മരണാനന്തര ചടങ്ങിനിടെ പള്ളിക്ക് പുറത്ത് സ്‌ഫോടനം; കാബൂള്‍ നടുങ്ങി, നിരവധി പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: താലിബാന്‍ നേതാവിന്റെ മാതാവിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കവെ പള്ളിക്ക് പുറത്ത് സ്‌ഫോടനം. കാബൂളിലെ ഈദ്ഗാഹ് പള്ളിയുടെ കവാടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇതേ വേളയില്‍ തന്നെ കാബൂളിലെ മറ്റു രണ്ടിടങ്ങളിലും സ്‌ഫോടനവും വെടിവയ്പ്പും നടന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ കടകള്‍ നടത്തുന്നവരാണ് ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. സ്‌ഫോടനത്തില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളൂ.
ഈദ്ഗാഹ് പള്ളിക്ക് പുറത്ത് സ്‌ഫോടനം നടന്ന കാര്യം താലിബാന്‍ വക്താവ് സബീഹുല്ലാ മുജാഹിദ് ആണ് ട്വിറ്ററില്‍ അറിയിച്ചത്. സബീഹുല്ലയുടെ മാതാവ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇന്ന് പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തുമെന്നും എല്ലാവരെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതുപ്രകാരം നിരവധി പേര്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലുമെത്തി. ഈ വേളയിലാണ് സ്‌ഫോടനം നടന്നത്. ആക്രമണം ആസൂത്രിതമാണ് എന്ന് താലിബാന്‍ നേതാക്കള്‍ പറയുന്നു. ആരാണ് ആക്രമണം നടത്തിയത് എന്ന് വ്യക്തമല്ല. ഐസിസിനെയാണ് താലിബാന്‍ സംശയിക്കുന്നത്.

പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടക്കുന്നതിനാല്‍ വലിയ തിരക്കായിരുന്നു. തുടര്‍ന്ന് പള്ളിയിലേക്കുള്ള വഴി പോലീസ് ബ്ലോക്ക് ചെയ്തു. തൊട്ടുപിന്നാലെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. നിരവധി പേര്‍ മരിച്ചുവെന്നാണ് കരുതുന്നത്- ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടിടത്ത് സ്‌ഫോടനവും വെടിവയ്പ്പും നടന്നു എന്ന് എഎഫ്പി മാധ്യമപ്രവര്‍ത്തകരും സ്ഥിരീകരിച്ചു. പരിക്കേറ്റവരെ കാബൂളിലെ എമര്‍ജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. മരണ സഖ്യ കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആഗസ്റ്റ് 15ന് അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയ ശേഷം ഐസിസ് നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ ആക്രമണത്തിന് പിന്നിലും ഐസിസ് തന്നെയാകുമെന്നാണ് കരുതുന്നത്. ഐസിസിനെതിരെ ശക്തമായ പടനീക്കം താലിബാന്‍ ആരംഭിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കിഴക്കന്‍ അഫ്ഗാനിലെ നങ്കര്‍ഹാര്‍ പ്രവിശ്യയിലാണ് ഐസിസ് ഭീകരരുടെ ശക്തി കേന്ദ്രം. താലിബാനെതിരെ ഇവര്‍ നടത്തുന്ന ആക്രമണം രാജ്യത്ത് വീണ്ടും യുദ്ധ ഭീതിക്ക് കാരണമായിട്ടുണ്ട്. ജലാലാബാദ് ഉള്‍പ്പെടെയുള്ള അഫ്ഗാനിലെ വിവിധ കേന്ദ്രങ്ങളില്‍ ഐസിസ് ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും തലസ്ഥാനമായ കാബൂളില്‍ ആദ്യമാണ്.
സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം
20 വര്‍ഷത്തോളം അമേരിക്കന്‍ അധിനിവേശത്തിലായിരുന്നു അഫ്ഗാന്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് 31നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടത്. താലിബാന്‍ ഭരണം പിടിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ സര്‍ക്കാരിന് അന്തരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിച്ചിട്ടില്ല. അതേസമയം, ഖത്തര്‍, തുര്‍ക്കി, ചൈന, പാകിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ സഹായം താലിബാന്‍ സര്‍ക്കാരിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications