6 മില്യണ്‍ ലോട്ടറിയടിച്ചു, മനസ്സമാധാനമില്ലാതായെന്ന് ബ്രിട്ടീഷുകാരന്‍, നാടുവിട്ടു, സംഭവം ഇങ്ങനെ
ലണ്ടന്‍: ലോട്ടറിയടിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാവുമോ? തീര്‍ച്ചയായും ഉണ്ടാവാം. കേരളത്തില്‍ തന്നെ അനൂപ് എന്ന ചെറുപ്പക്കാരന് ലോട്ടറിയടിച്ചതിനെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ പോലും കയറാന്‍ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. സാമ്പത്തിക സഹായം ചോദിച്ച് വരുന്നവരായിരുന്നു ഇതിനൊരു പ്രധാന കാരണം. അത്തരമൊരു അനുഭവം ബ്രിട്ടനിലെ ഒരു ലോട്ടറി ജേതാവിനും ഉണ്ടായിരിക്കുകയാണ്.
ലോട്ടറിയടിച്ചതോടെ രാജ്യത്ത് നിന്ന് തന്നെ ഓടി രക്ഷപ്പെടേണ്ടി വന്ന അവസ്ഥയിലേക്കാണ് ഒരു യുവാവ് എത്തിപ്പെട്ടിരിക്കുന്നത്. ജീവിതം ശരിക്കും നരകതുല്യമായെന്ന് പറയുകയാണ് ഇയാള്‍. എന്തുകൊണ്ടാണ് ഇത്ര വലിയ പ്രശ്‌നങ്ങള്‍ തനിക്ക് ലോട്ടറിയടിച്ചതോടെ ഉണ്ടായതെന്നും യുവാവ് വിശദീകരിക്കുന്നു.

നാഷണല്‍ ലോട്ടറിയില്‍ നേട്ടം
ബ്രിട്ടീഷ് നാഷണല്‍ ലോട്ടറി നറുക്കെടുപ്പിലാണ് റോജര്‍ റോബര്‍ എന്ന യുവാവിന് സമ്മാനമടിച്ചത്. ആറ് മില്യണ്‍ യൂറോയായിരുന്നു സമ്മാനത്തുക. എന്നാല്‍ ഇപ്പോള്‍ ശ്വാസം മുട്ടിയാണ് താന്‍ ജീവിക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ആളുകള്‍ തുടരെ തേടിയെത്തിയതാണ് റോജറിന്റെ ജീവിതത്തിലെ സ്വസ്ഥത നശിപ്പിച്ചത്.
ഒടുവില്‍ ബ്രിട്ടന്‍ വിട്ട് പോവേണ്ടി വന്നിരിക്കുകയാണ് റോജറിന്. സമ്മാനത്തുകയുടെ 25 ശതമാനത്തോളം ആഴ്ച്ചകള്‍ക്കുള്ളിലാണ് റോജറിന് നഷ്ടമായത്. അതെല്ലാം ലോട്ടറി അടിച്ചതിലൂടെ തന്റെ ജീവിതത്തിൽ സംഭവിച്ച വിഷമകരമായ കാര്യങ്ങളാണെന്ന് റോജർ പറയുന്നു.
ജീവിതത്തില്‍ ആകെ ദുരന്തങ്ങള്‍
ജീവിതത്തില്‍ തുടരെ പ്രതിസന്ധികളാണ് ലോട്ടറി അടിച്ചതിന് ശേഷം ഉണ്ടായതെന്ന് റോജര്‍ പറയുന്നു. തന്റെ വിവാഹ ജീവിതം തകര്‍ന്നു. കുട്ടികള്‍ ഉണ്ടായില്ല. എല്ലാം മനസ്സമാധാനം ഇല്ലാതായതോടെ സംഭവിച്ചതാണെന്ന് റോജര്‍ സമ്മതിക്കുന്നു. ഫ്രാന്‍സിലാണ് ഇപ്പോള്‍ റോജര്‍ താമസിക്കുന്നത്.
1.5 മില്യണാണ് പണം ആവശ്യപ്പെട്ട് വന്ന തീര്‍ത്തും അപരിചിതരായവര്‍ക്ക് റോജറിന് നല്‍കേണ്ടി വന്നത്. ലോട്ടറി അടിച്ച കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് പലരും ഇയാളെ തേടി വന്നത്. ആളുകളുടെ ശല്യം പിന്നീട് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തേക്ക് വളരുകയായിരുന്നു.
എല്ലായിടത്തും അപരിചിതര്‍
ഒരു പരിചയവും ഇല്ലാത്തവരാണ് റോജറിനെ കാണാനായി നിത്യവും വന്ന് കൊണ്ടിരുന്നത്. റെസ്‌റ്റോറന്റിലാണ് ആദ്യം വരാന്‍ തുടങ്ങിയത്. പിന്നീട് തെരുവില്‍ തടഞ്ഞ് നിര്‍ത്താന്‍ തുടങ്ങി. കാറിന് നേരെ ഓടി വരാന്‍ തുടങ്ങി. കുറേ പേര്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി. വീടിന് പുറത്ത് കാത്തുനിന്ന് ശല്യം ചെയ്തവര്‍ വേറെ, എല്ലാവരും ചേര്‍ന്ന് റോജറിനെ ശരിക്കും സമ്മര്‍ദത്തിലാക്കുകയായിരുന്നു.
''ജനങ്ങള്‍ ഇത്രത്തോളം ദാരിദ്ര്യത്തിലാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അവര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എന്നെ അവര്‍ ശ്വാസം മുട്ടിച്ച് കളഞ്ഞു''. ഈ പണം ലോകത്തിന് മുഴുവനായി നല്‍കാനാവില്ലെന്നും റോജര്‍ പറഞ്ഞു.
അപ്രതീക്ഷിതമായി എത്തിയവരും
പാവപ്പെട്ടവര്‍ മാത്രമായിരുന്നില്ല റോജറിനെ തേടിയെത്തിയവര്‍. അക്കൗണ്ടന്റുമാര്‍, അഭിഭാഷകര്‍, സംഗീതജ്ഞര്‍ എന്നിവര്‍ പോലും പണം ചോദിച്ച് എത്തിയിരുന്നു. തെരുവില്‍ വെച്ച് പലപ്പോഴും റോജറിനെ പലരും പിന്തുടര്‍ന്നു. വീട് വരെ അത് തുടര്‍ന്നു. തന്റെ കൈയ്യില്‍ ഒന്നുമില്ലെന്ന് പറഞ്ഞിട്ടും പലരും വിട്ടില്ലെന്ന് റോജര്‍ പറയുന്നു.
മകളുടെ വിവാഹത്തിന് വേണ്ടിയായിരുന്നു റോജർ ലോട്ടറി എടുക്കാന്‍ തുടങ്ങിയത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം ഒരുപാട് മികച്ചതായേനെ, മികച്ചൊരു ഷെഫായി താന്‍ മുന്നോട്ട് പോയേനെയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടാൻ പോലും റോജര്‍ ഇഷ്ടപ്പെടുന്നില്ല.












Click it and Unblock the Notifications