വെടിനിർത്തല്‍ അവസാനിച്ചു: ഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേല്‍, നിരവധി മരണങ്ങള്‍
ജറുസലേം: ഇസ്രയേലും ഹമാസും തമ്മിലുള്ള ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ അവസാനിച്ചതിന് തൊട്ടുപിന്നാലെ വെള്ളിയാഴ്ച ഗാസയിൽ സംഘർഷം. വെടിനിർത്തല്‍ കരാർ റദ്ദായി മിനിറ്റുകൾക്ക് ശേഷം ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി പേർ മരണപ്പെട്ടതായി പലസ്തീൻ പ്രദേശത്തെ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ആദ്യത്തെ 90 മിനിറ്റിനുള്ളിൽ തന്നെ ഓട്ടോമാറ്റിക് ആയുധങ്ങളുടെ വെടിവയ്പ്പും സ്ഫോടനങ്ങളുമാണ് നടന്നത്. നിലവിൽ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഫൈറ്റർ ജെറ്റുകൾ ആക്രമണം നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചു. കൂടാതെ പ്രദേശത്തിന്റെ വടക്കും തെക്കും വ്യോമാക്രമണം ശക്തമായതി എ എഫ് പി മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നു.

പ്രദേശത്തിന്റെ വടക്ക് ഭാഗം വിടാൻ ഇസ്രായേൽ സേന ആവശ്യപ്പെട്ടതിനെ തുടർന്ന് നിരവധി പലസ്തീനികൾ പലായനം ചെയ്തു. ആക്രമണത്തിൽ നഗരത്തിൽ നാല് കുട്ടികളടക്കം ഒമ്പത് പേരെങ്കിലും കൊല്ലപ്പെട്ടതായി തെക്കൻ ഗാസയിലെ റഫയിലെ അൽ-നജർ ആശുപത്രി ഡയറക്ടർ മർവാൻ അൽ-ഹംസ് പറഞ്ഞു. ഗാസ സിറ്റിയിൽ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതായി നഗരത്തിലെ അൽ-അഹ്‌ലി ആശുപത്രിയിലെ ഡോക്ടർ ഫാദൽ നയിമും സ്ഥിരീകരിച്ചു.
ഗാസ നഗരത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത പോരാട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, "യുദ്ധം പുനരാരംഭിക്കുന്നതിനും" "ഗാസ മുനമ്പിനെ പ്രതിരോധിക്കുന്നതിനും" സംഘത്തിന്റെ സായുധ വിഭാഗത്തിന് ഉത്തരവ് ലഭിച്ചതായി ഹമാസുമായി അടുത്ത വൃത്തങ്ങൾ എ എഫ് പിയോട് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ നവംബർ 24 നായിരുന്നു വെടിനിർത്തല്‍ കരാർ സാധ്യമായത്.
ഹമാസ് വെടിനിർത്തൽ ലംഘിച്ചതിനെ തുടർന്ന് യുദ്ധം പുനരാരംഭിച്ചുവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിക്കുന്നത്. "യുദ്ധം പുനരാരംഭിക്കുമ്പോൾ യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇസ്രായേൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, ഗാസ ഇനി ഒരിക്കലും ഇസ്രായേൽ നിവാസികൾക്ക് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യങ്ങള്‍" ഇസ്രായേൽ പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.
സംഘർഷം പുനരാരംഭിച്ച് മണിക്കൂറിനുള്ളിൽ ഗാസയ്ക്ക് സമീപമുള്ള നിരവധി കമ്മ്യൂണിറ്റികൾക്ക് ചുറ്റും മിസൈൽ ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങി. കൂടാതെ സ്‌കൂളുകൾ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ പ്രദേശത്ത് പുനരാരംഭിക്കുകയാണെന്നും ഇസ്രായേൽ അധികൃതർ അറിയിച്ചു.












Click it and Unblock the Notifications