വീണ്ടുമൊരു ഇസ്രായേല്‍-ഹിസ്ബുല്ല യുദ്ധത്തിന് കളമൊരുങ്ങുകയാണോ?

  • Posted By:
Subscribe to Oneindia Malayalam

ബെയ്‌റൂത്ത്: 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇസ്രായേല്‍ സൈന്യവും ലബ്‌നാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സായുധ പ്രസ്ഥാനമായ ഹിസ്ബുല്ലയും വീണ്ടുമൊരു യുദ്ധത്തിന് കോപ്പുകൂട്ടുന്നതായി സൂചന. ഇതിനെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും പ്രസ്താവനകളുമാണ് ഏറെ നാളുകളായി ഇരുവിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2006ലെ ഇസ്രായേല്‍-ഹിസ്ബുല്ല യുദ്ധത്തിനു ശേഷം അതിര്‍ത്തിയില്‍ എപ്പോഴും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നുവെങ്കിലും അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ ഇത് ഒരു യുദ്ധത്തിലേക്ക് നയിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഹമ സൈനിക കേന്ദ്രത്തിനെതിരായ ആക്രമണം

ഹമ സൈനിക കേന്ദ്രത്തിനെതിരായ ആക്രമണം

സിറിയയുടെ അതിര്‍ത്തിയുലുള്ള ഹമ സൈനിക കേന്ദ്രത്തിനെതിരേ സപ്തംബര്‍ ആദ്യവാരം ഇസ്രായേല്‍ നടത്തിയ ആക്രമണമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ പ്രധാന സംഭവം. പടിഞ്ഞാറന്‍ സിറിയയിലെ സൈനിക താവളത്തിനു നേരെ ലബ്‌നാന്‍ വ്യോമാതിര്‍ത്തിയിലൂടെ ഇസ്രായേല്‍ ജെറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രം തകര്‍ക്കപ്പെടുകയും രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഒദ്യോഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും സിറിയ, ലബ്‌നാന്‍ വൃത്തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലാവട്ടെ ഇത് നിഷേധിച്ചിട്ടുമില്ല. അതേസമയം, ആക്രമണം ഇറാനെയും ഹിസ്ബുല്ലയെയും തളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ഇസ്രായേലിലെ മുന്‍ സൈനിക ഇന്റലിജയന്‍സ് മേധാവി പറയുകയുമുണ്ടായി.

ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനികാഭ്യാസം

ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനികാഭ്യാസം

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സൈനികാഭ്യാസമാണ് ആഗസ്ത് അവസാനത്തിലും സപ്തംബര്‍ ആദ്യത്തിലുമായി ഇസ്രായേല്‍ ലബ്‌നാന്‍ അതിര്‍ത്തിയില്‍ നടത്തിയത്. അത്യാധുനിക പടക്കോപ്പുകള്‍ ഉപയോഗിച്ചുള്ള സൈനിക പരിശീലനം 10 ദിവസം നീണ്ടുനിന്നു. ഹിസ്ബുല്ലയുടെ സാങ്കല്‍പ്പിക ആക്രമണത്തെ ചെറുക്കുന്ന രീതിയിലായിരുന്നു സൈനികാഭ്യാസം സംഘടിപ്പിച്ചത്.

ഇസ്രായേലിന്റെ പുതിയ യുദ്ധസന്നാഹങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നതോടൊപ്പം ഹിസ്ബുല്ലയെ കരയുദ്ധത്തില്‍ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള പരിശീലനം സൈനികര്‍ക്ക് നല്‍കുക കൂടിയായിരുന്നു ഇതിലൂടെ ഇസ്രായേല്‍ ലക്ഷ്യം വച്ചത്.

