വത്തിക്കാനില്‍ തമിഴില്‍ പ്രാർത്ഥനാ ഗീതം മുഴങ്ങി: ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു
വത്തിക്കാന്‍; ദേവസഹായം പിള്ളയെ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഫ്രാന്‍സിസ് മാർപ്പാപ്പ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചത്. തമിഴില്‍ ഉള്‍പ്പടേയുള്ള പ്രാർത്ഥനാ ഗീതങ്ങളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. വത്തിക്കാനിലെ തമിഴ് ക്രിസത്യന്‍ സന്യാസികളാണ് തമിഴിലെ പ്രാർത്ഥനാ ഗീതം ബസേലിക്കയില്‍ ആലപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾക്ക് വിശുദ്ധ പദവി ലഭിക്കുന്നത്.
തമിഴ്നാട്ടിലെ ക്രിസ്ത്യാനികൾക്കിടയിൽ പ്രഖ്യാപനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ന്യൂനപക്ഷ ക്ഷേമ, പ്രവാസി തമിഴ് ക്ഷേമ വകുപ്പ് മന്ത്രി കെ എസ് മസ്താൻ ഉള്‍പ്പടേയുള്ളവർ തമിഴ്‌നാട് സർക്കാരിന് വേണ്ടി റോമില്‍ പോയിട്ടുണ്ട്. വിവര സാങ്കേതിക മന്ത്രി ഡി. മനോതങ്കരാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവി പീറ്റർ അൽഫോൺസ് എന്നിവരും വത്തിക്കാനിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ അല്‍മായ രക്തസാക്ഷിയാണ് ദേവസാഹയം പിള്ള. ദേവസഹായം പിള്ളയടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചത്. വിശുദ്ധ പ്രഖ്യാപന സമയത്ത് ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയിലും പ്രത്യേക കൃതജ്ഞത ബലി അർപ്പിച്ചു. കന്യാകുമാരി ജില്ലയില്‍ വരുന്ന കോട്ടാര്‍, കുഴിത്തുറ രൂപതകളില്‍ വിശുദ്ധപദപ്രഖ്യാപനത്തിനു മുന്നോടിയായി നിരവധി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ സംഘടിപ്പിച്ചിരുന്നു. 2012 ഡിസംബര്‍ 2 ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു.
മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥനായിരുന്നു ദേവസായം പിളള. നീലകണ്ഠപിള്ള എന്നായിരുന്നു യഥാർത്ഥ പേര്. പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് 1712 ഏപ്രില്‍ 23 നാണ് ജനനമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒരു ഡച്ച് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും.
1745-ലാണ് അദ്ദേഹം ജ്ഞാന സ്‌നാനം സ്വീകരിക്കുകയും ലാസര്‍ എന്ന മാമോ ദീസാപേരിന്റെ മലയാളം അര്‍ത്ഥം വരുന്ന ദേവസഹായം പിള്ളയെന്ന് പേര് സ്വീകരിക്കുകയും ചെയ്യുന്നത്. ദേവസാഹയം പിള്ളയെ രാജദ്രോഹ കുറ്റം ചുമത്തി കാരാഗൃഹത്തിൽ അടയ്ക്കുകയും പിന്നീട് 1752 ജനുവരി 14 നു കാട്ടാടി മലയില്‍ വെച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് പിള്ളയെ കൊലപ്പെടുത്തയതെങ്കിലും കൊട്ടാരം ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ മതം മാറി എന്നതാണ് യഥാര്‍ത്ഥത്തില്‍ അതിനു കാരണമായതെന്നു കരുതപ്പെടുന്നു












Click it and Unblock the Notifications