിളയുടെ സാന്നിധ്യം പ്രവർത്തിക്കുമെന്നുമാണ് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നത്.
തെലങ്കാനയിൽ കോൺഗ്രസിന്റെ ഭാഗമാകാൻ ശർമിള ആദ്യം ആഗ്രഹിച്ചിരുന്നുവെങ്കിലും എ രേവന്ത് റെഡ്ഡിയുടെ കടുത്ത എതിർപ്പുകള്‍ മൂലം അത് നടക്കാതെ വരികയായിരുന്നു. "വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്... കോൺഗ്രസ് ഇപ്പോഴും രാജ്യത്തെ ഏറ്റവും വലിയ മതേതര പാർട്ടിയാണ്, അത് എല്ലായ്പ്പോഴും ഇന്ത്യയുടെ യഥാർത്ഥ സംസ്കാരം ഉയർത്തിപ്പിടിച്ചു, കോൺഗ്രസ് നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്തു എല്ലാ സമുദായങ്ങളെയും അചഞ്ചലമായി സേവിക്കുകയും ഐക്യത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നു. " പാർട്ടിയിൽ ചേർന്ന ശേഷം ശർമ്മിള പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച രാജശേഖർ റെഡ്ഡി, ജീവിതകാലം മുഴുവൻ കോൺഗ്രസിനെ സേവിക്കുക മാത്രമല്ല, പാർട്ടിയെ സേവിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ഇതിഹാസ നേതാവായിരുന്നുവെന്നും ശർമ്മിള വ്യക്തമാക്കി. "ഇന്ന് തന്റെ മകൾ അദ്ദേഹത്തിന്റെ പാത പിന്തുടരുകയും കോൺഗ്രസിന്റെ ഭാഗമാകുകയും ചെയ്യുന്നത് അദ്ദേഹത്തിന് വലിയ സന്തോഷം നൽകുന്ന കാര്യമാണ്... രാഹുൽ ഗാന്ധിയെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കാണുക എന്നത് അച്ഛന്റെ സ്വപ്നമായിരുന്നു, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. അത് സാധ്യമാക്കുന്നതിൽ ഞാൻ ഒരു ഭാഗമാകാൻ പോകുന്നു, "അവർ പറഞ്ഞു.
ബിആർഎസ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ തെലങ്കാന തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനെക്കുറിച്ചും അവർ ഓർത്തു. അതേസമയം തെലങ്കാനയിലെ കോൺഗ്രസ് വിജയത്തിന് തനിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ ഏറ്റവും സന്തോഷമുണ്ട്. കർണാടക, തെലങ്കാന വിജയങ്ങൾക്ക് കാരണമായത് ഭാരത് ജോഡോ യാത്രയാണെന്നും രാഹുൽ ഗാന്ധിക്ക് തങ്ങളുൾപ്പെടെയുള്ളവരുടെ ആത്മവിശ്വാസം വർധിപ്പിച്ചെന്നും ശർമ്മിള പറഞ്ഞു.
ഒരു മതേതര പാർട്ടി അധികാരത്തിൽ ഇല്ലെങ്കിൽ മണിപ്പൂർ കലാപം പോലുള്ള കാര്യങ്ങൾ സംഭവിക്കും. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ, മണിപ്പൂരിൽ ഇത്തരമൊരു ക്രൂരത നടന്നത് എന്നെ വേദനിപ്പിച്ചു. ഏകദേശം 2,000 പള്ളികൾ കത്തിക്കുകയും 60,000 പേരെ ഭവനരഹിതരാക്കുകയും ചെയ്തു. അത്തരം ക്രൂരത എനിക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും ശർമ്മിള കൂട്ടിച്ചേർത്തു.












Click it and Unblock the Notifications