വിദേശ രാജ്യത്തിന്റെ ഇടപെടലില്‍ ആശങ്ക: യുഎന്നില്‍ ഇന്ത്യയെ പരോക്ഷമായി ലക്ഷ്യമിട്ട് കാനഡ
ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കാനഡ. വിദേശ ഇടപെടലുകളില്‍ ആശങ്കയുണ്ടെന്ന് യുഎന്നിലെ കനേഡിയന്‍ അംബാസിഡര്‍ ബോബ് റേ പറഞ്ഞു. സ്വന്തം മണ്ണിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന സൂചന കൂടി ബോബ് റേ നല്‍കി. കനേഡിയന്‍ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ ഖലിസ്ഥാന്‍ തീവ്രവാദിയുടെ കൊലപാതകത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സമാനമായിരുന്നു റേയുടെ പരാമര്‍ശങ്ങള്‍.
വിദേശ ഇടപെടലുകളെ തുടര്‍ന്ന് ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന് കനേഡിയന്‍ അംബാസിഡര്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രാഷ്ട്രങ്ങള്‍ തമ്മിലുള്ള നിയമങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തന്നെ സമത്വത്തിന്റെ കാര്യത്തിലും നമ്മള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹത്തിന്റെ മൂല്യങ്ങള്‍ നമ്മള്‍ നിലനിര്‍ത്തേണ്ടതുണ്ട്.

രാഷ്ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ നിയമങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍ പ്രശ്‌നങ്ങളാണ്. ലോകത്ത് എല്ലായിടത്തും ജനാധിപത്യം ഭീഷണി നേരിടുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? അതെല്ലാം വൈദേശിക ഇടപെടല്‍ കാരണമാണ്. നമ്മള്‍ തീരുമാനിച്ചുറപ്പിച്ച നിയമങ്ങള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍, സുതാര്യവും സ്വതന്ത്രവുമായ സമൂഹത്തില്‍ തന്നെ വിള്ളല്‍ വീഴുമെന്നും ബോബ് റേ പറഞ്ഞു.
നേരത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും കാനഡയ്ക്ക് പരോക്ഷ മറുപടിയുമായി രംഗത്തെത്തിയിരുന്നു. തീവ്രവാദം, അക്രമം എന്നിവയോട് വിട്ടുവീഴ്ച്ച പാടില്ലെന്ന് കാനഡയ്ക്കുള്ള മറുപടിയായി ജയശങ്കര്‍ പറഞ്ഞിരുന്നു. മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദിപ് സിംഗ് നിജ്ജാറിനെ വധിച്ചത് ആറ് പേര്‍ ചേര്‍ന്നാണെന്ന് റിപ്പോര്‍ട്ട്. ലഭ്യമായ ദൃശ്യങ്ങളുടെയും, മൊഴികളുടെയും അടിസ്ഥാനത്തില്‍ യുഎസ് മാധ്യമമായി വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ 18നായിരുന്നു നിജ്ജാറിനെ വധിച്ചത്.
ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനായക് സിഖ് ഗുരുദ്വാരയ്ക്ക് സമീപത്ത് വെച്ചായിരുന്നു നിജ്ജാറിന്റെ കൊലപാതകം നടന്നത്. രണ്ട് വാഹനങ്ങളും, ആറ് പുരുഷന്മാരും കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങള്‍ ഗുരുദ്വാരയുടെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
നിജ്ജാറിന്റെ ശരീരത്തില്‍ 34 വെടിയുണ്ടകള്‍ തുളച്ചു കയറിയെന്നാണ് റിപ്പോര്‍ട്ട്. ഗുരുദ്വാരയിലെ സന്നദ്ധ പ്രവര്‍ത്തകനായ ഭൂപീന്ദര്‍ സിംഗാണ് ദൃക്‌സാക്ഷി. ഇത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് വെടിയൊച്ച കേള്‍ക്കുന്നത്. നിജ്ജാറിന്റെ ട്രക്കിന് സമീപത്തേക്ക് ഓടിയെത്തിയ ആദ്യത്തേയാളും ഭൂപീന്ദറായിരുന്നു. ഇയാള്‍ എത്തുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.












Click it and Unblock the Notifications