മേഖലയിലെ വര്‍ധിച്ചുവരുന്ന ഇറാന്‍ സ്വാധീനം

മേഖലയിലെ വര്‍ധിച്ചുവരുന്ന ഇറാന്‍ സ്വാധീനം

ഇസ്രായേലിന്റെ ബദ്ധവൈരികളായ ഇറാന്റെ സ്വാധീനം മേഖലയില്‍ ശക്തമായതാണ് ഇസ്രായേലിനെ പേടിപ്പിക്കുന്നത്. തെക്കന്‍ ലബ്‌നാനില്‍ ഹിസ്ബുല്ല ഇറാനിയന്‍ ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നുവെന്നും ഇക്കാര്യത്തില്‍ യു.എന്‍ സമാധാന സേന ഫലപ്രദമായി ഇടപെടുന്നില്ലെന്നും ഇസ്രായേലിന്റെ യു.എന്‍- യു.എസ് അംബാസഡര്‍മാര്‍ കുറ്റപ്പെടുത്തിയതിനു പിന്നാലെയായിരുന്നു സൈനികാഭ്യാസം.

ഐ.എസ് വിരുദ്ധ യുദ്ധത്തില്‍ പങ്കാളികളായ ഇറാന്‍, സിറിയ, ലബ്‌നാന്‍, ഹിസ്ബുല്ല അച്ചുതണ്ട് ഭാവിയില്‍ തങ്ങള്‍ക്ക് ഭീഷണിയാവുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേല്‍ സൈന്യം.

2006ലെ ഇസ്രായേല്‍-ഹിസ്ബുല്ല യുദ്ധം

2006ലെ ഇസ്രായേല്‍-ഹിസ്ബുല്ല യുദ്ധം

2006ലെ 34 ദിവസം നീണ്ടുനിന്ന ഇസ്രായേല്‍-ഹിസ്ബുല്ല യുദ്ധത്തില്‍ ആയിരത്തിലേറെ ലബ്‌നാനികള്‍ കൊല്ലപ്പെടുകയും നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരില്‍ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. അതേസമയം ഹിസ്ബുല്ല നടത്തിയ പ്രത്യാക്രമണത്തില്‍ 159 ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. റോക്കറ്റാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ നൂറിലേറെ പേരും ഇസ്രായേലി സൈനികരായിരുന്നു. വ്യോമാക്രമണത്തില്‍ ഇസ്രായേലിനായിരുന്നു മുന്‍തൂക്കമെങ്കിലും കരയുദ്ധത്തില്‍ ഹിസ്ബുല്ലയുടെ ഗറില്ലാതന്ത്രങ്ങളോട് പിടിച്ചുനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഇവിടെ കനത്ത പരാജയം നേരിട്ടതോടെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതരായത്. ഇത് ബിസ്ബുല്ലയുടെ ജനപിന്തുണ വര്‍ധിപ്പിക്കുകയും ഇസ്രായേലില്‍ വന്‍ പ്രതിഷേധം വിളിച്ചുവരുത്തുകയുമുണ്ടായി.

പഴയ ഹിസ്ബുല്ലയല്ല ഇപ്പോള്‍

പഴയ ഹിസ്ബുല്ലയല്ല ഇപ്പോള്‍

എന്നാല്‍ 2006ലെ യുദ്ധകാലത്ത് തങ്ങള്‍ നേരിട്ട ഹിസ്ബുല്ലയല്ല ഇപ്പോഴുള്ളതെന്ന നല്ല ബോധ്യം ഇസ്രായേല്‍ സൈന്യത്തിനുണ്ട്. അക്കാലത്ത് ഗറില്ലാ യുദ്ധ മുറയെയായിരുന്നു ഹിസ്ബുല്ല പ്രധാനമായും ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. കഴിഞ്ഞ ആറ് വര്‍ഷമായി സിറിയയില്‍ നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളിലും ഐ.എസ്സിനെതിരായ യുദ്ധത്തിലും സിറിയ, ഇറാന്‍, റഷ്യ സൈന്യങ്ങളോടൊപ്പം നിന്ന് പോരാടിയതിന്റെ അനുഭവസമ്പത്ത് അവര്‍ക്കുണ്ട്. അത്യന്താധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും ആധുനിക യുദ്ധമുറകളുടെയും തന്ത്രങ്ങളുടെയും കാര്യത്തിലും നല്ല പരിശീലനമാണ് ഇത് ഹിസ്ബുല്ലയ്ക്ക് നേടിക്കൊടുത്തത്. ഇതിലൂടെ ഒളിപ്പോരാളികള്‍ എന്നതില്‍ നിന്ന് പൂര്‍ണ സൈനിക വിഭാഗമായി വളരാന്‍ അവര്‍ക്ക് സാധിച്ചു.

