മോദിയുടെ അഭിസംബോധന ബഹിഷ്‌കരിക്കാന്‍ 2 വനിതകള്‍; ആരാണ് ഇല്‍ഹാന്‍ ഒമറും, റാഷിദ തലൈബും
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ ചെറിയൊരു വിവാദം കൂടി ഉണ്ടായിരിക്കുകയാണ്. മോദിയുടെ യുഎസ് കോണ്‍ഗ്രസ് അഭിസംബോധന ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ രണ്ട് വനിതാ നേതാക്കള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. രണ്ട് മുസ്ലീം നേതാക്കള്‍ കൂടിയാണ് ഇവര്‍. അമേരിക്കന്‍ കോണ്‍ഗ്രസിലെ മിനസോട്ടയില്‍ നിന്നുള്ള പ്രതിനിധി ഇല്‍ഹാന്‍ ഒമര്‍, മിഷിഗണില്‍ നിന്നുള്ള പ്രതിനിധി റാഷിദ തലൈബ് എന്നിവരാണ് മോദിയുടെ പ്രസംഗത്തെ ബഹിഷ്‌കരിക്കുന്നത്.
അതേസമയം ഇല്‍ഹാന്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ വിവാദ നേതാവ് കൂടിയാണ്. നിരന്തരം ഇന്ത്യാ വിമര്‍ശനം നടത്താറുമുണ്ട് അവര്‍. ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെ തുടര്‍ന്നാണ് മോദിയുടെ പ്രസംഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കാന്‍ കാരണമെന്ന് ഇരുവരും അറിയിച്ചു. "മോദിയെ പോലൊരു നേതാവിന്, നമ്മുടെ രാജ്യ തലസ്ഥാനത്ത് വേദിയൊരുക്കുന്നത് നാണക്കേടാണ്".

"മനുഷ്യാവകാശ ധ്വംസനങ്ങള്‍, ജനാധിപത്യ വിരുദ്ധ നടപടികള്‍, മുസ്ലീങ്ങളെയും മതന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തല്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തല്‍ എന്നിവയെല്ലാം, മോദിയുടെ ഭരണത്തിന് കീഴില്‍ നടക്കുന്നുണ്ട്. അത് അംഗീകരിക്കാന്‍' സാധിക്കുന്നതല്ലെന്നും റാഷിദ തലൈബ് ട്വീറ്റ് ചെയ്തു.ഈ കാരണങ്ങള്‍ കൊണ്ടാണ് മോദിയുടെ സംയുക്ത അഭിസംബോധന ബഹിഷ്‌കരിക്കുന്നതെന്നും റാഷിദ വ്യക്തമാക്കി.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ രാജ്യത്ത് ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് ഇല്‍ഹാന്‍ ഒമറും ആരോപിച്ചു. മോദി സര്‍ക്കാര്‍ അക്രമാസക്തരായ ഹിന്ദു ദേശീയവാദ ഗ്രൂപ്പുകളെ ശക്തിപ്പെടുത്തുകയാണ്. മാധ്യമപ്രവര്‍ത്തകരെയും, മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ നിശബ്ദമാക്കാന്‍" ശ്രമിക്കുകയാണെന്നും ഇല്‍ഹാന്‍ ട്വീറ്റ് ചെയ്തു.
ഇന്നാണ് അവര്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രസംഗത്തില്‍ പങ്കെടുക്കുന്നതിന് പകരം മോദിയുടെ അടിച്ചമര്‍ത്തലിന്റെയും, അക്രമങ്ങളുടെയും കണക്കുകള്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് മുന്നില്‍ വിവരിക്കുമെന്നും അവര്‍ വ്യക്തമാക്കി. മിനസോട്ടയിലെ അഞ്ചാം ജില്ലയെ 2019 മുതല്‍ പ്രതിനിധീകരിക്കുന്നുണ്ട് ഇല്‍ഹാന്‍ ഒമര്‍. ഹിന്ദുഫോബിയ പടര്‍ത്തുന്നതില്‍ മുന്‍നിരയിലാണ് ഇല്‍ഹാന്റെ സ്ഥാനമെന്ന് നിരവധി യുഎസ്സ് ഹിന്ദു ഗ്രൂപ്പുകള്‍ നേരത്തെ ആരോപിച്ചിരുന്നു.
2022ല്‍ യുഎസിന്റെ റിലീജ്യസ് ഫ്രീഡം കമ്മീഷന്റെ നിര്‍ദേശപ്രകാരം, ഇന്ത്യയെ പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് നിര്‍ദേശിക്കുന്ന പ്രമേയത്തെ ഇല്‍ഹാന്‍ ഒമര്‍ പിന്തുണച്ചിരുന്നു. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഈ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നേരത്തെ പാക്കധീന കശ്മീര്‍ സന്ദര്‍ശിച്ചും ഇല്‍ഹാന്‍ ഒമര്‍ വിവാദമുണ്ടാക്കിയിരുന്നു.
കശ്മീരി ഹിന്ദു ആരതി ടിക്കു സിംഗിനെ ആക്രമിച്ച സംഭവവും ഇല്‍ഹാന്‍ ഒമറിനെ വിവാദ നായികയാക്കിയിരുന്നു. പാകിസ്താനില്‍ നിന്നുള്ള തീവ്രവാദികള്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തെയും, കശ്മീരി പണ്ഡിറ്റുകളുടെ വംശീയ ഉന്മൂലത്തെയും ഇല്‍ഹാന്‍ ഒരിക്കലും ഗൗരവത്തിലെടുത്തിട്ടില്ലെന്നും, വിലകുറച്ച് കാണുകയാണ് ചെയ്യുന്നതെന്നും ആരോപണം നേരിടുന്നുണ്ട്.












Click it and Unblock the Notifications