യുദ്ധമേഖലയില്‍ ആയിരത്തോളം ഇന്ത്യന്‍ പൗരന്മാര്‍; ഒഴിപ്പിക്കാന്‍ ബസുകള്‍ ക്രമീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കിഴക്കന്‍ യുക്രെയ്നിലെ സംഘര്‍ഷ മേഖലകളായ ഹാര്‍കീവില്‍ 300ഉം സുമിയില്‍ 700ഉം ഇന്ത്യക്കാര്‍ അടക്കം ആകെ 1000 പേര്‍ കുടുങ്ങിക്കിടക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അവരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാന്‍ ബസുകള്‍ ക്രമീകരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.
അവസാനത്തെ ആളെയും ഒഴിപ്പിക്കുന്നതുവരെ ഞങ്ങള്‍ ഓപ്പറേഷന്‍ ഗംഗ തുടരും. ഏകദേശം 2,000-3,000 ഇന്ത്യക്കാര്‍ യുക്രെയിനില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സംഖ്യ ചിലപ്പോള്‍ വ്യത്യാസപ്പെട്ടേക്കാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കിഴക്കന്‍ യുക്രെയ്നിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്തെത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ശ്രദ്ധ. ഞങ്ങളുടെ പൗരന്മാരെ പുറത്തെടുക്കാന്‍ കഴിയുന്ന വഴികള്‍ കണ്ടെത്താന്‍ ഞങ്ങള്‍ ഇരുവിഭാഗങ്ങളോടും (റഷ്യയും ഉക്രെയ്‌നും) അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രാദേശിക വെടിനിര്‍ത്തല്‍ ഇതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ കുടുങ്ങിയ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 800-900 പേര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തങ്ങളുടെ ഹോസ്റ്റലുകളില്‍ കുടുങ്ങിയതായി അറിയുന്നു. കൂടാതെ വെടിവെപ്പും ഷെല്ലാക്രമണവും പുറത്ത് മരവിപ്പിക്കുന്ന താപനിലയും ഉണ്ടെന്നാണ് സൂചന. സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് ഒരു വിവരവും ലഭിച്ചില്ല. ഇവിടെ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള റഷ്യന്‍ അതിര്‍ത്തിയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്ന് ചിലര്‍ പറയുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ഞങ്ങള്‍ ഹോസ്റ്റലില്‍ നിന്ന് നടന്നാല്‍, നാല് ദിശകളിലും, എല്ലായിടത്തും സ്‌നൈപ്പര്‍മാര്‍ ഉണ്ട്. വ്യോമാക്രമണത്തെ ഞങ്ങള്‍ ഭയപ്പെടുന്നു. ഓരോ 20 മിനിറ്റിലും ബോംബാക്രമണം നടക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു. ഞങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയോട് അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഞങ്ങളെ ഇവിടെ നിന്ന് പുറത്തെത്തിക്കുക, അല്ലെങ്കില്‍ ഞങ്ങള്‍ കൊല്ലപ്പെട്ടെക്കാം. ഇവിടെ നിന്ന് ഞങ്ങള്‍ ഒറ്റയ്ക്കിറങ്ങി നടന്നാല്‍ ഞങ്ങള്‍ കൊല്ലപ്പെട്ടേക്കാം. ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു, ദയവായി ഞങ്ങളെ സഹായിക്കൂ- വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇവിടെ ഭക്ഷണമില്ല, വെള്ളമില്ല. ശുചിമുറികളില്‍ വെള്ളമില്ല. ഇന്നലെ രാത്രി മുതല്‍ പലര്‍ക്കും കുടിക്കാന്‍ വെള്ളം ലഭിച്ചിട്ടില്ല. ഞങ്ങള്‍ വളരെ ആശങ്കാകുലരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം, ഖാര്‍കീവ്, സുമി, കൈവ് എന്നിവിടങ്ങളില്‍ ശക്തമായ പോരാട്ടം നടക്കുമെന്ന് ഇന്ത്യന്‍ എംബസി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. സുമിയില്‍ ട്രെയിനുകളും ബസുകളും ഓട്ടം നിര്‍ത്തിയതായും നഗരത്തിന് പുറത്തുള്ള റോഡുകളും പാലങ്ങളും തകര്‍ന്നതായും ശക്തമായ തെരുവ് പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
ഫെബ്രുവരി പകുതിയോടെ ഇന്ത്യ ആദ്യ യാത്രാ ഉപദേശം പുറപ്പെടുവിച്ചതിന് ശേഷം ഏകദേശം 20,000 ഇന്ത്യക്കാര്‍ യുക്രെയ്നിന്റെ അതിര്‍ത്തി വിട്ടുപോയതായി ബാഗ്ചി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15 വിമാനങ്ങള്‍ ഇന്ത്യയില്‍ വന്നിറങ്ങി, 3000-ത്തിലധികം പൗരന്മാരെ തിരികെ കൊണ്ടുവന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 16 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ ഇതുവരെ 48 വിമാനങ്ങളിലായി 10,300 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നെന്നും കേന്ദ്രം വ്യക്തമാക്കി.
യുക്രെയ്നിലെ ഖാര്‍കിവ്, സുമി നഗരങ്ങളില്‍ നിന്ന് കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും മറ്റ് വിദേശികളെയും ബെല്‍ഗൊറോഡ് മേഖലയിലേക്ക് മാറ്റാന്‍ റഷ്യ 130 ബസുകള്‍ അയയ്ക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ സൈനിക ജനറല്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിച്ച് യുക്രെയ്‌നിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതിന് തൊട്ടുപിന്നാലെയാണ് റഷ്യന്‍ നാഷണല്‍ ഡിഫന്‍സ് കണ്‍ട്രോള്‍ സെന്റര്‍ മേധാവി കേണല്‍ ജനറല്‍ മിഖായേല്‍ മിസിന്റ്‌സെവ് ഇക്കാര്യം വ്യക്തമാക്കിയത്.












Click it and Unblock the Notifications