പുതിയ പോരാട്ടങ്ങളിലൂടെ ഹിസ്ബുല്ലയുടെ ആള്‍ശേഷിയും ഗണ്യമായി വര്‍ധിപ്പിക്കാനായി. നേരത്തേ ലബ്‌നാനികള്‍ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഫ്ഗാന്‍, പാകിസ്താന്‍, ഇറാഖ് തുടങ്ങിയ രാജ്യക്കാരായ സൈനികരും അവര്‍ക്കുണ്ട്.

ഹസന്‍ നസ്‌റുല്ലയുടെ മുന്നറിയിപ്പ്

ഹസന്‍ നസ്‌റുല്ലയുടെ മുന്നറിയിപ്പ്

സിറിയന്‍ സംഘര്‍ഷങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഹിസ്ബുല്ലയുടെ സായുധ വാഹനങ്ങള്‍ക്കും ആയുധ സംഭരണശാലകള്‍ക്കും നേരെ പലതവണ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനു പ്രതികരണമായി, ഇസ്രായേലിന്റെ വടക്കന്‍ ഭാഗങ്ങള്‍ പിടിച്ചടക്കാനുള്ള ആയുധ-സൈനിക ശേഷി ഹിസ്ബുല്ല കൈവരിച്ചുകഴിഞ്ഞതായി നേതാവ് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയിരുന്നു. അത്തരമൊരു ആക്രമണമുണ്ടായാല്‍ ഇസ്രായേലിലെ ഹൈഫയിലെ കെമിക്കല്‍ പ്ലാന്റ് ആക്രമിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഇവിടത്തെ അമോണിയം ടാങ്കുകള്‍ ചോര്‍ന്നാല്‍ പതിനായിരങ്ങളാവും മരിച്ചുവീഴുക.

യുദ്ധം ഹിസ്ബുല്ലയില്‍ ഒതുങ്ങില്ല

യുദ്ധം ഹിസ്ബുല്ലയില്‍ ഒതുങ്ങില്ല

പുതിയ സാഹചര്യത്തില്‍ ഹിസ്ബുല്ലയ്‌ക്കെതിരായി ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ അത് മറ്റു മേഖലകളിലേക്ക് വ്യാപിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സിറിയ, ഇറാന്‍, ലബ്‌നാന്‍, ഹമാസ് സൈനികര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കാളികളായേക്കും. സിറിയയിലെയും മറ്റും സായുധ ഗ്രൂപ്പുകളും ഈ അവസരം മുതലെടുത്ത് ആക്രമണം നടത്താനുള്ള സാധ്യതയും ഇസ്രായേല്‍ തള്ളിക്കളയുന്നില്ല. അതേസമയം, ഇറാന്റെ മേഖലയിലെ സ്വാധീനത്തില്‍ വിറളി പൂണ്ട സൗദി, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ തുടരുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേല്‍.

ഏതായാലും പൂര്‍ണാര്‍ഥത്തിലുള്ള യുദ്ധത്തിലേക്ക് പോവാതെ സിറിയന്‍ ആയുധ കേന്ദ്രത്തിനു നേരെ നടത്തിയത് പോലുള്ള ചെറിയ ആക്രമണങ്ങള്‍, ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങള്‍ തുടങ്ങിയവയുമായി മുന്നോട്ടുപോവാനാണ് ഇസ്രായേല്‍ നിലവില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കുണ്ടായേക്കാവുന്ന പ്രതികരണങ്ങളെ ഇസ്രായേല്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതിനനുസരിച്ചായിരിക്കും ബാക്കി കാര്യങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Tensions between Israel and its northern neighbours have risen once again, stirring fears of another military confrontation between the Lebanon-based Hezbollah armed group and the Israeli army

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്