ഒറ്റയടിക്ക് 1,35,000 ആപ്ലിക്കേഷനുകള്‍ അപ്രത്യക്ഷം; കടുത്ത നടപടിക്ക് ആപ്പിള്‍
ബ്രസല്‍സ്: കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി ഒറ്റയടിക്ക് 1,35,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിള്‍. യൂറോപ്യന്‍ യൂണിയന്റെ പുതിയ നിയമപ്രകാരം സുതാര്യത മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ കടുത്ത നടപടികളിലേക്കു കടന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ആപ്പിള്‍ ആവശ്യപ്പെട്ട 'ട്രേഡ് സ്റ്റാറ്റസ്' വിവരങ്ങള്‍ നല്‍കാത്ത ഡവലപ്പര്‍മാരുടെ ആപ്പുകള്‍ക്കെതിരെയാണ് കമ്പനി ശക്തമായ നടപടി സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നാണ് 135,000 ആപ്പുകള്‍ അപ്രത്യക്ഷമായത്.
ആപ്പ് സ്റ്റോര്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ നടപടിയാണിത്. ആപ്പ് ഡവലപ്പര്‍മാര്‍ നിര്‍ബന്ധമായും ട്രേഡ് സ്റ്റാറ്റസ് കൈമാറിയിരിക്കണം എന്നാണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും പുതിയ നിയമം. ഡിജിറ്റല്‍ സര്‍വീസസ് ആക്ട് എന്നാണ് നിയമത്തിന്റെ പേര്. 2024 ഫെബ്രുവരി 17നാണ് ഈ നിയമം നിലവില്‍ വന്നത്. ഈ ആക്ട് പ്രകാരം ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

ആപ്പ് ഡവലപ്പര്‍മാര്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി തുടങ്ങിയവ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആപ്പിള്‍ ആപ്പുകള്‍ നീക്കിയത്.
യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്ഡേറ്റ് ചെയ്യുന്നതിനും ഡവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം. കോണ്‍ടാക്റ്റ് വിവരങ്ങളില്‍ വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുന്നു. ആപ്പിള്‍ ഇത് സ്ഥിരീകരിക്കുകയും വേണം. ആവശ്യമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് 2025 ഫെബ്രുവരി 17ന് ആപ്പ് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ആപ്ലിക്കേഷനുകളുടെ ട്രേഡര്‍ സ്റ്റാറ്റസ് ഡവലപ്പര്‍മാര്‍ നല്‍കിയാല്‍ ഈ ആപ്പുകള്‍ വീണ്ടും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.












Click it and Unblock the Notifications