ജോർദാനില്‍ അമേരിക്കന്‍ സൈന്യത്തിനെതിരെ ആക്രമണം: മൂന്ന് സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ജോർദാനില്‍ അമേരിക്കന്‍ സൈന്യത്തിനെതിരെ ആക്രമണം. ജോർദാനിലെ ഒരു യുഎസ് ഔട്ട്‌പോസ്റ്റിൽ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും രണ്ട് ഡസനിലധികം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തവെന്നാണ് ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികർ ശത്രുക്കളുടെ വെടിവയ്പ്പിൽ കൊല്ലപ്പെടുന്നത്. സിറിയൻ അതിർത്തിക്കടുത്തുള്ള വടക്കുകിഴക്കൻ ജോർദാനിലെ ടവർ 22 എന്നറിയപ്പെടുന്ന താവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

എന്നാൽ, ആക്രമണം ജോർദാൻ മണ്ണിലല്ല, സിറിയയിലാണെന്ന് ജോർദാൻ സർക്കാരിൻ്റെ വക്താവ് പറഞ്ഞു. സിറിയയിലെ യുഎസ് അൽ-തൻഫ് താവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് മുഹന്നദ് അൽ മുബൈദീൻ ജോർദാനിയൻ പബ്ലിക് ബ്രോഡ്കാസ്റ്റർ അൽ-മംലാക ടെലിവിഷനോട് വ്യക്തമാക്കി.
സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ അവകാശപ്പെട്ടു. "സംശയിക്കേണ്ട - ഞങ്ങൾ തിരഞ്ഞെടുക്കുന്ന സമയത്തും വിധത്തിലും ഈ ആക്രമണത്തിന് ഉത്തരവാദിത്തപ്പെട്ട എല്ലാവർക്കും ഞങ്ങള്‍ മറുപടി നല്‍കും" വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പ്രാഥമിക കണക്കുകൾ പ്രകാരം 25 സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും, 34 യുഎസ് സൈനികർ നിരീക്ഷണത്തിലാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാഖിലും സിറിയയിലും യുഎസിനും സഖ്യസേനയ്ക്കുമെതിരായ 158 ലധികം ആക്രമണങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം.
ഡ്രോണുകളുടെയും റോക്കറ്റുകളുടെയും മിസൈലുകളുടെയും നിരന്തരമായ ആക്രമണങ്ങൾ ഉണ്ടായിരുന്നിട്ടും, ഈ ആക്രമണങ്ങൾ കാര്യമായ ദോഷമോ നാശമോ ഇതുവരെ ഉണ്ടാക്കിയിരുന്നില്ല. അതേസമയം, ഡ്രോണിനെ തടസ്സപ്പെടുത്തുന്നതിൽ വ്യോമ പ്രതിരോധത്തിൻ്റെ പരാജയം ഔട്ട്‌പോസ്റ്റിലെ സുരക്ഷാ നടപടികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ഒക്‌ടോബർ 17-ന് യുഎസിനും സഖ്യസേനയ്‌ക്കുമെതിരായ ആക്രമണ പരമ്പര ആരംഭിച്ചതിന് ശേഷം ടവർ 22-ൽ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. ജോർദാനുമായുള്ള ഉപദേശ-സഹായ ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് യുഎസ് സേന ഔട്ട്‌പോറ്റുകള്‍ സ്ഥാപിച്ചത്.












Click it and Unblock the Notifications