
Viral Video- ക്വാറന്റിനീലാക്കാന്‍ സ്റ്റോറിനുള്ളില്‍ പൂട്ടിയിടാന്‍ അധികൃതരുടെ ശ്രമം, തള്ളി തുറന്ന് ആള്‍ക്കാര്‍
ബീജിംഗ്: ചൈനയില്‍ ഷാങ്ഹായിലെ ഐകിയ സ്റ്റോറില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഉടനടി സ്റ്റോര്‍ പൂട്ടി ലോക്ക്ഡൗണ്‍ ആക്കാന്‍ ശ്രമം. ഉപഭോക്താക്കളെല്ലാം സ്‌റ്റോറിനുള്ളില്‍ ഉണ്ടായിരിക്കെയാണ് സംഭവം. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് ആളുകള്‍ സ്‌റ്റോറില്‍ നിന്ന് ഇറങ്ങിയോടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നുണ്ട്.
ശനിയാഴ്ച സുഹുയി ജില്ലയില്‍ കൊവിഡ് കേസിന്റെ അടുത്ത സമ്പര്‍ക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് അധികാരികള്‍ സ്റ്റോര്‍ പൂട്ടിയിടാന്‍ നീങ്ങിയപ്പോഴാണ് സംഭവം നടന്നത്. ഷോപ്പര്‍മാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും അധികാരികള്‍ അവരെ ക്വാറന്റൈന്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കാവല്‍ക്കാര്‍ വാതിലുകള്‍ അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആള്‍ക്കൂട്ടം കടയില്‍ നിന്ന് രക്ഷപ്പെട്ടു. രാജ്യത്തിന്റെ 'സീറോ-കോവിഡ്' തന്ത്രത്തിന്റെ ഭാഗമായി കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ചൈനീസ് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം ഷാങ്ഹായില്‍ രണ്ട് മാസത്തെ കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് കോണ്‍ടാക്റ്റ് ട്രെയ്സിംഗ് കാരണം മാള്‍ പൂട്ടിയിരിക്കുകയാണെന്ന് സൗണ്ട് സിസ്റ്റത്തില്‍ലൂടെ അറിയിപ്പ് ഉയര്‍ന്നതോടെ കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ആള്‍ക്കാര്‍. സംഭവത്തെ കുറിച്ച് ഐകിയ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള ഷാങ്ഹായില്‍ അഞ്ച് പുതിയ കേസുകള്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇവയെല്ലാം ലക്ഷണമില്ലാത്തവയാണ്. അതേസമയം 2,467 കേസുകള്‍ രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍
വൈറസ് നിയന്ത്രണവിധേയമാക്കുന്നതിനായി സൗജന്യ പരിശോധന സെപ്റ്റംബര്‍ അവസാനം വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ഐകിയ സ്റ്റോറും പരിസരവും രണ്ട് ദിവസത്തേക്ക് 'ക്ലോസ്ഡ് ലൂപ്പ്' മാനേജ്‌മെന്റിന് കീഴിലായിരിക്കുമെന്ന് ഷാങ്ഹായ് ഹെല്‍ത്ത് കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷാവോ ദണ്ഡന്‍ പറഞ്ഞതായി സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ടിബറ്റിലെ ലാസയില്‍ നിന്ന് ഷാങ്ഹായിലേക്ക് മടങ്ങിയ ശേഷം പോസിറ്റീവായ ആറുവയസ്സുള്ള ആണ്‍കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് സ്റ്റോര്‍ സന്ദര്‍ശിച്ചത്. ഞായറാഴ്ചയോടെ, കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുള്ള 400 പേരെ കണ്ടെത്തി. 80,000 പേര്‍ക്ക് പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ ഉത്തരവിട്ടതായി ബിബിസി റിപ്പോര്‍ട്ട് പറയുന്നു.