കാനഡയില്‍ 10 പേരെ കുത്തിക്കൊലപ്പെടുത്തി: 15 പേർക്ക് പരിക്ക്, 2 പ്രതികള്‍ക്കായി തിരച്ചില്‍
ഒട്ടാവ: കാനഡയില്‍ പത്ത് പേരെ കുത്തിക്കൊലപ്പെടുത്തി. സസ്‌കാഷെവാൻ പ്രവിശ്യയിൽ ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. 15 ലേറെ പേർക്ക് പരിക്കേറ്റും. ആക്രമണത്തിന് പിന്നിൽ രണ്ട് പേരുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്നും ഇവർ കാറില്‍ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ റോണ്ട ബ്ലാക്ക്‌മോർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു. സ്മിത് ക്രീ ഫസ്റ്റ് നാഷണൽ ഏരിയാ, പ്രിൻസ് ആൽബർട്ടാ, റീജിന എന്നിവിടങ്ങളിൽ സംശയാസ്പദമായ രീതിയിൽ ആളുകളെ കണ്ടാൽ വിവരം 911 എന്ന എമർജൻസി നമ്പറിൽ അറിയിക്കാനും പൊലീസ് നിർദേശമുണ്ട്.

മൈൽസ്, ഡാമിയൻ സാൻഡേഴ്‌സൺ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2,500 ല്‍ താഴെ മാത്രം ജനസംഖ്യയുള്ള ജെയിംസ് സ്മിത്ത് ക്രീ നേഷില്‍ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, അതേസമയം സസ്‌കാച്ചെവൻ പ്രവിശ്യയിലെ നിവാസികളോട് വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉള്‍പ്പടേയുള്ളവർ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് വന്നു. ട്വീറ്റിൽ ആക്രമണങ്ങളെ "ഭയങ്കരവും ഹൃദയഭേദകവും" എന്നാണ് ട്രൂഡോ വിശേഷിപ്പിച്ചത്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

"ഇരകളിൽ ചിലരെ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നുവെന്നും ഇവർക്കെതിരേയുള്ള അക്രമത്തില്‍ മറ്റുള്ളവരും ഉള്‍പ്പെടുകയായിരുന്നുവെന്നാണ്" അധികൃതർ വിശ്വസിക്കുന്നതെന്നും ബ്ലാക്ക്മോർ പറഞ്ഞു. രാവിലെ 5:40ന് (11:40 ജിഎംടി) ജെയിംസ് സ്മിത്ത് ഫസ്റ്റ് നേഷനിൽ അക്രമം നടന്നതായി പോലീസിന് ഒരു കോൾ ലഭിച്ചുവെന്നും തുടർന്ന് കൂടുതൽ സ്ഥലത്ത് അക്രമം റിപ്പോർട്ട് ചെയ്തുകൊണ്ട് കൂടുതല്‍ കോളുകള്‍ എത്തുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

"വളരെയധികം ഗുരുതരാവസ്ഥയിലുള്ള രോഗികളെ" കൈകാര്യം ചെയ്യാൻ എമർജൻസി പ്രോട്ടോക്കോളുകൾ സജീവമാക്കിയിട്ടുണ്ടെന്ന് സസ്‌കാച്ചെവൻ ഹെൽത്ത് അതോറിറ്റിയും വ്യക്തമാക്കി. കുത്തേറ്റവരെ കൊണ്ടുപോകുന്നതിനും ഒരു ഡോക്ടറെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരുന്നതിനുമായി സസ്‌കറ്റൂണിൽ നിന്നും റെജീനയിൽ നിന്നും വിദൂര വടക്കൻ പ്രദേശത്തേക്ക് മൂന്ന് മെഡിക്കല്‍ ഹെലികോപ്റ്ററുകൾ അയക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ












Click it and Unblock the Notifications