റഷ്യയുടെ മിസൈല്‍ പതിച്ചോ? വിമാനം തകർന്ന് വീണതിന് പിന്നില്‍ ബാഹ്യവും സാങ്കേതികവുമായ ഇടപെടലെന്ന് എയർലൈന്‍
അക്തൗ: യാത്രാ വിമാനം തകർന്ന് വീണതില്‍ വിശദീകരണവുമായി അസർബൈജാൻ എയർലൈൻസ്. ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനാപകടത്തിന് കാരണമായതെന്നാണ് എയർലൈന്‍സ് അധികൃതർ അറിയിക്കുന്നത്. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേ കസഖ്സ്ഥാനിലെ അക്തൗവിലാണ് അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്ന് വീണത്. അപകടത്തില്‍ യാത്രക്കാരും എയർലൈന്‍സ് ജീവനക്കാരും ഉള്‍പ്പെടെ 38 പേർ മരിച്ചു.
അപകടത്തിന് പിന്നാലെ ബാക്കുവില്‍ നിന്നും റഷ്യയിലേക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന 8 വിമാന സർവ്വീസുകള്‍ നിർത്തിവെച്ചതായും എയർലൈന്‍സ് എക്സില്‍ കുറിച്ചു. 'അസർബൈജാൻ എയർലൈൻസിന്റെ ജെ2-8243 വിമാനം അപകടത്തിൽപെട്ടതു കൊണ്ടാണ് റഷ്യയിലേക്കുള്ള സർവ്വീസ് നിർത്തിവെക്കാന്‍ തീരുമാനിച്ചത്. ബാഹ്യവും സാങ്കേതികവുമായ ഇടപെടലുകളാണ് വിമാനം അപകടപ്പെടുന്നതിലേക്ക് നയിച്ചത്. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ സർവ്വീസ് റദ്ദ് ചെയ്യുന്നത് തുടരും' അസർബൈജാൻ എയർലൈൻസ് എക്സില്‍ കുറിച്ചു.

വിമാനത്തില്‍ ആകെ 67 യാത്രക്കാരുണ്ടായിരുന്നത്. ഇതിന് പുറമെ അഞ്ച് ജീവനക്കാരുമുണ്ടായിരുന്നു. രക്ഷപ്പെട്ട 29 പേർ പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരതരമാണ്. യാത്രക്കാരുടെ ഇന്‍ഷൂറന്‍സ് തുക അടക്കമുള്ള നഷ്ടപരിഹാങ്ങള്‍ എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
റഷ്യയുടെ മിസൈലുകള്‍ പതിച്ചാണ് വിമാനം തകർന്ന് വീണതെന്ന തരത്തിലുള്ള പ്രചരണം ശക്തമാണ്. ഇതിന് ഇടയിലാണ് അപകടത്തിന് കാരണം ബാഹ്യ ഇടപെടലാണെന്ന വിമാന കമ്പനിയുടെ പ്രതികരണവും വരുന്നത്. അതോടൊപ്പം തന്നെ യുക്രെയൻ ഡ്രോൺ ആക്രമണം ശക്തമായ മേഖല വഴിയാണ് അസർബൈജാന്‍ വിമാനം യാത്ര ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വിമാനം തകർന്നത് തങ്ങളുടെ മിസൈല്‍ ആക്രമണത്തിലാണെന്ന ആരോപണം നിഷേധിച്ച് റഷ്യ രംഗത്ത് വന്നിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കെ യാതൊരു അടിസ്ഥാനവുമില്ലാതെ തങ്ങള്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കുന്നത്. പാൻ്റ്സിർ-എസ് എയർ ഡിഫൻസ് സിസ്റ്റത്തിൽ നിന്ന് തൊടുത്ത റഷ്യൻ മിസൈലാണ് വിമാനം തകർത്തതെന്ന് കരുതുന്നതായി സർക്കാർ അനുകൂല അസർബൈജാനി വെബ്‌സൈറ്റ് കാലിബർ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂയോർക്ക് ടൈംസ്, ബ്രോഡ്കാസ്റ്റർ യൂറോ ന്യൂസ്, തുർക്കി വാർത്താ ഏജൻസിയായ അനഡോലു തുടങ്ങിയവയും റഷ്യയുടെ പങ്ക് സംശയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് റഷ്യ ഇത് തള്ളി രംഗത്ത് വന്നത്.












Click it and Unblock the Notifications