കഥ യാഥാര്‍ഥ്യമായി; മരിച്ചപോലെകിടന്ന പെണ്‍കുട്ടി കരടിയില്‍ നിന്നും രക്ഷനേടി
ഫ്‌ളോറിഡ: മരിച്ചപോലെ കിടന്നയാളെ കരടി വെറുതെ വിടുന്ന കഥ ഓര്‍ത്തെടുത്ത പെണ്‍കുട്ടി കരടിയില്‍ നിന്നും രക്ഷനേടാനായി അതേ ഉപായം തെരഞ്ഞെടുത്തു. അമേരിക്കയിലെ ഫ് ളോറിഡയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ഫ്രാങ്ക്‌ളിന്‍ കൗണ്ടിയിലെ ഈസ്റ്റ് പോയിന്റില്‍ നായയുമായി നടക്കാനിറങ്ങിയതായിരുന്നു പതിനഞ്ചുകാരിയായ ലിയ റീഡര്‍.
പെട്ടെന്നാണ് സമീപത്തെ പൊന്തക്കാടുകള്‍ക്കുള്ളില്‍ നിന്നും ഭീമാകാരനായ കരടി ചാടിവീണത്. പെണ്‍കുട്ടി അലറിക്കരഞ്ഞെങ്കിലും സമീപത്ത് ആരും ഇല്ലാത്തതിനാല്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ കയറിപ്പിടിച്ച കരടി കുട്ടിയെയും വലിച്ച കാട്ടിലേക്ക് കടക്കാനായിരുന്നു പരിപാടി. എന്നാല്‍ ഭയത്തിനിടയിലും പെട്ടെന്നു തന്നെ ബോധക്കേട് അഭിനയിക്കുകയായിരുന്നു ലിയ.

കുട്ടിയെ വലിച്ചു നടക്കുന്നതിനിടയില്‍ കരടി സമീപത്തെ വലിയ കുഴിയില്‍ വീഴുകയും ചെയ്തു. പിന്നീട് ശ്വാസം പിടിച്ചുകിടന്ന ലിയയെ ഒന്നു മണപ്പിച്ചുനോക്കിയശേഷം കരടി കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ലിയയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈകാലുകളിലും കരടിയുടെ കടിയേറ്റ മുറിവുകളുണ്ട്.
മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിവേണ്ടിവന്നേക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. മകളുടെ യുക്തിയാണ് കരടിയില്‍ നിന്നും ജീവന്‍ തിരിച്ചുകിട്ടാന്‍ ഇടയായതെന്ന് ലിയയുടെ മാതാവും പറഞ്ഞു. താമസസ്ഥലത്തിനുടുത്ത് വലിയ കാടുള്ളതിനാല്‍ വന്യമൃഗങ്ങളുടെ ശല്യം കൂടുതലുണ്ടാകുന്നുണ്ടെന്ന് അവര്‍ പറയുന്നു. പല തവണ കരടി നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിച്ചിട്ടുണ്ട്.












Click it and Unblock the Notifications