ബോംബെ ജയശ്രീക്ക് മസ്തിഷ്ക രക്തസ്രാവം: ബ്രിട്ടണിലെ ആശുപത്രിയില്‍ സർജറിക്ക് വിധേയയാക്കി
പ്രശസ്ത കർണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുകെ പര്യടനത്തിനിടയിലാണ് സംഭവം. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്നാണ് സംഗീത പ്രതിഭയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമല്ലെന്നും ഒരു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുകയാണെന്നുമാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ യോക്കോ ലെനൻ സെന്ററിൽ നടക്കുന്ന സംഗീതപരിപാടിക്കാണ് ജയശ്രീ ബ്രിട്ടനിലെത്തിയത്. ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുന്നതിനിടെ രോഗം മൂർച്ഛിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ജയശ്രീയെ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയശ്രീയെ കീ ഹോൾ ശസ്‌ത്രക്രിയയ്ക്ക് വിധേയയാക്കിരിക്കുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

"ബോംബെ ജയശ്രീക്ക് യുകെയില്‍ ഒരു ആരോഗ്യപ്രശ്നം നേരിടേണ്ടി വന്നു. തന്റെ സംഗീതക്കച്ചേരികൾക്കായി എത്തിയതായിരുന്നു അവർ. അസുഖം ബാധിച്ച ഉടന്‍ തന്നെ സമയബന്ധിതമായ വൈദ്യസഹായം ലഭിച്ചു. അവരോടൊപ്പം ഉണ്ടായിരുന്ന എൻഎച്ച്എസിലെ കഴിവുറ്റ സ്റ്റാഫുകള്‍ക്കും കലാകാരന്മാരും നന്ദി പറയുന്നു. അവൾ നിലവിൽ സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു. അവൾക്ക് കുറച്ച് ദിവസത്തേക്ക് വിശ്രമം ആവശ്യമാണ്," - കുടുംബം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
പത്മശ്രീ പുരസ്‌കാര ജേതാവിന്റെ കുടുംബം സ്വകാര്യതയെക്കുറിച്ച് അഭ്യർത്ഥിക്കുകയും "സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ" അവഗണിക്കാൻ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പിന്നണി ഗാനം ആരംഭിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ബോംബെ ജയശ്രീ.
2006-ൽ പുറത്തിറങ്ങിയ "വേട്ടയാടു വിളയാടു" എന്ന തമിഴ് സിനിമയിലെ "പാർത്ഥ മുദൽ", 2008ലെ "ധാം ധൂം" എന്ന ചിത്രത്തിലെ "യാരോ മനത്തിലെ", "രഹ്‌നാ ഹേ തെരേ ദിൽ മേം" എന്ന ചിത്രത്തിലെ "സാരാ സര ബേഹക്താ ഹേ". ആംഗ് ലീയുടെ "ലൈഫ് ഓഫ് പൈ" എന്ന ചിത്രത്തിലെ "പൈ ലാലേബി" തുടങ്ങിയ ബോംബൈ ജയശ്രീയുടെ ശ്രദ്ധേയ ഗാനങ്ങളില്‍ ചിലത് മാത്രമാണ്.












Click it and Unblock the Notifications