വീണ്ടും പ്രകോപനം; അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന
ബീജിംഗ്: അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി ചൈന. തങ്ങളുടെ അധീനതയിലുള്ള സൗത്ത് ടിബറ്റ് എന്ന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേരാണ് മാറ്റിയത് എന്നാണ് ചൈന അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി തുടരുന്ന ബീജിംഗ്-ദല്‍ഹി അസ്വാരസ്യത്തിന്റെ തുടര്‍ച്ചയായാണ് ചൈനീസ് പ്രകോപനം. സംഭവത്തില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇന്ന് പ്രതികരണം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ട്.
പര്‍വത മേഖലകള്‍, നദികള്‍, ജനവാസ മേഖലങ്ങള്‍ എന്നിവടുടെ പേരാണ് ചൈന ഏകപക്ഷീയമായി പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി വരുന്നത്. നേരത്തെ 2017 ഏപ്രിലിലും 2021 ഡിസംബറിലും ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് ഏകപക്ഷീയമായി പുനര്‍നാമകരണം ചെയ്തിരുന്നു. അടുത്ത കാലത്തായി മേഖലയില്‍ ചൈന തുടരുന്ന പ്രകോപനത്തിന്റെ തുടര്‍ച്ചയാണ് പുതിയ നടപടിയും.

ഭൂമിശാസ്ത്രപരമായ പേരുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കാബിനറ്റ് ചട്ടങ്ങള്‍ അനുസരിച്ച് തങ്ങളുടെ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്കൊപ്പം, തെക്കന്‍ ടിബറ്റിലെ ചില ഭൂമിശാസ്ത്രപരമായ പേരുകള്‍ സ്റ്റാന്‍ഡേര്‍ഡ് ചെയ്തിട്ടുണ്ട് എന്നാണ് ചൈനയുടെ സിവില്‍ കാര്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ ഹ്രസ്വ പ്രസ്താവനയില്‍ പറയുന്നത്.
ചൈനീസ് മാപ്പുകളില്‍ ടിബറ്റനിലെ സ്ഥലങ്ങളുടെ പേരുകള്‍ ഇനി മുതല്‍ പിന്‍യിനിലും ലഭ്യമാകും എന്നാണ് ഇതിനര്‍ത്ഥം. രണ്ട് ഭൂപ്രദേശങ്ങള്‍, രണ്ട് ജനവാസമേഖലകള്‍, അഞ്ച് പര്‍വതങ്ങള്‍, രണ്ട് നദികള്‍ എന്നിവയുടെ പേരാണ് മാറ്റിയിരിക്കുന്നത്. ഇവിടങ്ങളില്‍ വീണ്ടും പേര് മാറ്റുമെന്ന് ബീജിംഗിലെ ചൈന ടിബറ്റോളജി റിസര്‍ച്ച് സെന്ററിലെ വിദഗ്ധനായ ലിയാന്‍ സിയാങ്മിന്‍ ടാബ്ലോയിഡിനോട് പറഞ്ഞു.
ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണ് സാങ്‌നാന്‍ എന്ന് ബീജിംഗ് അവകാശപ്പെടുന്നു. അതേസമയം അരുണാചല്‍ പ്രദേശ് തങ്ങളുടെ അവിഭാജ്യഘടകമാണ് എന്നാണ് മുന്‍കാലങ്ങളിലും ഇന്ത്യ സ്വീകരിച്ച നിലപാട്. 2021-ല്‍ ചൈനയുടെ നീക്കം ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ പദവിയെ മാറ്റില്ലെന്നും ഇന്ത്യ പറഞ്ഞു.
2020 മെയ് മുതല്‍ ഇന്ത്യയും ചൈനയും ലഡാക്ക് മേഖലയില്‍ തര്‍ക്കത്തിലാണ്. ഇതിനെ തുടര്‍ന്ന് ഉഭയകക്ഷി ബന്ധം ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇരുരാജ്യങ്ങളും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്. 2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications