പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ ജഡ്ജിയാകാന്‍ ആയിഷ മാലിക്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോര്‍ ഹൈക്കോടതി ജഡ്ജി ആയിഷ മാലിക് സുപ്രീം കോടതി ജഡ്ജിയാകാനൊരുങ്ങുന്നു. ആദ്യമായാണ് ഒരു വനിത പാകിസ്ഥാന്‍ സുപ്രീം കോടതിയുടെ ജഡ്ജിംഗ് പാനലിലേക്ക് എത്തുന്നത്.
ആയിഷയുടെ നിയമനം ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ( ജെ സി പി) അംഗീകരിച്ചു. സുപ്രീം കോടതി ജഡ്ജിയായുള്ള സ്ഥാനക്കയറ്റത്തിന് നാലിനെതിരെ അഞ്ച് വോട്ടിന്റെ ഭൂരിപക്ഷമാണ് ആയിഷയ്ക്കുണ്ടായിരുന്നതെന്ന് ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി പാര്‍ലമെന്ററി കമ്മിറ്റിയാണ് ആയിഷയുടെ നിയമന ശുപാര്‍ശ പരിശോധിക്കുക.
ഇത് രണ്ടാം തവണയാണ് ജസ്റ്റിസ് മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച് ജെ സി പി യോഗം ചേരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 9 ന് ജസ്റ്റിസ് മാലിക്കിന്റെ പേര് ആദ്യം ജെ സി പിക്ക് മുമ്പാകെ വന്നെങ്കിലും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സ്ഥാനാര്‍ത്ഥിത്വം നിരസിക്കപ്പെടുകയായിരുന്നു.

സീനിയോറിറ്റി പ്രശ്നം കാരണം സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ അവരുടെ നാമനിര്‍ദ്ദേശത്തില്‍ സംവരണം പ്രശ്‌നം ഉന്നയിച്ചിരുന്നു. രാജ്യത്തെ അഞ്ച് ഹൈക്കോടതികളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി ജഡ്ജിമാരേക്കാള്‍ ജൂനിയറാണ് ആയിഷയെന്ന് പറഞ്ഞ് അവരുടെ പേര് പരിഗണിക്കുന്നതിനെതിരെ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് അഫ്രീദി രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
ആയിഷയുടെ പേര് പരിഗണിച്ച് ജെ സി പി മുന്നോട്ട് പോയാല്‍ കോടതികള്‍ ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ (പി ബി സി) ഭീഷണിപ്പെടുത്തിയിരുന്നു.
ജസ്റ്റിസ് ആയിഷ മാലിക് 2012 മാര്‍ച്ചിലാണ് ലാഹോര്‍ ഹൈക്കോടതി ജഡ്ജിയാകുന്നത്. നിലവില്‍ ലാഹോര്‍ ഹൈക്കോടതി (LHC) ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ അവര്‍ നാലാം സ്ഥാനത്താണ്. സുപ്രീം കോടതി ജഡ്ജിമാരുടെ പാനലിലെത്തിയാല്‍ 65ാം വയസില്‍ വിരമിക്കുന്നത് വരെ (2031 ജൂണ്‍ വരെ) അവര്‍ സുപ്രീം കോടതി ജഡ്ജിയായി പ്രവര്‍ത്തിക്കും.
അങ്ങനെയായാല്‍ 2030 ജനുവരിയില്‍ പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ഏറ്റവും മുതിര്‍ന്ന ജഡ്ജിയും അവര്‍ ആയിരിക്കും. ഇതോടെ പാകിസ്ഥാന്‍ ചരിത്രത്തിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് എന്ന ചരിത്രവും ആയിഷയ്ക്ക് സ്വന്തമാകും.
ആയിഷയുടെ നിയമനത്തെ രാജ്യത്തെ വനിതാ ആക്ടിവിസ്റ്റുകളും പുരോഗമന പാര്‍ട്ടികളും സ്വാഗതം ചെയ്തിട്ടുണ്ട്. ജസ്റ്റിസ് മാലിക്കിന്റെ സാന്നിധ്യം സുപ്രീം കോടതിയെ പല തരത്തില്‍ സമ്പന്നമാക്കുമെന്ന് ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റുകളുടെ നിയമ ഉപദേഷ്ടാവ് റീമ ഒമര്‍ പറഞ്ഞു.












Click it and Unblock the Notifications