65കാരി മുതലക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു
ബാങ്കോക്ക്: നൂറോളം മുതലകളുള്ള കുളത്തിലേക്ക് ചാടി 65 കാരി ആത്മഹത്യ ചെയ്തു. തായ്‌ലന്‍ഡിലെ ബാങ്കോക്കിലാണ് വ്യത്യസ്തമായ ഈ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബാങ്കോക്കിന്റെ ഉള്‍പ്രദേശത്തുളള ഒരു ടൂറിസ്റ്റ് ഫാമിലായിരുന്നു സംഭവം. കാഴ്ചബംഗ്ലാവും ഫാം ഹൗസും ചേര്‍ന്ന ഈ സ്ഥലം ബാങ്കോക്കിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.
വെള്ളിയാഴ്ച രാവിലെ ഫാമിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങുന്ന സമയത്തായിരുന്നു 65 കാരി കുളത്തിലേക്ക് ചാടിയത്. മുതലക്കുളത്തിന്റെ അരികിലേക്ക് സന്ദര്‍ശര്‍ക്ക് പ്രവേശനമില്ല. മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കേണ്ടവരെ പോലും കുളത്തിന്റെ തൊട്ടടുത്തേക്ക് അടുപ്പിക്കാറില്ല എന്ന് കാഴ്ചബംഗ്ലാവ് അധികൃതര്‍ പറഞ്ഞു.

കുളത്തിന്റെ ഒത്ത നടുവിലേക്കാണ് ഇവര്‍ ചാടിയത്. പൂര്‍ണ വളര്‍ച്ചയെത്തിയ നൂറോളം മുതലകളാണ് കുളത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞു. ആത്മഹത്യ ചെയ്ത സ്ത്രീ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്ന് സഹോദരി സാമത് പ്രകാന്‍ പോലീസിന് മൊഴി നല്‍കി.
ബാങ്കോക്കില്‍ നിന്നും ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ ഈ ഫാം ഹൗസിലെത്താം. ബാങ്കോക്കിലെ പ്രശസ്തമായ ടൈഗര്‍, മുതല ഫാമുകളില്‍ ഒന്നാണ് ഇത്. വിനോദ സഞ്ചാരികള്‍ക്ക് മുതലകളെ കാണാനായി ഒരുക്കിയിരുന്ന സ്ഥലത്ത് നിന്നുമാണ് ഇവര്‍ കുളത്തിന്റെ നടുവിലേക്ക് ചാടിയത്. മുതലകളുടെ കടിയേറ്റ് ഇവര്‍ ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications