സ്വർണ വില കത്തിക്കയറില്ല; അക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കാർ..ആഭരണപ്രേമികൾക്ക് ആശ്വാസം
യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് ഉയരുന്ന സാമ്പത്തിക സമ്മർദ്ദത്തിനിടെ ചെലവ് ചുരുക്കാനും സ്വർണം വാങ്ങുന്നത് ഒഴിവാക്കാനും ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി.അത്യാവശ്യമില്ലാത്ത സ്വർണ്ണ വാങ്ങലുകൾ ഒരു വർഷത്തേക്ക് ഒഴിവാക്കുകയും ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇതിന് പിന്നാലെ സ്വർണ വിപണിയിലും നിക്ഷേപകരിലും വലിയ ആശങ്കയാണ് ഉയർന്നത്. സ്വർണവില വീണ്ടും കുതിച്ചുയരുമോ, സർക്കാർ ഇറക്കുമതി നിയന്ത്രണങ്ങൾ കടുപ്പിക്കുമോ, സ്വർണത്തിനും വെള്ളിക്കും മേലുള്ള തീരുവ ഉയർത്തുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. വിവാഹ-ഉത്സവ സീസണുകളെ മുൻനിർത്തി സ്വർണ വാങ്ങാൻ പദ്ധതിയിട്ടിരുന്ന സാധാരണക്കാരും ആശങ്ക പ്രകടിപ്പിച്ചു. ഇറക്കുമതി തീരുവ ഉയർത്തുന്ന സാഹചര്യമായാൽ സ്വർണം ഇനിയും പൊള്ളും.

എന്നാൽ നിലവിൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വർധിപ്പിക്കാൻ പദ്ധതിയില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.ആഗോള അനിശ്ചിതത്വത്തിന്റെ ഈ ഘട്ടത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയെന്നതാണ് കേന്ദ്രസർക്കാർ പ്രധാനമായി ലക്ഷ്യം വെയ്ക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ്ണ ഉപഭോക്താവും ഏറ്റവും വലിയ വെള്ളി ഉപഭോക്താവുമാണ് ഇന്ത്യ. അതിനാൽ തന്നെ സ്വർണവും വെള്ളിയും ഇറക്കുമതി ചെയ്യാൻ രാജ്യം വലിയ തോതിൽ ഡോളർ ചെലവഴിക്കേണ്ടിവരുന്നുണ്ട്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് ഊർജ്ജ ഇറക്കുമതി ചെലവുകൾ ഉയരുന്നതിനൊപ്പം, സ്വർണ ഇറക്കുമതി ചെലവും ഉയരുന്നുണ്ട്. സ്വർണം വാങ്ങുന്നത് വിദേശനാണ്യ ശേഖരത്തിന്മേൽ അധിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. അത്യാവശ്യമില്ലാത്ത ഇറക്കുമതികൾ കുറയ്ക്കാൻ കൂട്ടായ ദേശീയ ശ്രമം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. അതിനാൽ തന്നെ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം പരമാവധി മിതമാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്..
വീട്ടിലിരുന്ന് ജോലി ചെയ്യുക, വിദേശ യാത്രകൾ കുറയ്ക്കുക, ഭക്ഷ്യ എണ്ണകളുടെയും രാസവളങ്ങളുടെയും ഉപഭോഗം നിയന്ത്രിക്കുക തുടങ്ങിയ നടപടികളിലൂടെ കറന്റ് അക്കൗണ്ടിലെ സമ്മർദ്ദം കുറയ്ക്കുകയും രൂപയുടെ സ്ഥിരത നിലനിർത്തുകയും ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക ആഘാതങ്ങളെ നേരിടാൻ രാജ്യം സ്വീകരിച്ച ചില തന്ത്രങ്ങളെ ഈ നീക്കങ്ങൾ ഓർമ്മിപ്പിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. സ്വർണ വാങ്ങലിൽ താൽക്കാലിക കുറവ് വന്നാൽ പോലും കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യ ചോർച്ച ഒഴിവാക്കാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
യുഎസ്-ഇറാൻ സംഘർഷം ആഗോള ഊർജ്ജ വിതരണത്തിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ എണ്ണയുടെയും രാസവളങ്ങളുടെയും വില ഉയരുകയും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെയും ഇത് നേരിട്ട് ബാധിക്കുന്ന സാഹചര്യമാണുള്ളത്.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരം നിലവിൽ താരതമ്യേന ശക്തമായ നിലയിൽ തുടരുന്നുണ്ടെങ്കിലും, ഉയർന്നുവരുന്ന ഊർജ്ജച്ചെലവും രാജ്യത്തെ പരമ്പരാഗത സ്വർണ ആവശ്യകതയും ചേർന്ന് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്.
അതേസമയം, തീരുവ വർധനവില്ലെന്ന സർക്കാരിന്റെ ഉറപ്പ് സ്വർണ വിപണിക്ക് ആശ്വാസം പകരുന്നതാണ്.പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഭരണ കമ്പനികളുടെ ഓഹരികളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഇപ്പോഴത്തെ ആഹ്വാനം സോവറിൻ ഗോൾഡ് ബോണ്ടുകൾ, ഡിജിറ്റൽ ഗോൾഡ് പോലുള്ള ബദൽ നിക്ഷേപ മാർഗങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications