ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 14000ത്തിലേറെ തൊഴിലാളികളുടെ ജോലി പോകും: കാരണമെന്ത്?
വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍. ഏകദേശം 14000 ജോലിക്കാരെയായാണ് കമ്പനി പിരിച്ചുവിടാന്‍ പോകുന്നതെന്നാണ് റിപ്പോർട്ട്. 2023 അവസാനത്തോടെ 18000 തൊഴിലാളികളെ ഒഴിവാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ച് വിടലാണ് ഇത്. കമ്പനിയുടെ റീട്ടെയിൽ ഡിവിഷൻ, എച്ച്ആർ വകുപ്പുകളില്‍ പ്രവർത്തിക്കുന്നവരെയാണ് പിരിച്ചുവിടലുകൾ പ്രധാനമായും ബാധിക്കുന്നത്.
മന്ദഗതിയിലായ വരുമാന വളർച്ച, പ്രവർത്തനച്ചെലവ് വർദ്ധിക്കൽ, ഉപഭോക്തൃ ചെലവ് രീതികളിലെ മാറ്റം എന്നിവ കാരണം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കമ്പനി ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കടന്നതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് സ്ഥാപനം നടത്തിയ വന്‍തോതിലുള്ള നിയമനങ്ങളും ഇപ്പോഴത്തെ നീക്കത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്.

കോവിഡ് സമയത്ത് ഇ-കൊമേഴ്‌സ് വ്യാപാരം കുത്തനെ ഉയർന്നതിനെ തുടർന്ന് 2019 മുതൽ 743000 ൽ അധികം ജീവനക്കാരെയാണ് കമ്പനി നിയമിച്ചത്. എന്നാല്‍ കോവിഡ് കാലഘട്ടതിന് ശേഷം ഇ-കൊമേഴ്സ് വ്യാപാരത്തിലെ ഈ കുതിപ്പ് വലിയ തോതില്‍ ഇടിഞ്ഞു. ഇതോടൊപ്പം ആഗോളതലത്തിലുണ്ടായ സാമ്പത്തിക അനിശ്ചിതാവസ്ഥ കുടുംബങ്ങളേയും സ്ഥാപനങ്ങളേയും ബജറ്റ് കർശനമാക്കുന്നതിലേക്ക് നയിച്ചു. ഇത് കമ്പനിയുടെ വരുമാനത്തേയും ബാധിച്ചതോടെയാണ് തൊഴിലാളികളെ കുറയ്ക്കുകയെന്ന കമ്പനിയെ സംബന്ധിച്ച ഏറ്റവും എളുപ്പമുള്ളതും ആദ്യത്തേയുമായ നടപടിയിലേക്ക് ആമസോണും നീങ്ങിയത്.
ആമസോണിന്റെ ഇപ്പോഴത്തെ പിരിച്ചുവിടല്‍ നടപടിയിലൂടെ അടുത്ത വർഷം ആദ്യത്തോടെ ഏകദേശം 13834 മാനേജീരിയൽ റോളുകൾ ഇല്ലാതാക്കുമെന്നും ഇത് കമ്പനിയെ സംബന്ധിച്ച് വലിയ തോതില്‍ ചെലവ് ലാഭിക്കാന്‍ സഹായിക്കുമെന്ന് മോർഗൻ സ്റ്റാൻലിയും റിപ്പോർട്ട് ചെയ്യുന്നു. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചില പരീക്ഷണാത്മക പദ്ധതികളിലും ആമസോണ്‍ കൈവെച്ചേക്കും. എക്കോ (അലക്സ വോയ്‌സ് അസിസ്റ്റന്റ്), ഡെലിവറി റോബോട്ടുകൾ, ആമസോണ്‍ ഫ്രഷ് എന്നിവയ്ക്കായി കമ്പനി കൂടുതല്‍ തുക ചിവവഴിച്ചേക്കില്ലെന്നാണ് സൂചന,
ആമസോൺ മാത്രമല്ല കൂട്ട പിരിച്ചുവിടലുകൾ നടപ്പിലാക്കുന്നതെന്നും ശ്രദ്ധേയമാണ്. മെറ്റാ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്) 2023-ൽ തങ്ങളുടെ ജീവനക്കാരുടെ 13 ശതമാനമാണ് (11,000 ജീവനക്കാർ) വെട്ടിക്കുറച്ചത്. ക്ലൗഡ് സോഫ്റ്റ്‌വെയർ വിൽപ്പന മന്ദഗതിയിലായതിനെത്തുടർന്ന് സെയിൽസ്ഫോഴ്‌സും ജീവനക്കാരുടെ എണ്ണം കുറച്ചപ്പോള്‍ എലോൺ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റർ തങ്ങളുടെ ജീവനക്കാരില്‍ ഏകദേശം 50 ശതമാനം പേരെയാണ് പുറത്താക്കിയത്.
ഒരുകാലത്ത് വന്‍തോതിലുള്ള നിയമനത്തിനും ഉയർന്ന ശമ്പളത്തിനും പേരുകേട്ടിരുന്ന സിലിക്കൺ വാലി സ്ഥാപനങ്ങൾ ഇപ്പോൾ കാര്യക്ഷമതയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. എതിരാളികളെ മറികടക്കാൻ കൂടുതല്‍ പ്രതിഭകളെ ആശ്രയിക്കുന്നതിന് പകരം എഐ സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ച് ചെലവ് ചുരുക്കി ലാഭം കണ്ടെത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ മറുവശത്ത് പിരിച്ചുവിടപ്പെടുന്ന തൊഴിലാളികള്‍ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നതും വിസ്മരിക്കാന്‍ കഴിയാത്തതാണ്.












Click it and Unblock the Notifications