പാകിസ്താന്‍ ഭയക്കുന്നു; കശ്മീരിനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല... യുഎഇയുടെ സഹായം ലഭിച്ചത് ഭാഗ്യം
ദുബായ്: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ യുഎഇ സന്ദര്‍ശനം ശ്രദ്ധേയമായത് വേറിട്ട രീതിയില്‍. ഇന്ത്യയ്‌ക്കെതിരെ അറബ് രാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായ വഴിയാണ് ഷഹ്ബാസ് സ്വീകരിക്കുന്നത്. ആദ്യം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിന് എന്ന് വിലയിരുത്തുന്നു.
അറബ് ലീഗ്, യുഎന്‍, ഒഐസി തുടങ്ങി മിക്ക അന്താരാഷ്ട്ര വേദികളിലും ഇന്ത്യയെ വെട്ടിലാക്കുന്ന ചില നീക്കങ്ങള്‍ പാകിസ്താന്‍ നടത്താറുണ്ട്. എന്നാല്‍ യുഎഇയില്‍ അതുണ്ടായില്ല. കശ്മീരിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെയാണ് ഷഹ്ബാസ് യുഎഇയില്‍ നിന്ന് മടങ്ങിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയ്‌ക്കെതിരായ വികാരം അന്തര്‍ദേശീയ തലത്തില്‍ നിലനിര്‍ത്താന്‍ എപ്പോഴും ശ്രമിക്കുക പാകിസ്താന്റെ പതിവാണ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളാണ് പാകിസ്താന്‍ വിവാദമാക്കി ഉയര്‍ത്തിക്കാട്ടുക. എന്നാല്‍ കഴിഞ്ഞ ദിവസം യുഎഇയിലെത്തിയ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് കശ്മീര്‍ വിഷയം മിണ്ടിയില്ല. ഇതാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്.

സന്ദര്‍ശന ശേഷം പാകിസ്താന്‍-യുഎഇ രാഷ്ട്ര നേതാക്കള്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഈ പ്രസ്താവനയില്‍ കശ്മീര്‍ വിഷയം പരാമര്‍ശിച്ചില്ല. മുമ്പും പാകിസ്താന്റെ കശ്മീര്‍ നിലപാടിനോട് യോജിക്കാതിരുന്ന യുഎഇയുടെ നിലപാട് ചര്‍ച്ചയായിരുന്നു. അതേസമയം, പാകിസ്താന് യുഎഇ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. 100 കോടി ഡോളര്‍ സഹായമാണ് പ്രഖ്യാപിച്ചത്.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ അന്തര്‍ദേശീയ ഐക്യനിര രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നു. തുര്‍ക്കി, മലേഷ്യ എന്നീ രാജ്യങ്ങളാണ് പാകിസ്താനൊപ്പം നിന്നത്. എന്നാല്‍ സൗദി അറേബ്യയോ യുഎഇയോ പാകിസ്താനൊപ്പം നിന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. മലേഷ്യയ്ക്കും തുര്‍ക്കിക്കും ഇന്ത്യ പരോക്ഷമായ മറുപടി നല്‍കുകയും ചെയ്തു.

തുര്‍ക്കിയുമായും മലേഷ്യയുമായും ഇന്ത്യ വ്യാപാര ഇടപാടുകളില്‍ പിന്നീട് നിയന്ത്രണം കൊണ്ടുവന്നു. അതേസമയം, സൗദിയുമായും യുഎഇയുമായും ദശാബ്ദങ്ങളുടെ ബന്ധം നിലനിര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. ഈ രണ്ട് രാജ്യങ്ങളുടെയും എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവാദങ്ങളില്‍ ഇടപെട്ട് ഇന്ത്യയെ പോലുള്ള ലോകത്തെ പ്രധാന വിപണി നഷ്ടപ്പെടുത്താന്‍ ഈ രാജ്യങ്ങള്‍ക്ക് താല്‍പ്പര്യമില്ല എന്ന നിരീക്ഷണവുമുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം ആ രാജ്യത്തെ ശരിക്കും തളര്‍ത്തിയിരുന്നു. തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗം പുഷ്ടിപ്പെടുത്താന്‍ ഇമ്രാന്‍ ഖാന് സാധിച്ചിരുന്നില്ല. പിന്നീടാണ് രാഷ്ട്രീയ അട്ടിമറി നടന്നതും ഷഹ്ബാസ് പ്രധാനമന്ത്രിയായതും. പഞ്ചാബ് പ്രവിശ്യയെ മികച്ച രീതിയില്‍ ഉയര്‍ത്തിയ ഷഹ്ബാസിന് പാകിസ്താനെയും പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ.

പ്രധാനമന്ത്രിയായ ശേഷം മൂന്നാം തവണയാണ് ഷഹ്ബാസ് ഷരീഫ് യുഎഇയിലെത്തുന്നത്. മൂന്നൂറ് കോടിയുടെ സാമ്പത്തിക സാഹയമാണ് യുഎഇ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ 200 കോടിയുടെ വായ്പയില്‍ ചില ഇളവും പുതിയതായി 100 കോടി ഡോളര്‍ വായ്പയും. പാകിസ്താന്റെ പ്രളയ പുനരധിവാസത്തിനാകും ഇതില്‍ സിംഹ ഭാഗം ഉപയോഗിക്കുക.

കഴിഞ്ഞ ദിവസം പാകിസ്താന്റെ സൈനിക മേധാവി സൗദിയിലെത്തിയ വേളയിലും കശ്മീരിനെ കുറിച്ച് മിണ്ടിയിരുന്നില്ല. സാമ്പത്തിക സഹായമാണ് പാകിസ്താന്‍ സൗദിയോട് ആവശ്യപ്പെട്ടത്. സൗദിയുടെ സഹായ വാഗ്ദാനം ലഭിക്കുകയും ചെയ്തു. അടുത്തിടെ യുഎന്‍ രക്ഷാസമിതിയില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ കശ്മീര്‍ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. ഈ വേളയില്‍ ഉചിതമായ മറുപടി ഇന്ത്യ നല്‍കുകയും ചെയ്തു.












Click it and Unblock the Notifications