അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്: ഇത്തവണ ന്യൂ മെക്സിക്കോയില്‍, 3 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
ലോസ് ഏഞ്ചൽസ്: ന്യൂ മെക്‌സിക്കോയില്‍ വെടിവെയ്പ്പില്‍ മൂന്നു പേർ കൊല്ലപ്പെട്ടു. അക്രമത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉള്‍പ്പടെ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ നേരിടുകയും കൊലപ്പെടുത്തുകയും ചെയ്തതായും ന്യൂ മെക്സിക്കോ പൊലീസ് അറിയിച്ചു.
പൊതുജനങ്ങൾക്ക് കൂടുതൽ ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി. സംസ്ഥാന തലസ്ഥാനമായ സാന്താ ഫെയിൽ നിന്ന് 200 മൈൽ (320 കിലോമീറ്റർ) അകലെ സ്ഥിതി ചെയ്യുന്ന ഫാമിംഗ്ടണ്‍ എന്ന പ്രദേശത്താണ് അക്രമം നടന്നത്. എവിടെ, എങ്ങനെ ഷൂട്ടിംഗ് നടന്നുവെന്നതിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

"കുറഞ്ഞത് 3 മരണങ്ങളുള്ള ഒന്നിലധികം സിവിലിയൻ ഇരകളുണ്ട്," ഫാമിംഗ്ടൺ പോലീസ് ഡിപ്പാർട്ട്മെന്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഒന്നിലധികം ഉദ്യോഗസ്ഥർ വെടിവെപ്പിനോട് പ്രതികരിക്കുകയും സംഭവത്തിനിടെ രണ്ട് പേർക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.
സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമത്തെ തുടർന്ന് പ്രാദേശിക സ്കൂളുകൾ താല്‍ക്കാലികമായി പൂട്ടി, പക്ഷേ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വീണ്ടും തുറക്കാൻ അനുമതി നൽകി. വിദ്യാർത്ഥികളും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞാഴ്ച അമേരിക്കന്‍ നഗരമായ ടെക്സാസിലെ മാളില്‍ നടന്ന വെടിവെയ്പില്‍ 8 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. മാളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവർക്ക് നേരെ തോക്കുധാരി വെടിവെയ്പ്പ് നടത്തുകയായിരുന്നു. വെടിവെയ്പ്പിനെ തുടർന്ന് മാളിലുണ്ടായിരുന്ന നൂറ് കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും തോക്കുധാരിയെ വെടിവെച്ച് കൊന്നതായും പോലീസ് അറിയിച്ചു.












Click it and Unblock the Notifications