'പ്രീണനം ഒരിക്കലും സമാധാനം കൊണ്ടുവരില്ല'; യുഎസുമായി കരാറുണ്ടാക്കുന്ന രാജ്യങ്ങൾക്ക് ചൈനയുടെ മുന്നറിയിപ്പ്
ബീജിംഗ്: യുഎസ് തീരുവ നയത്തിൽ വീണ്ടും വിമർശനവുമായി ചൈന രംഗത്ത്. തങ്ങളുടെ ചിലവിൽ അമേരിക്കയുമായി വ്യാപാര കരാറുകൾ ഉണ്ടാക്കുന്ന മറ്റ് രാജ്യങ്ങളെ ശക്തമായി എതിർക്കുന്നുവെന്നാണ് ചൈന നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ഡൊണാൾഡ് ട്രംപിന്റെ നിലവിലെ തീരുവ നയത്തിൽ ചൈന തുടർച്ചയായി എതിർപ്പ് അറിയിച്ചിരുന്നു.
അതിനിടെ അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള തീരുവ ഇളവുകൾക്ക് പകരമായി ചൈനയുമായുള്ള വ്യാപാരം പരിമിതപ്പെടുത്താൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാൻ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ പ്രസ്‌താവന വന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. റോയിറ്റേഴ്‌സ് ആണ് അമേരിക്കൻ നീക്കത്തിന് കുറിച്ചുള്ള റിപ്പോർട്ടുകൾ പങ്കുവയ്ക്കുന്നത്.

വിഷയത്തിൽ ശക്തമായ മുന്നറിയിപ്പാണ് ലോക രാജ്യങ്ങൾക്ക് ചൈന നൽകിയിരിക്കുന്നത്. അമേരിക്കയുമായി തങ്ങളുടെ താൽപ്പര്യങ്ങൾക്ക് വിട്ടുവീഴ്‌ച ചെയ്യുന്ന ഒരു കരാറിന് ശ്രമിക്കരുതെന്ന് ചൈന മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി, അത്തരം രാജ്യങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
'പ്രീണനം ഒരിക്കലും സമാധാനം കൊണ്ടുവരില്ല, വിട്ടുവീഴ്‌ചയെ മാനിക്കില്ല' ചൈനീസ് വാണിജ്യ മന്ത്രാലയത്തിന്റെ വക്താവ് പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കി. മറ്റുള്ളവരുടെ താൽപ്പര്യങ്ങൾ ബലികഴിച്ച് സ്വന്തം താൽക്കാലിക സ്വാർത്ഥ താൽപ്പര്യങ്ങൾ തേടുന്നത് തെറ്റായ കാര്യമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി.
തീരുവ പ്രതിസന്ധി നിലനിൽക്കെ അമേരിക്കയുമായി വ്യാപാര കരാറുകൾ ഉണ്ടാക്കുന്ന രാജ്യങ്ങൾക്ക് ചൈന മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്. അത്തരമൊരു സമീപനം ആത്യന്തികമായി രണ്ട് വശങ്ങളിലും പരാജയപ്പെടുകയും മറ്റുള്ളവർക്ക് ദോഷം വരുത്തുകയും ചെയ്യുമെന്നാണ് ചൈന നൽകുന്ന മുന്നറിയിപ്പ്. തീരുവ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന പ്രഖ്യാപനം കൂടിയാണ് ചൈനയുടെ പുതിയ നിലപാട്.
ലോകത്തിലെ പ്രധാന രാജ്യങ്ങൾ ചിലതിന് 10 ശതമാനം തീരുവ ചുമത്തിയപ്പോൾ, ചൈനയ്ക്ക് മേൽ യുഎസ് പല ഉൽപ്പന്നങ്ങൾക്കും 145 ശതമാനം വരെ തീരുവയാണ് ചുമത്തുന്നത്. യുഎസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തിയാണ് ബീജിംഗ് ഇതിനോട് തിരിച്ചടിച്ചത്. ഇത് വ്യാപാര യുദ്ധത്തിനുള്ള സാധ്യതകളാണ് തുറന്നിടുന്നത്.
എന്നാൽ ആഗോള തലത്തിലെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സമ്പൂർണ വ്യാപാര യുദ്ധത്തിനിടയിൽ, ചൈനയ്ക്ക് മേലുള്ള തീരുവ വർധിപ്പിക്കുന്നത് തുടരാൻ താൻ മടിക്കുന്നതായി ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. കാരണം ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഒന്നാകെ സ്‌തംഭിപ്പിക്കാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
അതിനിടയിൽ കരാറിൽ മധ്യസ്ഥത വഹിക്കാൻ ചൈന ആവർത്തിച്ച് തന്നെ ബന്ധപ്പെടുന്നുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത്. മറുവശത്ത് ചൈന യുഎസിനെതിരെ പലപ്പോഴായി ശക്തമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ആദ്യഘട്ടത്തിൽ തന്നെ യുഎസിന്റ തീരുവ നയത്തിനെ ചൈന എതിർത്തിരുന്നു.
അമേരിക്കൻ തീരുവകൾ മുഴുവൻ ലോകത്തിനും എതിരാണെന്നും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ബഹുമുഖ വ്യാപാര സംവിധാനത്തെ ഗുരുതരമായി തകർക്കുമെന്നുമാണ് ചൈന പറയുന്നത്. അതിനിടെ ജപ്പാൻ അടക്കമുള്ള ചില രാജ്യങ്ങൾ നിലവിൽ തീരുവ കുറയ്ക്കുന്നതിനായി അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെടുന്നുണ്ട്. എങ്കിലും ചൈന വിട്ടുവീഴ്‌ചയ്ക്ക് തയ്യാറായിട്ടില്ല.
ചൈനയുമായുള്ള വ്യാപാരം നിയന്ത്രിക്കുന്നതിന്, സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് ഉൾപ്പെടെ, യുഎസിൽ നിന്ന് തീരുവ കുറയ്ക്കലുകളോ അതുമായി ബന്ധപ്പെട്ട ഇളവുകളോ തേടുന്ന രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ഇതാണ് ചൈനയെ പ്രകോപിപ്പിക്കുന്ന കാര്യം.












Click it and Unblock the Notifications