സൗദി അറേബ്യ വിളിച്ചു, ഇറാന്‍ പ്രസിഡന്റ് പുറപ്പെടും, റിയാദില്‍ അറബ് നേതാക്കളുടെ സംഗമം
റിയാദ്: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ അറബ് നേതാക്കള്‍ സംഗമിക്കുന്നു. സൗദി അറേബ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അറബ് രാജ്യങ്ങളിലെ തലവന്മാര്‍ റിയാദില്‍ ഈ ആഴ്ച യോഗം ചേരും. സുപ്രധാന ഉച്ചകോടിയാണ് നടക്കാന്‍ പോകുന്നതെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
ജിസിസി രാജ്യങ്ങളിലെ തലവന്മാര്‍ക്ക് പുറമെ മറ്റു അറബ് രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിക്ക് എത്തും. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയും എത്തുമെന്നാണ് ഒടുവിലെ വിവരം. ഇറാന്‍ പ്രസിഡന്റിന്റെ ആദ്യ സൗദി സന്ദര്‍ശനമാണ് നടക്കാന്‍ പോകുന്നത്. എല്ലാ ഭിന്നതയും മാറ്റിവച്ച് ഗാസയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ് രാജ്യങ്ങള്‍ ഒരുമിക്കുന്നു എന്നാണ് മനസിലാകുന്നത്.

പലസ്തീന്‍ വിഷയത്തില്‍ സമാധാനപരമായ പരിഹാരമാണ് സൗദി അറേബ്യയും മറ്റു അറബ് രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഉച്ചകോടിയുടെ തിയ്യതി സൗദി മന്ത്രി വ്യക്തമാക്കിയില്ല. അതേസമയം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സി ഞായറാഴ്ച റിയാദിലെത്തുമെന്നാണ് വിവരം. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു ഉച്ചകോടിയും വൈകാതെ റിയാദില്‍ നടക്കും.
സൗദി അറേബ്യയും ഇസ്രായേലും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് പലസ്തീന്‍ ഇസ്രായേല്‍ യുദ്ധമുണ്ടായത്. ഇതോടെ അറബ് വികാരം മൊത്തം ഇസ്രായേലിനെതിരാകുകയും ചര്‍ച്ചകള്‍ നിലയ്ക്കുകയും ചെയ്തു. ഹമാസ് ലക്ഷ്യമിട്ടത് ഇതായിരുന്നു എന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
മാത്രമല്ല, ഇറാനും സൗദി അറേബ്യയും കൂടുതല്‍ സഹകരിച്ച് പലസ്തീന്‍ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു കാര്യം. ചൈനയുടെ മധ്യസ്ഥതയില്‍ ഇരുരാജ്യങ്ങളും കഴിഞ്ഞ മാര്‍ച്ചിലാണ് സമാധാന കരാറില്‍ ഒപ്പുവച്ചത്. പിന്നീട് പരസ്പരം അംബാസഡര്‍മാരെ നിയമിക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളും ഒന്നിക്കുന്നത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്.
ഇസ്രായേലിനെതിരെ ഗാസയില്‍ നിന്ന് ഹമാസ്, ലബ്‌നാനില്‍ നിന്ന് ഹിസ്ബുല്ല, സിറിയയില്‍ നിന്ന് ഷിയാ സായുധ സംഘങ്ങള്‍ എന്നിവര്‍ ആക്രമണം നടത്തുന്നുണ്ട്. ഇവരെല്ലാം പ്രവര്‍ത്തിക്കുന്നത് ഇറാന്റെ പിന്തുണയോടെയാണ് എന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. അതിനിടെ യമനിലെ വിമതരായ ഹൂത്തികളും ഇസ്രായേലിനെതിരെ നീങ്ങുന്നുണ്ട്. ഇവിടെയുള്ള ഔദ്യോഗിക സൈന്യവും ആക്രമണം നടത്തിയിരുന്നു.
യമനിലെ വിമതരെ പിന്തുണയ്ക്കുന്നത് ഇറാനും സൈന്യത്തെ പിന്തുണയ്ക്കുന്നത് സൗദിയുമാണ്. ഗാസയിലെ ആക്രമണം നിര്‍ത്തണമെന്ന് അറബ് രാജ്യങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ മുഖവിലക്കെടുത്തിട്ടില്ല. ഇതോടെ ഇസ്രായേലുമായുള്ള ഐക്യ ചര്‍ച്ചകള്‍ സൗദി നിര്‍ത്തിവച്ച മട്ടാണ്. യുദ്ധം അവസാനിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനങ്ങളുണ്ടാകൂ.












Click it and Unblock the Notifications