ഒടുവില്‍ നവാസ് ഷെറീഫ് തിരിച്ചറിഞ്ഞു; സൈന്യത്തിന് കര്‍ശനതാക്കീത്,പാകിസ്താന്‍ ഭീകരവിരുദ്ധരാഷ്ട്രമാകുമോ
ഇസ്ലാമാബാദ്: പാക് സൈന്യത്തിന് മുന്നറിയിപ്പുമായി പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാട് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ രാജ്യത്തെ ഒറ്റപ്പെടുത്തുമെന്ന് കാണിച്ചാണ് പാകിസ്താന്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവച്ചത്.
തിങ്കളാഴ്ച നടന്ന സര്‍വ്വകക്ഷി യോഗത്തെ തുടര്‍ന്നാണ് പാകിസ്താനിലെ ഭീകര സംഘടനകള്‍ക്കെതിരെ പോരാടാനുള്ള തീരുമാനം. ജമ്മു കശ്മീരിലെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹം ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു, ഇതിന് പിന്നാലെയാണ് സൈന്യത്തോടുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം.

ഐസ്‌ഐ കമാന്‍ഡോകള്‍
ഐസ്എസ്‌ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന്‍ അഖ്തര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ജന്‍ജ്വ എന്നിവര്‍ പാകിസ്താനിലെ നാല് പ്രവിശ്യകളില്‍ സഞ്ചരിച്ച് ഐസ്‌ഐ കമാന്‍ഡോകള്‍ക്ക് ഭീകരര്‍ക്കെതിരെ പോരാടാനുള്ള സന്ദേശം കൈമാറിയെന്ന് പാക് ദിനപത്രമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്റലിജന്‍സ് ഏജന്‍സികള്‍
ഭീകരസംഘടനകള്‍ക്കെതിരെ സൈന്യം നടത്തുന്ന നിയമനടപടികളില്‍ ഇടപെടരുതെന്ന് സൈന്യത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരസംഘടനകള്‍ നിരോധിക്കാനുള്ള തീരുമാനങ്ങളും പരിഗണനയിലുണ്ട്.

ഭീകരാക്രമണം
പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിച്ച് പുതിയ അന്വേഷണം ആരംഭിക്കാനും മുബൈ ഭീകരാക്രമണക്കേസില്‍ വിചാരണ ആരംഭിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതിയിലായിരിക്കും വിചാരണ നടക്കുക.

സൈനിക തലവന്മാര്‍
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സൈനിക തലവന്മാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ വെളിപ്പെടുത്താത്ത യോഗത്തിലെ തീരുമാനമാണ് പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭീകരര്‍ക്കെതിരെ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ലോകരാഷ്ട്രങ്ങള്‍ നയതന്ത്രപരമായി തങ്ങളെ ഒറ്റപ്പെടുത്തുമെന്നാണ് പാകിസ്താന്‍ ഭയക്കുന്നത്.

കേസുകളുടെ വിചാരണ
പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ്, ഐസ്എസ്‌ഐ ഡയറക്ടര്‍ ജനറലുമായി ഉണ്ടായ വാക്‌പോരിനൊടുവിലാണ് ഇന്ത്യയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടത്.

ഇന്ത്യയ്ക്ക് പിന്തുണ
പത്താന്‍കോട്ടിലെ ഭീകരാക്രമണം, ഉറി ഭീകരാക്രമണം എന്നിവയെ തുടര്‍ന്ന് പാകിസ്താനെതിരെ ഇന്ത്യ നിര്‍ണ്ണായക തെളിവുകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയെങ്കിലും പാകിസ്താന്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പാകിസ്താന്റെ ഭീകരരെ പിന്തുണയ്ക്കുന്ന നിലപാടിനെ ചോദ്യം ചെയ്ത ഇന്ത്യ പാകിസ്താനില്‍ നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടി ബഹിഷ്‌കരിച്ചത് സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് പിന്തുണ ലഭിക്കാനിടയാക്കി.

ബഹിഷ്‌കരിക്കാനുള്ള സന്നദ്ധത
പാകിസ്താന്റെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടുകളോടുള്ള എതിര്‍പ്പ് ചൂണ്ടിക്കാണിച്ച് ഇന്ത്യ രംഗത്തെത്തിയതോടെ നാല് അംഗ രാജ്യങ്ങള്‍ ഉച്ചകോടി ബഹിഷ്‌കരിക്കാനുള്ള സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ ഉറി ഭീകരാക്രമണത്തിന് ശേഷം അമേരിക്കയും ബ്രിട്ടനും പാകിസ്താനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഐക്യരാഷ്ട്ര സഭയില്‍
ഭീകരസംഘടനായ ജെയ്‌ഷെ മുഹമ്മദ് തലവന് നിരോധനമേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്ര സഭയില്‍ എതിര്‍ത്ത ചൈന ഭീകര സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതും പാകിസ്താന് തിരിച്ചടിയാവും. അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് ചൈനയുടേത്.












Click it and Unblock the Notifications